'ആരോ എനിക്ക് കഞ്ചാവ് നൽകി'; ഡൽഹി നിയമസഭയിലേക്ക് കാർ ഓടിച്ചു കയറ്റിയ ഡ്രൈവറുടെ മൊഴി

'ആരോ എനിക്ക് കഞ്ചാവ് നൽകി'; ഡൽഹി നിയമസഭയിലേക്ക് കാർ ഓടിച്ചു കയറ്റിയ ഡ്രൈവറുടെ മൊഴി

M
MadhyamamSource Link
ന്യൂഡൽഹി: ഡൽഹി നിയമസഭയുടെ അതീവ സുരക്ഷാ മേഖലയിലേക്ക് കാറോടിച്ചു കയറ്റിയ സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർ സരബ്ജിത് സിങ് വിചിത്രമായ മൊഴി നൽകി. ആരോ തനിക്ക് കഞ്ചാവ് നൽകിയെന്നും തുടർന്ന് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. തിങ്കളാഴ്ച നടന്ന സംഭവത്തിൽ സരബ്ജിത് സിങ് ഉൾപ്പെടെ മൂന്ന് പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വടക്കൻ ഡൽഹിയിലെ രൂപ് നഗറിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. തന്റെ അനന്തരവൻ ഹർമനെ കാണാതായെന്നും അവനെ തിരഞ്ഞാണ് താൻ ഇറങ്ങിയതെന്നും സരബ്ജിത് മൊഴി നൽകിയിരുന്നു. മരുമകനെ കണ്ടെത്താൻ സഹായിക്കുന്ന ഏതെങ്കിലും ഉയർന്ന ഉദ്യോഗസ്ഥനെ കാണാനാണ് നിയമസഭയിൽ എത്തിയതെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ഇതിനു പിന്നാലെയാണ് തനിക്ക് ആരോ മയക്കുമരുന്ന് തന്നിട്ടുണ്ടെന്ന് ആരോപിക്കുന്നത്. എന്നാൽ സരബ്ജിത് സിങ്ങിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന വാദവുമായി ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നെത്തിയ കുടുംബാംഗങ്ങൾ പൊലീസിനെ അറിയിച്ചു. ഇയാളുടെ ചികിത്സാ രേഖകൾ കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി ഇയാളെ വീട്ടിൽ നിന്ന് കാണാനില്ലായിരുന്നുവെന്നും കുടുംബം അറിയിച്ചു. അതേസമയം സുരക്ഷാ കവചങ്ങൾ മറികടന്ന് വാഹനം അകത്തേക്ക് ഇരച്ചുകയറിയ സംഭവം അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലുള്ള ഉന്നതതല സമിതി ഈ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കും. തിങ്കളാഴ്ചയാണ് മുഖംമൂടി ധരിച്ച ഒരാൾ എസ്‌.യു.വി ഓടിച്ച് ഡൽഹി നിയമസഭാ സമുച്ചയത്തിന്റെ അതിർത്തി കവാടങ്ങൾ തകർത്ത് അകത്ത് പ്രവേശിച്ചത്. സംഭവസമയത്ത് ഇയാൾ ഒറ്റക്കായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. സരബ്ജിത് സിങ്ങിന്റെ മൊഴിയിൽ പറയുന്ന കുട്ടിയെ കാണാതായ സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും അതീവ സുരക്ഷാ മേഖലയിൽ ഇത്രയും വലിയ വീഴ്ചയുണ്ടായത് എങ്ങനെ എന്നതിനെക്കുറിച്ച് ഫോറൻസിക് സംഘം പരിശോധന നടത്തിവരികയാണ്. പ്രതിയെ നിലവിൽ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ആരോ എനിക്ക് കഞ്ചാവ് നൽകി'; ഡൽഹി നിയമസഭയിലേക്ക് കാർ ഓടിച്ചു… | Boolokam