‘പവർ പ്ലാന്റുകൾ ആക്രമിച്ചാൽ മേഖലയിലെ ഊർജ കേന്ദ്രങ്ങൾ ചാരമാകും’; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മുന്നറിയിപ്പ്

‘പവർ പ്ലാന്റുകൾ ആക്രമിച്ചാൽ മേഖലയിലെ ഊർജ കേന്ദ്രങ്ങൾ ചാരമാകും’; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മുന്നറിയിപ്പ്

M
MadhyamamSource Link
തെഹ്‌റാൻ: ഇറാന്റെ പവർ പ്ലാന്റുകൾക്ക് നേരെ അമേരിക്കയോ ഇസ്രായേലോ ആക്രമണം നടത്തിയാൽ പശ്ചിമേഷ്യയിലെ മുഴുവൻ ഊർജ-എണ്ണ കേന്ദ്രങ്ങളും പൂർണമായും തകർക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് 48 മണിക്കൂറിനകം തുറന്നില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകൾ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. ഇറാനിലെ വൈദ്യുത നിലയങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടാൽ മേഖലയിലെ മുഴുവൻ രാഷ്ട്രങ്ങളിലെയും ഊർജ കേന്ദ്രങ്ങൾ തങ്ങളുടെ ലക്ഷ്യങ്ങളായി മാറുമെന്നും അവ ‘‘വീണ്ടെടുക്കാൻ കഴിയാത്തവിധം ചാരമാക്കുമെന്നും’’ അദ്ദേഹം എക്സിൽ കുറിച്ചു. അമേരിക്ക തങ്ങളുടെ ഭീഷണി നടപ്പാക്കിയാൽ ഹുർമുസ് കടലിടുക്ക് പൂർണമായും അടച്ചുപൂട്ടുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സും (ഐ.ആർ.ജി.സി) പ്രസ്താവനയിൽ അറിയിച്ചു. അമേരിക്കൻ ഓഹരികളുള്ള കമ്പനികളെയും യു.എസ് സൈനിക താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളിലെ ഊർജ കേന്ദ്രങ്ങളെയും ഉന്നംവെക്കുമെന്നും ഐ.ആർ.ജി.സി വ്യക്തമാക്കി. നിലവിൽ അമേരിക്കക്കും സഖ്യകക്ഷികൾക്കും ഒഴികെ മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് ഹുർമുസ് കടലിടുക്കിലൂടെ യാത്രാനുമതി നൽകിയിട്ടുണ്ട്. അതേസമയം, നാലാം ആഴ്ചയിലേക്ക് കടക്കുന്ന പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക് ഇരയായ ഇസ്രായേൽ നഗരമായ അറാദ് സന്ദർശിച്ച പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു, ഇറാന്റെ ദൂരപരിധിയുള്ള മിസൈലുകൾ യൂറോപ്പിനുവരെ ഭീഷണിയാണെന്നും യുദ്ധത്തിൽ ഇറാനെതിരെ അന്താരാഷ്ട്ര സമൂഹം തങ്ങളോടൊപ്പം ചേരണമെന്നും ആവശ്യപ്പെട്ടു. മറുവശത്ത് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ചർച്ചകൾക്ക് തുർക്കി തുടക്കമിട്ടിട്ടുണ്ട്. തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ ഇറാൻ, ഈജിപ്ത് വിദേശകാര്യ മന്ത്രിമാരുമായും യൂറോപ്യൻ യൂനിയൻ പ്രതിനിധികളുമായും അമേരിക്കൻ ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിവരികയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘പവർ പ്ലാന്റുകൾ ആക്രമിച്ചാൽ മേഖലയിലെ ഊർജ കേന്ദ്രങ്ങൾ ചാരമാക… | Boolokam