ബീജിങ്: ആഗോള രാഷ്ട്രീയ സാഹചര്യം ഉറ്റുനോക്കിയ യു.എസ്-ചൈന ചർച്ചക്കുശേഷം പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി ബീജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്പിളിൽ വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം "എക്കാലത്തെയും മികച്ച നിലയിലാകുമെന്ന്" ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. വ്യാപാര തർക്കങ്ങൾ, ഇറാൻ യുദ്ധം, തായ്വാന് നൽകുന്ന ആയുധങ്ങൾ തുടങ്ങിയ സങ്കീർണമായ വിഷയങ്ങളാണ് രണ്ട് ദിവസത്തെ ഉച്ചകോടിയിൽ പ്രധാനമായും ചർച്ചയാകുന്നത്. രണ്ടാം തവണ പ്രസിഡന്റായ ശേഷം ആദ്യമായി ചൈനയിലെത്തിയ ട്രംപിന് വൻ വരവേൽപ്പാണ് ബീജിങ്ങിൽ ലഭിച്ചത്. ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്പിളിന് പുറത്ത് ചുവപ്പ് പരവതാനി വിരിച്ച വേദിയിൽ ഷി ജിൻപിങ് അദ്ദേഹത്തെ സ്വീകരിച്ചു. സൈനിക ബഹുമതികൾക്കും ദേശീയ ഗാനാലാപനത്തിനും ശേഷം ഇരുനേതാക്കളും സൗഹൃദം പങ്കിട്ടു. ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക്, എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് തുടങ്ങിയ പ്രമുഖ വ്യവസായികളും ട്രംപിനൊപ്പമുണ്ട്. ചൈനീസ് വിപണി അമേരിക്കൻ വ്യവസായങ്ങൾക്കായി തുറന്നുകൊടുക്കണമെന്നതാണ് ട്രംപിന്റെ പ്രധാന ആവശ്യം. 2017ലെ ട്രംപിന്റെ ചൈന സന്ദർശനത്തിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ശക്തി സമവാക്യങ്ങളിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അമേരിക്ക സ്വയം തന്നെ ചൈനയെ ഒരു തുല്യ ശക്തിയായി അംഗീകരിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ മാറിയെന്ന് ചൂണ്ടിക്കാണിച്ച് ‘ജി2’ എന്ന് ട്രംപ് ഒക്ടോബറിൽ നടന്ന എപെക് (APEC) ഉച്ചകോടിയിൽ വിശേഷിപ്പിച്ചിരുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള ഇറക്കുമതി നികുതി കുറയ്ക്കുന്നതും പകരം അമേരിക്കയിൽനിന്നുള്ള ബോയിങ് വിമാനങ്ങൾ, കാർഷിക ഉൽപന്നങ്ങൾ എന്നിവ ചൈന വാങ്ങുന്നതും ഈ ചർച്ചയിലുണ്ട്. സെമികണ്ടക്ടർ മേഖലയിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന് ചൈനയും ആവശ്യപ്പെടുന്നു. ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ബീജിങ് ഇടപെടണമെന്ന് വാഷിങ്ടൺ ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഇറാന്റെ തന്ത്രപരമായ പിന്തുണയുള്ളതിനാൽ ചൈന ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് പ്രധാനം. തായ്വാന് 1400 കോടി ഡോളറിന്റെ ആയുധങ്ങൾ വിൽക്കാനുള്ള അമേരിക്കയുടെ നീക്കത്തിൽ ചൈന ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ തുടരുന്ന ചർച്ചകൾക്കുശേഷം ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനകൾ നടത്തിയേക്കും. ഈ വർഷം അവസാനം ഷി ജിൻപിങ് അമേരിക്ക സന്ദർശിക്കാനും പദ്ധതിയുണ്ട്.
