ബംഗളൂരു: കർണാടക ഹജ്ജ് ക്യാമ്പ് സന്ദർശിച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഹാജിമാർക്ക് യാത്രയയപ്പ് നൽകി. ഹജ്ജ് ഭവനിലെത്തിയ തങ്ങളെ കർണാടക ഹജ്ജ് കമ്മിറ്റി ചെയർമാൻ സുൽഫിക്കർ അഹ്മദ് ഖാൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. തീർഥാടകർക്കായി പ്രത്യേകം പ്രാർത്ഥന നടത്തിയ അദ്ദേഹം ഹാജിമാരുമായി സംവദിച്ചു. വിശുദ്ധ ഭൂമിയിലേക്കുള്ള ഓരോ ചുവടും പുണ്യമാണ്. പ്രപഞ്ചനാഥന്റെ അതിഥികളായി എത്തുന്ന തീർഥാടകർ ലോകസമാധാനത്തിനും മാനവികതക്കും വേണ്ടി പ്രാർഥിക്കണം. സേവന സന്നദ്ധരായ വളന്റിയർമാരുടെ പ്രവർത്തനം മാതൃകാപരമാണെന്നും അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. ബാംഗ്ലൂർ ഓൾ ഇന്ത്യ കെ.എം.സി.സി നേതൃത്വം നൽകുന്ന വിപുലമായ വളന്റിയർ സേവനവും ക്യാമ്പിൽ സജീവമാണ്. സ്ത്രീകളടക്കം അറുപതോളം എ.ഐ.കെ.എം.സി.സി വളന്റിയർമാരാണ് മുഴുവൻ സമയ സേവനത്തിനായി രംഗത്തുള്ളത്. എ.ഐ.കെ.എം.സി.സി പ്രസിഡന്റ് ടി. ഉസ്മാൻ, ജനറൽ സെക്രട്ടറി എം.കെ. നൗഷാദ്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം ചാവശ്ശേരി, ഹാജിബ, ട്രോമ കെയർ ചെയർമാൻ ടി.സി മുനീർ, നിസാർ പാടൂർ, ഷുക്കൂർ, റഹ്മാൻ തുടങ്ങിയവർ ചടങ്ങിലും സന്ദർശനത്തിലും പങ്കെടുത്തു.
