തിരുവനന്തപുരം: 11 നാൾ നീണ്ട അക്ഷമയോടെയുള്ള കാത്തിരിപ്പിനൊടുവിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ ആവേശം അലതല്ലി അണികൾ. ‘കണ്ണേ കരളേ വി.ഡി.എസ്സേ, ഞങ്ങടെ ചങ്കിലെ റോസാപൂവേ..’ എന്നാ മുദ്രാവാക്യം തൊണ്ടപൊട്ടുമാറുച്ചത്തിൽ മുഴക്കി അവർ ആഹ്ലാദം പങ്കിട്ടു. എങ്ങും മധുരംവിതരണവും പടക്കം പൊട്ടിക്കലുമായി സതീശൻ ക്യാമ്പ് ഉത്സവത്തിമിർപ്പിലാണ്. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഇന്നലെ തന്നെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ രാവിലെ മുതൽ രാത്രിവൈകും വരെ ആലുവ ദേശത്തെ സതീശന്റെ വീട്ടിൽ അണികൾ തിങ്ങിക്കൂടിയിരുന്നു. ബുധനാഴ്ച പകലന്തിയോളം ദേശം പുറയാർ ഭാഗത്തെ അദ്ദേഹത്തിന്റെ വസതിയായ ‘ദേവകി’യിൽ തിങ്ങിനിറഞ്ഞ നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും ഒടുവിൽ രാത്രിയോടെയാണ് മടങ്ങിയത്. മുഖ്യമന്ത്രിയെ സംബന്ധിച്ച എല്ലാ ചർച്ചകളും പൂർത്തിയാവുകയും ബുധനാഴ്ച രാവിലെ പ്രഖ്യാപിക്കുമെന്നുമുള്ള വാർത്തയറിഞ്ഞാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സംസ്ഥാന, ജില്ല, പ്രാദേശിക നേതാക്കൾ, മാധ്യമപ്രവർത്തകർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ദേശത്തെ വീട്ടിലേക്കെത്തിയത്. വീട്ടിലെ ഓഫിസ് മുറിയിലും വിസിറ്റിങ് മുറിയിലും പ്രവർത്തകർ തിങ്ങിനിറഞ്ഞു. മാധ്യമപ്രവർത്തകരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും ജാഗ്രതയോടെ വീടിന് മുന്നിൽ നിലയുറപ്പിച്ചു. പ്രഖ്യാപനം വരുന്ന നിമിഷം ആഹ്ലാദ പ്രകടനം നടത്താനുള്ള തയാറെടുപ്പോടെയാണ് പ്രവർത്തകർ എത്തിയത്. വടക്കൻ ജില്ലകളിൽനിന്ന് കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നിരവധി പ്രവർത്തകർ എത്തിയിരുന്നു. അതിനിടെ പ്രഖ്യാപനം ഉച്ചയോടെയെന്ന് വാർത്ത വന്നു. അതോടെ വീട്ടിലും പരിസരത്തും തിങ്ങിനിറഞ്ഞവരുടെ മുഖത്ത് നിരാശ. തുടർന്ന് മണിക്കൂറുകളായി പൊരിവെയിലത്ത് നിന്ന പൊലീസുകാരും മാധ്യമപ്രവർത്തകരും സമീപത്തെ വീടുകളിലേക്ക് നീങ്ങി വിശ്രമിച്ചു. ഉച്ച കഴിഞ്ഞപ്പോൾ പ്രഖ്യാപനം വൈകിട്ടാണുണ്ടാവുകയെന്നറിഞ്ഞു. വൈകിട്ടായപ്പോൾ, രാത്രിയിലായിരിക്കുമെന്ന് വാർത്ത. ബുധനാഴ്ച വൈകിട്ട് കേരളത്തിലെത്തുമെന്നറിയിച്ച ദീപാദാസ് മുൻഷി യാത്ര ഒഴിവാക്കിയതും പ്രവർത്തകരിൽ ഏറെ നിരാശയുണ്ടാക്കി. അവസാനം വൈകിട്ട് 6.30ഓടെ പ്രഖ്യാപനമുണ്ടാകുമെന്ന് വാർത്ത വന്നതോടെ നൂലിട പോലും പഴുതില്ലാതെ വീടിന് മുന്നിലും പറമ്പിലും സമീപത്തെ മടത്തിമൂല റോഡിലും ജനം തിങ്ങിനിറഞ്ഞു. സതീശന്റെ ഭാര്യ ലക്ഷ്മി പ്രിയ, ഏക മകൾ ഉണ്ണിമായ, ഭാര്യാപിതാവ് ശിവൻകുട്ടി, ഭാര്യാമാതാവ് ദേവകി എന്നിവരെല്ലാം വീട്ടിലുണ്ടായിരുന്നു. ഒടുവിൽ പ്രഖ്യാപനം വ്യാഴാഴ്ചത്തേക്ക് മാറ്റിയതോടെ തിങ്ങിനിറഞ്ഞ പ്രവർത്തകരിൽ പലരും നിരാശ പ്രകടിപ്പിക്കുകയും രോഷംകൊള്ളുകയും ചെയ്തെങ്കിലും മുഹമ്മദ് ഷിയാസ് അനുനയിപ്പിച്ച് പിരിഞ്ഞുപോകാൻ നിർദേശിച്ചു. സംഘർഷ സാധ്യത ഒഴിവാക്കാനും ഘടകകക്ഷികളെ വിവരം അറിയിക്കാനുമുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം വ്യാഴാഴ്ചത്തേക്ക് മാറ്റിയതെന്ന് ഷിയാസ് വിശദീകരിച്ചു. ഒടുവിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഡൽഹിയിൽ ദീപ ദാസ് മുൻഷി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.
