ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ മൂന്ന് പാർലമെന്റ് അംഗങ്ങൾക്കെതിരെ പ്രകോപനപരമായ ട്വീറ്റുമായി വിരമിച്ച സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു. ടി.എം.സിയുടെ വനിത പ്രതിനിധികൾ ഷേക്സ്പിയറുടെ മാക്ബത്തിലെ മൂന്ന് മന്ത്രവാദിനികളാണെന്നായിരുന്നു കട്ജുവിന്റെ വിശേഷണം. കട്ജുവിന്റെ പ്രകോപനപരമായ ട്വീറ്റിനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. മാര്‍ക്കണ്ഡേയ കട്ജു ജഡ്ജിയായി വിരമിച്ച ശേഷം രഹസ്യ സംഘിയാണെന്നായിരുന്നു മഹുവ മൊയ്ത്ര പരിഹാസത്തിന് തിരിച്ചടിച്ചത്. മഹുവ മൊയ്ത്ര, നടിയും രാഷ്ട്രീയക്കാരിയുമായ സായോനി ഘോഷ്, മുൻ പത്രപ്രവർത്തകയും രാജ്യസഭാംഗവുമായ സാഗരിക ഘോഷ് എന്നിവരെയാണ് കട്ജു ഷേക്സ്പിയറുടെ മാക്ബത്തിലെ മൂന്ന് മന്ത്രവാദിനികളോട് ഉപമിച്ചത്. തൃണമൂൽ കോൺഗ്രസിൽ മൂന്ന് മന്ത്രവാദിനികളുണ്ട്. ഹിമാലയത്തിൽ തപസിന് പോകുന്ന പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കൊപ്പം ഇവരും പോകണമെന്നായിരുന്നു കട്ജുവിന്റെ ട്വീറ്റ്. മൂവരും ഉടൻ തന്നെ തൃണമൂൽ കോൺഗ്രസിന്റെ നിറങ്ങളായ പച്ചക്കും ഓറഞ്ചിനും പകരം കാവി നിറം ഉപയോഗിക്കുമെന്നും കട്ജു ആരോപിച്ചു. ‘മമത ബാനര്‍ജി ഉടനെ കാവിയുടുത്ത് കമണ്ഡലുവുമുടുത്ത് തല മുണ്ഡനം ചെയ്ത് ഹിമാലയത്തിലെ ഗുഹയില്‍ തപസ്സു ചെയ്യാന്‍ പോകണം. അവിടെ ഉഗ്രതപസ്സു ചെയ്യണം. താന്‍ ചെയ്ത പാപങ്ങള്‍ക്കും ദുഷ്കര്‍മ്മങ്ങള്‍ക്കും ദൈവത്തോടും ബംഗാളിലെ ജനങ്ങളോടും മമത മാപ്പിരക്കണം. ഈ മൂന്ന് യക്ഷികളും മമത ബാനര്‍ജിയെ അനുഗമിക്കണം. ഗുഹയില്‍പ്പോയി മമതക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കണം’ -എന്നായിരുന്നു കട്ജുവിന്റെ ട്വീറ്റ്. വിരമിച്ച ശേഷം രഹസ്യ സംഘിയായെന്നായിരുന്നു മഹുവയുടെ പ്രതികരണം. ‘ആദരവോടെ നിങ്ങളെ തിരുത്തും. വിരമിക്കലിന് ശേഷം രഹസ്യ സംഘിയായ നിങ്ങളെ പോലെയല്ല ഞാൻ. ലക്ഷ്യത്തിൽ വിശ്വസിക്കുന്നതിനാൽ ഞാൻ എന്റെ യൗവനവും കരിയറും ത്യജിച്ചു. സെൻസിറ്റീവ് സമയങ്ങളിൽ ദയവായി അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിക്കരുത്’ -മഹുവ മറുപടി ട്വീറ്റിൽ പറഞ്ഞു. ഇതോടെ, മഹുവയുടെ ട്വീറ്റിന് മറുപടിയുമായി കട്ജുവും രംഗത്തെത്തി. പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പണം വാങ്ങിയെന്ന അഴിമതി ആരോപണം കട്ജു ട്വീറ്റിലൂടെ വീണ്ടും ഉന്നയിച്ചു.
