മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങളുമായി ബന്ധപ്പെട്ട ബലി കൂപ്പൺ നിരക്കുകൾ സൗദി അറേബ്യ പ്രഖ്യാപിച്ചു. മൃഗബലി നടത്തുന്നതിനായുള്ള ‘അദാഹി’ പദ്ധതി പ്രകാരം ഒരു കൂപ്പണിന് 720 റിയാൽ ആണ് ഏകീകൃത വില നിശ്ചയിച്ചിരിക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള തീർഥാടകർക്ക് സുഗമമായും വിശ്വസനീയമായും ബലി കർമം നിർവഹിക്കാനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകും. ശരീഅത്ത് നിയമങ്ങൾ പാലിച്ചും കൃത്യമായ ആരോഗ്യ-സംഘടനാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. അംഗീകൃത പ്ലാറ്റ്ഫോമുകൾ, വിവിധ ബാങ്കുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ വഴി തീർഥാടകർക്ക് കൂപ്പണുകൾ വാങ്ങാവുന്നതാണ്. അദാഹി പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ്, നുസുക്, ഇഹ്സാൻ പ്ലാറ്റ്ഫോമുകൾ, സൗദി പോസ്റ്റ്, ഹദിയത് ഹജ്ജ് ആൻഡ് ഉംറ അസോസിയേഷൻ എന്നിവ വഴി കൂപ്പണുകൾ ലഭ്യമാണ്. കൂടാതെ സൗദി നാഷണൽ ബാങ്ക്, അൽ രാജ്ഹി ബാങ്ക്, സൗദി ഫ്രഞ്ച് ബാങ്ക് തുടങ്ങിയ ബാങ്കുകൾ വഴിയും ഈ സേവനം പ്രയോജനപ്പെടുത്താം. മൃഗങ്ങളുടെ വെറ്ററിനറി പരിശോധന, ബലി കശാപ്പ്, മാംസം വൃത്തിയാക്കി പാക്ക് ചെയ്യൽ, ശീതീകരണം തുടങ്ങിയവ മുതൽ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളും ഈ കൂപ്പൺ മൂല്യത്തിൽ ഉൾപ്പെടുന്നു. കർമങ്ങൾ പൂർത്തിയാക്കിയ ശേഷം മാംസം അർഹരായവരിലേക്ക് കൃത്യമായി എത്തുന്നുവെന്ന് ഉറപ്പാക്കുന്ന വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഹറം പരിധിയിലും പുണ്യസ്ഥലങ്ങളിലുമുള്ള ആവശ്യക്കാർക്ക് മാംസം വിതരണം ചെയ്ത ശേഷം, ബാക്കി വരുന്നവ സൗദിക്ക് അകത്തും ഇസ്ലാമിക ലോകത്തെ 25ഓളം രാജ്യങ്ങളിലുമുള്ള ദരിദ്രരിലേക്ക് എത്തിക്കും. വിദേശ രാജ്യങ്ങളിലെ വിതരണത്തിനായി സൗദി എംബസികളുമായും അതത് രാജ്യങ്ങളിലെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുമായും പദ്ധതി സഹകരിക്കുന്നുണ്ട്. മക്ക നഗരത്തിനും പുണ്യസ്ഥലങ്ങൾക്കുമുള്ള റോയൽ കമീഷെൻറ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അദാഹി പദ്ധതി പ്രവർത്തിക്കുന്നത്. തീർഥാടകർക്ക് സുരക്ഷിതവും സുതാര്യവുമായ സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹജ്ജ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവർത്തകർക്ക് മെനിംഗോ കോക്കൽ വാക്സിൻ നിർബന്ധം മക്ക: ഹജ്ജ് സീസണിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകരും ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പായി മെനിംഗോ കോക്കൽ വാക്സിനേഷൻ സ്വീകരിച്ചിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനുമുള്ള സുപ്രീം ഹജ്ജ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഈ നടപടിയെന്ന് മന്ത്രാലയ വക്താവ് അബ്ദുൽ അസീസ് അബ്ദുൽബാഖി വ്യക്തമാക്കി. തീർഥാടകർ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിൽ പടരാൻ സാധ്യതയുള്ള ഗുരുതരമായ അണുബാധകളിൽ നിന്ന് ഈ വാക്സിൻ സംരക്ഷണം നൽകും. ജീവനക്കാരുടെയും തീർഥാടകരുടെയും ആരോഗ്യ സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം അണുബാധ പടരാനുള്ള സാധ്യത കുറക്കാനും ഇത് സഹായിക്കും. അംഗീകൃത വാക്സിനുകളുടെ കാലാവധി അഞ്ച് വർഷമാണ്. അതിനാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വാക്സിൻ സ്വീകരിച്ചവർ, നിലവിലെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ വീണ്ടും കുത്തിവെപ്പ് എടുക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഹജ്ജ് സീസണുമായി ബന്ധപ്പെട്ട വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് വാക്സിനേഷൻ പൂർത്തിയാക്കുക എന്നത് പ്രധാന നിബന്ധനയാണ്. പ്രതിരോധ ശേഷി ഉറപ്പാക്കുന്നതിനായി ജോലി ആരംഭിക്കുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്. മെനിംഗോ കോക്കൽ വാക്സിനു പുറമെ, സീസണൽ ഫ്ലൂ വാക്സിൻ, കോവിഡ്-19 വാക്സിൻ എന്നിവയും പൂർത്തിയാക്കാൻ വക്താവ് നിർദേശിച്ചു. പ്രത്യേകിച്ച്, 2025 മുതൽ ലഭ്യമായ കോവിഡ്-19 വാക്സിന്റെ പുതുക്കിയ പതിപ്പ് സ്വീകരിക്കാത്തവർ ഒരു ബൂസ്റ്റർ ഡോസ് കൂടി എടുക്കേണ്ടതാണ്. ഹജ്ജ് വേളയിൽ ആരോഗ്യപരമായ തയ്യാറെടുപ്പുകൾ മികച്ച രീതിയിൽ നിലനിർത്തുന്നതിനും സമഗ്രമായ പ്രതിരോധം ഉറപ്പാക്കുന്നതിനും ഇത് അത്യാവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. തീർഥാടകർക്കും ആരോഗ്യപ്രവർത്തകർക്കും മുൻകൂട്ടി വാക്സിനേഷൻ എടുക്കാനുള്ള സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്.
