റിയാദ്: വിശുദ്ധ ഹജ്ജ് തീർഥാടനത്തിനെത്തുന്ന പുണ്യഭൂമിയുടെ അതിഥികൾക്കായി അത്യാധുനികവും സുസജ്ജവുമായ മുൻസിപ്പൽ സേവന സംവിധാനങ്ങൾ ഒരുക്കിയതായി സൗദി മുൻസിപ്പൽ-പാർപ്പിട കാര്യ മന്ത്രി മാജിദ് അൽ ഹുഖൈൽ അറിയിച്ചു. ഹജ്ജ് ഒരുക്കങ്ങൾ വിശദീകരിക്കാൻ അഞ്ച് മന്ത്രിമാർ പങ്കെടുത്ത സംയുക്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം മന്ത്രാലയത്തിെൻറ കർമപദ്ധതികൾ വിശദീകരിച്ചത്. മുൻസിപ്പൽ സേവനങ്ങൾ കേവലം പരാതികൾക്ക് പിന്നാലെ പോകുന്ന രീതിയിൽ നിന്ന് മാറി, പ്രശ്നങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞു പരിഹരിക്കുന്ന ഒരു 'പ്രോ ആക്റ്റീവ്' സംവിധാനമായി മാറിയെന്ന് മന്ത്രി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ, ശുദ്ധജല ലഭ്യത, പൊതുസൗകര്യങ്ങളുടെ ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിലൂടെ തീർഥാടകരുടെ ആരോഗ്യം സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം. കഴിഞ്ഞ വർഷത്തെ ഹജ്ജ് സീസണിൽ ഒരൊറ്റ ഭക്ഷ്യവിഷബാധ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ഈ സംവിധാനത്തിന്റെ കാര്യക്ഷമതയ്ക്ക് തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 46 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന അത്യാധുനിക റോഡ് ശൃംഖലകൾ, പാലങ്ങൾ, തുരങ്കങ്ങൾ, ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവ തീർഥാടകർക്കായി സജ്ജമാണ്. വിശുദ്ധ സ്ഥലങ്ങളിൽ മാത്രം 20 പാലങ്ങളും 18 തുരങ്കങ്ങളുമാണ് മന്ത്രാലയം പരിപാലിക്കുന്നത്. മദീനയിൽ എത്തുന്ന തീർഥാടകർക്ക് വഴികാട്ടാൻ 950-ലേറെ ദിശാസൂചക ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ശുചിത്വ പ്രവർത്തനങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനുമായി 88,000-ലധികം ക്ലീനിംഗ് യൂണിറ്റുകൾ 24 മണിക്കൂറും കർമ്മനിരതമാണ്. പരിശോധനകൾക്കായി 66 ഫീൽഡ് സേവന കേന്ദ്രങ്ങളും 5 അത്യാധുനിക ലബോറട്ടറികളും പ്രവർത്തിക്കുന്നു. 22,000-ൽ അധികം ഫീൽഡ് ജീവനക്കാരുടെ സേവനം ഇത്തവണ ലഭ്യമാണ്. ഡിജിറ്റൽ സംവിധാനത്തിലൂടെ 29,000 പരാതികൾ വരെ ഒരേസമയം കൈകാര്യം ചെയ്യാനുള്ള ശേഷി നഗരസഭ കൈവരിച്ചിട്ടുണ്ട്. മദീനയിൽ മാത്രം 5,700 ജീവനക്കാരെയും 1,200 അത്യാധുനിക യന്ത്രസാമഗ്രികളെയുമാണ് സേവനത്തിനായി നിയോഗിച്ചിട്ടുള്ളത്. സൗദിയിലെ വിവിധ നഗരസഭകളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിലൂടെ, അതിർത്തി കടന്നെത്തുന്ന തീർഥാടകർക്ക് സുഗമമായ യാത്രയും താമസവും ഉറപ്പാക്കാൻ സാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
