രാ ജസ്ഥാൻ റോയൽസ് നായകനായി റിയാൻ പരാഗ് തെരഞ്ഞെടുക്കപ്പെട്ടതിലെ യാഥാർഥ്യം ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ. സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് താരതമ്യേന പരിചയ സമ്പത്തും നേതൃഗുണവും കുറഞ്ഞ പരാഗ് രാജസ്ഥാൻ ടീമി ന്റെ നായക സ്ഥാനത്ത് അവരോധിക്കപ്പെടുന്നത്. ഐ.പി.എൽ തുടങ്ങാൻ നാലു ദിവസം മാത്രം ബാക്കിയിരിക്കേയാണ്, റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് 24കാരനായ പരാഗിനെ നിയമിച്ചതിനെക്കുറിച്ച് മുൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത് ഒളിയമ്പെയ്തത്. ടീമിലെ മറ്റ് പ്രമുഖ താരങ്ങളെ അവഗണിച്ച് പരാഗിനെ ക്യാപ്റ്റനാക്കിയതിനെതിരെയായിരുന്നു തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീകാന്തിന്റെ പരിഹാസം. പരാഗിന്റെ നിയമനത്തിന് പിന്നിൽ പ്രത്യേക പരിഗണനയുണ്ടെന്ന രീതിയിലുള്ള വിമർശനമാണ് ശ്രീകാന്ത് ഉന്നയിച്ചത്. ‘അവൻ എങ്ങനെയാണ് റോയൽസിന്റെ ക്യാപ്റ്റനായതെന്ന് എല്ലാവർക്കും അറിയാം. അത് അവരുടെ തീരുമാനമാണ്. പക്ഷേ അവിടെ ഒരു രാജാവിനെപ്പോലെയാണ് പരാഗ് പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല പരാഗിന്റേത്. അതിന് മുമ്പത്തെ സീസണിൽ മികച്ച രീതിയിൽ കളിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം എടുത്തുപറയത്തക്ക പ്രകടനമൊന്നും അദ്ദേഹം നടത്തിയില്ല’ -ശ്രീകാന്ത് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബറിലെ മിനി ലേലത്തിന് മുന്നോടിയായി സഞ്ജു സാംസണെ 18 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്സിന് കൈമാറിയത്. ഇതിന് പകരമായി രവീന്ദ്ര ജദേജയെയും സാം കറനെയും രാജസ്ഥാൻ ടീമിലെത്തിച്ചിരുന്നു. എന്നാൽ, ഇവരെയെല്ലാം മറികടന്നാണ് പരാഗിനെ ക്യാപ്റ്റനാക്കിയത്. 🚨RAJASTHAN ROYALS STATEMENT ON RIYAN PARAG CAPTAINCY.🚨 RR said- decision was very tough, but they backed Parag’s leadership skills and long-term vision 🤯 franchise see leading the future core, with Jaiswal & Jurel as key leaders😳 pic.twitter.com/mwfCR0FhqR — Sam (@Cricsam01) February 13, 2026 രാജസ്ഥാൻ റോയൽസിന്റെ ഭൂരിഭാഗം ഓഹരികളും കൈവശമുള്ള റോയൽ മൾട്ടിസ്പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയർമാനും അസമിൽ നിന്നുള്ള കോടീശ്വരനുമായ രഞ്ജിത് ബർതാകൂറിന്റെ അടുത്തയാളാണ് റിയാൻ പരാഗിന്റെ പിതാവ് പരാഗ് ദാസ്. അസംകാരൻ എന്ന ആനുകൂല്യവും പരാഗിന്റെ ക്യാപ്റ്റൻസിക്ക് കാരണമായിട്ടുണ്ടെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ സീസണിൽ സഞ്ജു സാംസണ് പരിക്കേറ്റപ്പോൾ എട്ട് മത്സരങ്ങളിൽ പരാഗ് ടീമിനെ നയിച്ചിരുന്നുവെങ്കിലും രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിക്കാനായത്. ജദേജക്കും സാം കറനും പുറമെ യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറേൽ എന്നിവരെയും മറികടന്നാണ് പരാഗ് നായക പദവിയിലെത്തിയത്. കഴിഞ്ഞ സീസണിൽ 166.52 സ്ട്രൈക്ക് റേറ്റിൽ 393 റൺസാണ് ഐ.പി.എല്ലിൽ താരത്തിന്റെ സമ്പാദ്യം. 2017ൽ കൗമാരക്കാരനായി ടീമിലെത്തിയ പരാഗ് ഇതുവരെ 84 മത്സരങ്ങളിൽനിന്ന് 1566 റൺസാണ് രാജസ്ഥാനുവേണ്ടി നേടിയത്. ഈ സീസണിൽ ഐ.പി.എല്ലിൽ രാജസ്ഥാന്റെ പ്രകടനം ഒട്ടും ആശാവഹമായിരിക്കില്ലെന്ന പ്രവചനവും ശ്രീകാന്ത് നടത്തുന്നുണ്ട്. ‘റോയൽസ് മോശമല്ലാത്ത ടീമാണ്. മറ്റ് ടീമുകളെ അട്ടിമറിക്കാൻ അവർക്ക് ശേഷിയുണ്ട്. എന്നാൽ, സ്വയം തകരാൻ സാധ്യതയുള്ള ഒരു ടീം കൂടിയാണിത്. മുൻനിരയിലെ അഞ്ച് പേരിൽ രണ്ടുപേർ ഫോമിലായാൽ അവർ എതിരാളികൾക്കുമേൽ മേധാവിത്വം നേടും. ജയ്സ്വാൾ-സൂര്യവംശി ഓപണിങ് കൂട്ടുകെട്ടാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ അവർക്ക് കഴിയും. അതിനാൽ രാജസ്ഥാൻ നല്ല ടീമാണെങ്കിലും അപകടകാരികളായ ടീമല്ല. കിരീടം നേടാൻ സാധ്യതയുള്ള ടീമായി ഞാൻ അവരെ കാണുന്നില്ല. പ്ലേ ഓഫ് യോഗ്യതയുടെ കാര്യത്തിൽ പോലും 50-50 സാധ്യതയേ ഉള്ളൂ’ - ശ്രീകാന്ത് കൂട്ടിച്ചേർത്തു.
