കൊച്ചി: ‘എറണാകുളത്തപ്പന് ഒരടി മണ്ണ്’ പദ്ധതിയിലൂടെ സമാഹരിച്ച പണം കൊണ്ട് വാങ്ങിയ ഭൂമിയടക്കം സ്വത്തിന്റെ ഭരണ നിർവഹണാവകാശം കൊച്ചിൻ ദേവസ്വം ബോർഡിനാണെന്ന് ഹൈകോടതി. വാങ്ങിയ ഭൂമി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ നിക്ഷിപ്തമാണ്. സ്വത്തിന്റെ പകുതിയായ 1.18 ഏക്കർ ഭൂമി നിലവിൽ എറണാകുളം ശിവക്ഷേത്ര സമിതിയുടെ കൈവശമാണ്. ഇനി മുതൽ സ്വത്ത് മുഴുവൻ ബോർഡാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. എറണാകുളത്തപ്പൻ മൈതാനവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച കേസടക്കം തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ജനങ്ങളിൽനിന്ന് ഫണ്ട് ശേഖരിച്ചതുമായി ബന്ധപ്പെട്ട് കോടതി ആവശ്യപ്പെട്ട രേഖകൾ സമിതി ഹാജരാക്കാത്തത് വെറും വീഴ്ച മാത്രമായി കാണാനാവില്ലെന്ന് കോടതി വിമർശിച്ചു. കോടതിയുടെ അനുമതിയോടെയാണ് പ്രതിഷ്ഠയുടെ പേരിൽ ജനങ്ങളിൽനിന്ന് ഫണ്ട് ശേഖരിച്ചത്. ട്രസ്റ്റിയുടെ സ്ഥാനത്തുള്ള സമിതിക്ക് ഫണ്ടിന്റെ കൃത്യമായ വിവരം നൽകാനും സുതാര്യത ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്തമുണ്ട്. സ്വത്തിന്റെ പകുതി ഓഹരി ക്ഷേത്ര ഉപദേശക സമിതി കൈവശം വെക്കുന്നത് അനുവദനീയമല്ല. ഇത് പദ്ധതിയുടെ ലക്ഷ്യത്തിന് വിരുദ്ധവും കോടതി ഉത്തരവിന്റെ ലംഘനവുമാണ്. ക്ഷേത്രത്തിന്റെ പേരിൽ മാത്രമായിരിക്കണം കരാറെന്ന് കോടതി നിർദേശിച്ചതാണ്. ജനങ്ങളിൽനിന്ന് ശേഖരിച്ച ഫണ്ടിന്റെ വിനിയോഗം കൃത്യമായി അക്കൗണ്ട് ചെയ്യാതെ രേഖകൾ മോഷ്ടിച്ചെന്ന ആരോപണമുന്നയിക്കുന്നത് നിലനിൽക്കത്തക്കതല്ല. മറച്ചുവെക്കലാണ് ലക്ഷ്യമെന്ന് വേണം കരുതാനെന്നും കോടതി വ്യക്തമാക്കി. ശേഖരിച്ച തുക കൃത്യമായി അക്കൗണ്ട് ചെയ്ത് ഓഡിറ്റ് ചെയ്യാൻ കൊച്ചിൻ ദേവസ്വം ബോർഡിന് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ക്രമക്കേട് കണ്ടെത്തിയാൽ പരാതി നൽകുകയും ഉത്തരവാദികൾക്കെതിരെ നിയമപ്രകാരം നടപടിയെടുക്കുകയും വേണം. സ്വത്ത് കൊച്ചിൻ ദേവസ്വം ബോർഡിന്റെ പേരിൽ പോക്കുവരവ് ചെയ്യണമെന്നും കോടതി നിർദേശിച്ചു.

‘എറണാകുളത്തപ്പന് ഒരടി മണ്ണ്’ ഭരണ നിർവഹണാവകാശം ദേവസ്വം ബോർഡിനെന്ന് ഹൈകോടതി; വാങ്ങിയ ഭൂമി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ നിക്ഷിപ്തമാണ്
M
MadhyamamSource Link
about 1 month ago