ഹൈദരാബാദ്: തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെ ബീഫ് വിറ്റെന്നാരോപിച്ച് മുസ്‍ലിം വയോധികനെയും കൗമാരക്കാരനായ മകനെയും തീവ്രഹിന്ദുത്വ സംഘം ക്രൂരമായി മർദ്ദിച്ചു. മെട്പള്ളി ടൗണിലെ ഇബ്രാഹിംപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വർഷകൊണ്ട ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. അറുപതുകാരനായ മുഹമ്മദ് ഖുറേഷി, മകൻ മുഹമ്മദ് അനസ് (16) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. നിസാമാബാദിൽ നിന്ന് ഇറച്ചി ശേഖരിച്ച് ഗ്രാമങ്ങളിൽ വിൽപന നടത്തുന്നവരാണ് ഖുറേഷിയും മകനും. സംഭവത്തിന് തലേദിവസവും ഇവർ വിൽപന നടത്തിയിരുന്നെങ്കിലും ആരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ബുധനാഴ്ച കാവി വസ്ത്രം ധരിച്ചെത്തിയ 15-20 പേരടങ്ങുന്ന അക്രമിസംഘം ഇവരെ തടയുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുഹമ്മദ് അനസിനെ വലിച്ചിഴക്കുന്ന അക്രമികൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം. ഖുറേഷിയെ നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. "നിങ്ങൾക്ക് എന്തും വിൽക്കാമെന്നാണോ കരുതിയത്?" എന്ന് ചോദിച്ചുകൊണ്ടായിരുന്നു മർദ്ദനം. ജയ് ശ്രീറാം, ജയ് ശിവാജി വിളികളുമായി അക്രമിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പരിക്കേറ്റ ഇരുവരെയും പിന്നീട് തൂണിൽ കെട്ടിയിടുകയും ചെയ്തു. പൊലീസുകാർ സ്ഥലത്തെത്തിയപ്പോഴും "കാവി പതാക ഉയർത്തുമെന്നും ജാഗ്രത പാലിക്കണമെന്നും" പറഞ്ഞ് അക്രമികൾ ഭീഷണി മുഴക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും മെട്പള്ളി എസ്.ഡി.പി.ഒ അറിയിച്ചു. വീഡിയോ ദൃശ്യങ്ങളിൽ നിന്ന് നാലഞ്ചു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ ഖുറേഷിയും മകനും ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. 2026ന്റെ തുടക്കം മുതൽ തെലങ്കാനയിൽ മുസ്‍ലിങ്ങൾക്കെതിരായ വിദ്വേഷ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നത് വലിയ ആശങ്കയ്ക്കാണ് ഇടയാക്കുന്നത്.

ഹനുമാൻ ജയന്തി ആഘോഷത്തിനിടെ ബീഫ് വിറ്റെന്നാരോപിച്ച് പിതാവിനും മകനും നേരെ ക്രൂരമർദ്ദനം
M
MadhyamamSource Link
about 1 month ago