ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സേന വിജയകരമായി തകർത്തു. ബുധൻ പുലർച്ചെയാണ് സംഭവം. മിസൈൽ ആകാശത്തുവെച്ച് തകർത്തതിനാൽ അവശിഷ്ടങ്ങൾ ജനവാസ മേഖലയിലെ രണ്ട് വീടുകൾക്ക് മുകളിൽ പതിച്ചു. സിവിൽ ഡിഫൻസ് വക്താവ് നൽകുന്ന വിവരമനുസരിച്ച്, നിർമാണത്തിലിരിക്കുന്ന ആളൊഴിഞ്ഞ ഒരു വീടിനും മറ്റൊരു വീടിനുമാണ് കേടുപാടുകൾ സംഭവിച്ചത്. ഭാഗികമായി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ട് വന്ന ബാലിസ്റ്റിക് മിസൈൽ ഇന്ന് പുലർച്ചയോടെ കണ്ടെത്തി നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി നേരത്തെ അറിയിച്ചിരുന്നു. സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂനിറ്റുകൾ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി. ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കാറുള്ള മുൻകരുതൽ നടപടികൾ ഉടനടി നടപ്പിലാക്കിയതായും അധികൃതർ വ്യക്തമാക്കി.

സൗദി കിഴക്കൻ പ്രവിശ്യയിൽ ബാലിസ്റ്റിക് മിസൈൽ തകർത്തു; അവശിഷ്ടങ്ങൾ പതിച്ച് വീടുകൾക്ക് കേടുപാടുകൾ
M
MadhyamamSource Link
about 2 months ago