മുംബൈ: ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന്റെ മകൻ ആരവ് ഭാട്ടിയ വെള്ളിത്തിരയിലേക്ക് എത്തുമെന്ന് കാത്തിരുന്ന ആരാധകരെ അമ്പരപ്പിച്ച് താരത്തിന്റെ വെളിപ്പെടുത്തൽ. തന്റെ മകന് സിനിമയിൽ അഭിനയിക്കാൻ തരിമ്പും താല്പര്യമില്ലെന്നും ഫാഷൻ ലോകത്ത് സ്വന്തമായൊരു പാത വെട്ടിത്തെളിക്കാനാണ് അവൻ ആഗ്രഹിക്കുന്നതെന്നും അക്ഷയ് കുമാർ പറഞ്ഞു. ഒരു പ്രമുഖ അഭിമുഖത്തിലാണ് മകന്റെ ജീവിതരീതിയെക്കുറിച്ച് താരം മനസ്സ് തുറന്നത്. മറ്റു സ്റ്റാർ കിഡുകളിൽ നിന്നും വ്യത്യസ്തമായി സിനിമയുടെ ഗ്ലാമർ ലോകത്തുനിന്നും അകന്നുനിൽക്കാനാണ് ആരവ് ഇഷ്ടപ്പെടുന്നത്. ‘അവന് ഫാഷൻ രംഗത്ത് പ്രവർത്തിക്കാനാണ് താല്പര്യം. അതിനായി വലിയ പദ്ധതികളാണ് അവൻ തയാറാക്കുന്നത്. അച്ഛന്റെ പാത പിന്തുടരുന്നതിന് പകരം താഴെത്തട്ടിൽ നിന്ന് കാര്യങ്ങൾ പഠിക്കാനാണ് ആരവ് ശ്രമിക്കുന്നത്’ അക്ഷയ് കുമാർ പറഞ്ഞു. അക്ഷയ് കുമാറിനെപ്പോലൊരു സൂപ്പർ താരത്തിന്റെ മകൻ എന്ന പ്രൗഢിയൊന്നുമില്ലാതെയാണ് ആരവ് തന്റെ കരിയർ തുടങ്ങിയിരിക്കുന്നത്. നിലവിൽ വെറും 4500 രൂപ ശമ്പളത്തിൽ ഒരു ജോലി ചെയ്യുകയാണ് ആരവ് എന്ന് അക്ഷയ് വെളിപ്പെടുത്തി. ഫാഷൻ ഡിസൈനിങ്ങിന്റെ പ്രാഥമിക പാഠങ്ങൾ പഠിക്കാനായി ഗ്രാമങ്ങൾ സന്ദർശിക്കുകയും അവിടുത്തെ പരമ്പരാഗത പ്രിന്റുകളെയും തുന്നൽ രീതികളെയും കുറിച്ച് നേരിട്ട് മനസ്സിലാക്കുകയുമാണ് അവൻ. പടിപടിയായി കാര്യങ്ങൾ പഠിച്ചു വരുന്നത് നല്ല കാര്യമാണെന്നും അക്ഷയ് കൂട്ടിച്ചേർത്തു. മകനെ ഉപദേശിച്ച് നന്നാക്കാൻ താൻ ശ്രമിക്കാറില്ലെന്ന് അക്ഷയ് പറയുന്നു. ‘മറ്റുള്ളവരെ ദ്രോഹിക്കരുത്, ആരെയും വേദനിപ്പിക്കരുത്. ഇത്രമാത്രമേ ഞാൻ അവനോട് പറയാറുള്ളൂ. ബാക്കിയെല്ലാം അവന്റെ ഇഷ്ടമാണ്. സ്വന്തം ജീവിതം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവനറിയാം,’ അക്ഷയ് വ്യക്തമാക്കി. അക്ഷയ് കുമാർ - ട്വിങ്കിൾ ഖന്ന ദമ്പതികളുടെ മൂത്ത മകനാണ് ആരവ്. 15-ാം വയസ്സിൽ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയ ആരവ് നിലവിൽ ലണ്ടനിലെ ഒരു സർവ്വകലാശാലയിൽ പഠിക്കുകയാണ്. കാമറകൾക്ക് മുന്നിൽ വരാൻ അധികം ഇഷ്ടപ്പെടാത്ത ആരവ് സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുകയാണ് പതിവ്. അതേസമയം, പ്രിയദർശൻ സംവിധാനം ചെയ്ത അക്ഷയ് കുമാറിന്റെ പുതിയ ചിത്രം 'ഭൂത് ബംഗ്ല' കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ജാക്കി ഷ്രോഫ്, രവീണ ടണ്ടൻ എന്നിവർക്കൊപ്പം അണിനിരക്കുന്ന 'വെൽകം ടു ദി ജംഗിൾ' ആണ് അക്ഷയിന്റെ അടുത്ത ചിത്രം. ജൂൺ 26ന് ചിത്രം റിലീസ് ചെയ്യും.

സ്റ്റാർ കിഡ് പദവി വേണ്ട, മണ്ണ് മണക്കുന്ന ഗ്രാമങ്ങളാണ് ഇഷ്ടം; 4500 രൂപ ശമ്പളത്തിൽ ജോലി ചെയ്യുന്ന മകനെക്കുറിച്ച് അക്ഷയ് കുമാർ
M
MadhyamamSource Link
22 days ago