കൊച്ചി : 2018-ലെ പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണത്തിന് തെളിവായി താൻ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വ്യാജമാണെങ്കിൽ സർക്കാർ എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഓഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമിച്ചതാകാമെന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വാദത്തിനാണ് കുഴൽനാടന്റെ മറുപടി. തെരഞ്ഞെടുപ്പ് സമയത്ത് ഒരു സിറ്റിങ് മന്ത്രിക്കെതിരെ എഐ ഉപയോഗിച്ച് ഇത്തരമൊരു ഓഡിയോ നിർമിച്ചിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. എന്നിട്ടും എന്തുകൊണ്ടാണ് സർക്കാർ പൊലീസിൽ പരാതി നൽകാൻ മടിക്കുന്നതെന്നും കുഴൽനാടൻ ചോദിച്ചു. പിണറായി വിജയൻ ഇന്ന് ഒരു പരാതി നൽകിയാൽ തനിക്കെതിരെ അന്വേഷണം വരുമല്ലോ. എ.ഐ ഓഡിയോ ആണെന്ന് അത്രയ്ക്ക് ഉറപ്പുണ്ടെങ്കിൽ സർക്കാർ അന്വേഷണത്തിന് തയ്യാറാകണം. സത്യം പുറത്തുവരാൻ ഏത് അന്വേഷണത്തോടും സഹകരിക്കാൻ താൻ തയ്യാറാണ്. സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാൻ ഡാമുകൾ തുറക്കുന്നത് വൈകിപ്പിച്ചതാണ് പ്രളയത്തിന് കാരണമായതെന്നാണ് മാത്യു കുഴൽനാടന്റെ ആരോപണം. ഇതിൽ അന്നത്തെ ജലസേചന മന്ത്രി മാത്യു ടി. തോമസിനും മറ്റ് എൽഡിഎഫ് നേതാക്കൾക്കും പങ്കുണ്ടെന്നും ഇതിന് തെളിവാണ് മന്ത്രി കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ പുറത്തുവിട്ട ഫോൺ സംഭാഷണമെന്നും കുഴൽനാടൻ അവകാശപ്പെടുന്നു. സംഭവത്തിൽ അഴിമതിയുണ്ടെന്നും പ്രളയം സംബന്ധിച്ച ശാസ്ത്രീയമായ വസ്തുതകൾ സർക്കാർ മറച്ചുവെക്കുകയാണെന്നും ആരോപിച്ചാണ് യുഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ ഓഡിയോയുടെ ആധികാരികതയെച്ചൊല്ലിയുള്ള തർക്കം വരും ദിവസങ്ങളിലും രാഷ്ട്രീയ ചർച്ചകളിൽ സജീവമാകും.