ഇന്ന് മദേഴ്സ് ഡേ പ്രമാണിച്ച് നൽകിയ പ്രത്യേക അഭിമുഖത്തിൽ, തന്റെ വിജയത്തിന് പിന്നിലെ കരുത്ത് അമ്മയാണെന്ന് പറയുകയാണ് പഞ്ചാബ് കിങ്സ് താരം യൂസ്വേന്ദ്ര ചഹൽ . എന്നാൽ തന്റെ മകൻ നേടിയ ഓരോ നേട്ടവും അവന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നാണ് അമ്മ സുനിത പറയുന്നത്. കുട്ടിക്കാലം മുതൽക്കേ ക്രിക്കറ്റിനോട് ചഹലിന് വലിയ ആവേശമായിരുന്നു. മുതിർന്ന ആൺകുട്ടികൾക്കൊപ്പം കളിക്കാൻ പോകാനായി വെളുപ്പിന് 5 മണിക്ക് തന്നെ അവൻ തയാറായി നിൽക്കുമായിരുന്നു. അല്പം വൈകിയാൽ അവർ തന്നെ കൊണ്ടുപോകില്ല എന്ന പേടിയായിരുന്നു അവന് എന്നാ അമ്മ പറയുന്നു. ക്രിക്കറ്റിൽ എത്തുന്നതിന് മുൻപ് ചഹൽ ഒരു മികച്ച ചെസ്സ് താരം കൂടിയായിരുന്നു. 2002-ൽ അണ്ടർ-12 നാഷണൽ ചാമ്പ്യനായ അദ്ദേഹം ലോക യൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മണിക്കൂറുകളോളം ഒരേയിടത്തിരുന്ന് ചെസ്സ് പരിശീലിക്കാൻ ചഹലിന് മടിയുണ്ടായിരുന്നില്ല. എങ്കിലും, 'ക്രിക്കറ്റ് കളിക്കാൻ അനുവദിക്കുമെങ്കിൽ മാത്രം ഞാൻ ചെസ്സ് കളിക്കാം' എന്നതായിരുന്നു അവന്റെ നിബന്ധനയെന്ന് അമ്മ ചിരിയോടെ ഓർക്കുന്നു. വഴിതെറ്റി പോകാതിരിക്കാനാണ് തങ്ങൾ അവനെ കായികരംഗത്തേക്ക് തിരിച്ചുവിട്ടതെന്നും, ഇന്ന് അവൻ ചരിത്രം കുറിക്കുമ്പോൾ അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ക്രിക്കറ്റ് മൈതാനത്തെ കുസൃതികൾ പോലെ തന്നെ വീട്ടിലും അവൻ വലിയ വികൃതിയായിരുന്നു. ക്രിക്കറ്റ് കളിക്കാൻ 5 മണിക്ക് എഴുന്നേൽക്കുന്ന ചഹൽ പക്ഷെ സ്കൂളിൽ പോകാൻ സമയമായാൽ എവിടെയെങ്കിലും പോയി ഒളിച്ചിരിക്കും. തിരക്കിനിടയിൽ സഹോദരിമാരാണ് അവനെ തിരഞ്ഞുപിടിച്ച് കർട്ടനു പിന്നിൽ നിന്നോ മറ്റോ വലിച്ചിറക്കി കൊണ്ടുവരുന്നത്. സ്കൂളിൽ പോകാൻ മടി കാണിക്കുന്ന ആ കുട്ടിയെ അവർ വഴക്കുപറയുമായിരുന്നു എന്ന് സുനിത ഓർക്കുന്നു. തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും കുടുംബത്തെ ചേർത്തുനിർത്തുന്ന കാര്യത്തിൽ ചഹൽ ഒട്ടും പിന്നിലല്ല. ഡൽഹിയിലെ വീട്ടിൽ എത്തുമ്പോഴെല്ലാം അമ്മയോടും സഹോദരിമാരോടുമൊപ്പം സമയം ചെലവഴിക്കാൻ അദ്ദേഹം മറക്കാറില്ല. എല്ലാവരെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു മകനായും സഹോദരനായും ചഹൽ മാറുമ്പോൾ, തങ്ങൾക്കൊക്കെ വലിയ അഭിമാനമാണെന്ന് പറയുകയാണ് അമ്മ സുനിത ചഹൽ.