സുരക്ഷ ഭീഷണി: 1.4 ലക്ഷം ചൈനീസ് നിർമിത സി.സി.ടി.വി കാമറകൾ നീക്കം ചെയ്യാൻ ഡൽഹി സർക്കാർ

സുരക്ഷ ഭീഷണി: 1.4 ലക്ഷം ചൈനീസ് നിർമിത സി.സി.ടി.വി കാമറകൾ നീക്കം ചെയ്യാൻ ഡൽഹി സർക്കാർ

M
MadhyamamSource Link
ന്യൂഡൽഹി: ഡൽഹിയിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ഒന്നര ലക്ഷത്തോളം ചൈനീസ് നിർമിത സി.സി.ടി.വി കാമറകൾ നീക്കം ചെയ്യാൻ സർക്കാർ തീരുമാനം. സുരക്ഷ പ്രശ്നങ്ങളും വിവരചോർച്ചക്കുള്ള ഭീഷണിയും മുൻനിർത്തിയാണ് ഈ നടപടി. നഗരത്തിലെ ആകെ നിരീക്ഷണ സംവിധാനത്തിന്റെ പകുതിയോളം വരുന്ന ചൈനീസ് കമ്പനിയായ 'ഹിക്വിഷൻ' നിർമിച്ച കാമറകളാണ് ഘട്ടംഘട്ടമായി മാറ്റുന്നത്. പി.ഡബ്ല്യു.ഡി മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ പർവേശ് വർമയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ 2,74,389 കാമറകളാണ് നഗരത്തിലുള്ളത്. ഇതിൽ 2020 സെപ്റ്റംബറിനും 2022 നവംബറിനുമിടയിൽ ഒന്നാം ഘട്ടത്തിൽ സ്ഥാപിച്ച 51 ശതമാനത്തോളം വരുന്ന 1,40,000 കാമറകൾ ചൈനീസ് നിർമിതമാണ്. ഇവ സുരക്ഷ വെല്ലുവിളി ഉയർത്തുന്നുവെന്നും നഗരത്തിലുടനീളം ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും മുൻ സർക്കാർ ഇതിന്റെ പ്രത്യാഘാതങ്ങൾ ആലോചിക്കാതെയാണ് കാമറകൾ സ്ഥാപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, 2025 ജൂണിനുശേഷം രണ്ടാം ഘട്ടത്തിൽ സ്ഥാപിച്ച 1,34,389 കാമറകൾ ചൈനീസ് നിർമിതമല്ല. സർക്കാർ തീരുമാനത്തിനെതിരെ ആം ആദ്മി പാർട്ടി (എ.എ.പി) രംഗത്തെത്തിയിട്ടുണ്ട്. ഹിക്വിഷൻ കാമറകൾ മെട്രോ റെയിൽ അടക്കമുള്ള കേന്ദ്ര സർക്കാർ പദ്ധതികളിൽ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് എ.എ.പി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് പറഞ്ഞു. കാമറകൾക്ക് യഥാർഥത്തിൽ സുരക്ഷ ഭീഷണിയുണ്ടെങ്കിൽ എന്തുകൊണ്ടാണ് കേന്ദ്രം രാജ്യവ്യാപകമായി ഇവ നിരോധിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. നിലവിലുള്ള സംവിധാനങ്ങൾ മാറ്റി തങ്ങൾക്ക് താൽപര്യമുള്ള കമ്പനികൾക്ക് പുതിയ കരാറുകൾ നൽകാനുള്ള നീക്കമാണിതെന്നും എ.എ.പി ആരോപിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സുരക്ഷ ഭീഷണി: 1.4 ലക്ഷം ചൈനീസ് നിർമിത സി.സി.ടി.വി കാമറകൾ നീ… | Boolokam