കാട്ടാക്കട: ഊരൂട്ടമ്പലത്ത് സ്വകാര്യ സ്കൂള്‍ ബസിലെ താൽകാലിക ജീവനക്കാരിയോട് ബസ് കോഓഡിനേറ്റര്‍ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഊരൂട്ടമ്പലത്ത് പ്രതിഷേധം. തിങ്കളാഴ്ച രാവിലെ 11ഓടെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പൊലീസ് വഴിയില്‍ തടഞ്ഞു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്തതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. ഞായറാഴ്ച വൈകീട്ടോടെ സ്കൂളിലേക്ക് കല്ലെറിയാന്‍ ശ്രമിച്ചെന്ന മാനേജ്മെന്റിന്റെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ മാറനല്ലൂര്‍ പൊലീസ് കേസെടുത്തു. ഇവര്‍ പരാതിക്കാരിയായ സ്ത്രീയുടെ ബന്ധുവാണെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പ്രതിഷേധ മാര്‍ച്ചിനെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ രണ്ട് പേര് സ്കൂളിന് സമീപത്തേക്ക് ബൈക്കില്‍ പോകവേ മർദിച്ചുവെന്നും വാഹനം തകര്‍ത്തുവെന്നുമുള്ള പരാതിയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. തിങ്കളാഴ്ച വൈകീട്ട് ഊരൂട്ടമ്പലം ജങ്ഷനില്‍ പി.കെ.എസ്, കെ.എസ്.കെ.ടി.യു എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം ആനാവൂര്‍ നാഗപ്പന് ഉദ്ഘാടനം ചെയ്തു.
