മക്ക: പുണ്യനഗരിയായ മിനയിൽ ഹജ്ജ് തീർഥാടകർക്കായി ഒരുക്കുന്ന താമസസൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ നേരിട്ടെത്തി വിലയിരുത്തി. തീർഥാടകരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും തമ്പുകളിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും കൂടുതൽ സുരക്ഷിതവും വ്യവസ്ഥാപിതവുമാക്കാൻ ഇതാദ്യമായി അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. തീർഥാടകരുടെ സഞ്ചാരപഥങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇലക്ട്രോണിക് സംവിധാനങ്ങൾ തമ്പുകളിൽ സജീവമാക്കുന്നത്. ഓരോ തമ്പുകളുടെയും കവാടങ്ങളിൽ തീർഥാടകർ പുറപ്പെടേണ്ട സമയം, തിരിച്ചെത്തേണ്ട സമയം, മറ്റ് പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന വിവര ബോർഡുകൾ സ്ഥാപിക്കും. ഇത് തീർഥാടകർക്ക് തങ്ങളുടെ യാത്രാ പദ്ധതികളെക്കുറിച്ച് കൃത്യമായ അവബോധം നൽകുന്നതിനും പുണ്യസ്ഥലങ്ങളിലെ തിരക്ക് കുറച്ച് സുരക്ഷ ഉറപ്പാക്കുന്നതിനും സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി. മിനയിലെ തമ്പുകളിൽ ഒരുക്കിയിരിക്കുന്ന ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളിൽ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. വിവിധ വകുപ്പുകൾ തമ്മിലുള്ള മികച്ച ഏകോപനത്തിെൻറയും മുൻകൂട്ടിയുള്ള ആസൂത്രണത്തിെൻറയും ഫലമാണിതെന്ന് അദ്ദേഹം പറഞ്ഞു. പുണ്യസ്ഥലങ്ങളിൽ പാർപ്പിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നത് തീർഥാടകർക്ക് കൂടുതൽ മികച്ച അനുഭവം പ്രദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷൻ 2030 ലക്ഷ്യത്തിലേക്ക് ഹജ്ജ് സീസണിന് മുന്നോടിയായി മന്ത്രാലയം നടത്തിവരുന്ന തുടർച്ചയായ ഫീൽഡ് മോണിറ്ററിങ്ങിെൻറ ഭാഗമായാണ് ഈ സന്ദർശനം. സൗദി വിഷൻ 2030-െൻറയും ‘ഗസ്റ്റസ് ഓഫ് ഗോഡ് സർവീസ്’ പ്രോഗ്രാമിെൻറയും ലക്ഷ്യങ്ങൾ മുൻനിർത്തി, തീർഥാടകർക്ക് ഏറ്റവും സുരക്ഷിതവും സുഗമവുമായ ഹജ്ജ് അനുഭവം ഉറപ്പാക്കുക എന്നതാണ് ഇത്തരം നവീകരണങ്ങളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഹജ്ജ് 2026: ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി; മിനയിലെ തമ്പുകളിൽ അത്യാധുനിക ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം
M
MadhyamamSource Link
18 days ago