നെടുങ്കണ്ടം: ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാറിൽ വിഷയത്തിൽനിന്ന് വ്യതിചലിച്ച എം.എം.മണിക്ക് കുറിപ്പ് നൽകിയ ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറിയോട് താൻ ജനിക്കും മുമ്പ് ഞാൻ ഈ പണി തുടങ്ങിയതാണെന്ന് പറഞ്ഞ് ശാസിച്ച് എം.എം.മണി. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയും ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറിയുമായ രമേശ് കൃഷ്ണനെയാണ് എം.എം. മണി പരസ്യമായി ശാസിച്ചത്. ശനിയാഴ്ച വൈകിട്ട് നെടുങ്കണ്ടത്ത് നടന്ന ലൈബ്രറി കൗൺസിൽ ജില്ലാതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എം.മണി. 'ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ത്യയോട് പറയാനുള്ളത്' എന്ന വിഷയത്തിൽ ഉദ്ഘാടന പ്രസംഗം നടത്തിയ മണി, അൽപ സമയം കഴിഞ്ഞതോടെ വിഷയത്തിൽനിന്നു വ്യതിചലിച്ചു. വേദിയിലേക്ക് തിരിഞ്ഞ് നിന്ന എം.എൽ.എ, പാർട്ടി ക്ലാസ് നയിക്കുന്നത് പോലെ കാറൽ മാർക്‌സും എംഗൽസും, തൊഴിലാളിവർഗ സർവാധിപത്യവുമൊക്കെ പ്രസംഗത്തിൽ നിറഞ്ഞു. പ്രസംഗം പിന്നീട് ഇന്ദിരാഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൻമാർക്കെതിരേയും ഗാന്ധിവിമർശനവുമൊക്കെ ആയി മുന്നേറിയതോടെ സദസ്സിൽനിന്നും അടക്കംപറച്ചിലും ചിരിയും മുറുമുറുപ്പും തുടങ്ങി. ചിലർ ഇറങ്ങിപ്പോയി. സദസിൽ നിന്ന് അതൃപ്തി ഉയരുകയും പ്രസംഗം അരമണിക്കൂറും പിന്നിട്ട് പോകുന്നത് കണ്ടതോടെയാണ് രമേശ്കൃഷ്ണൻ കുറിപ്പ് നൽകിയത്. ഇതോടെ വിർശനം രമേശിനെതിരെയായി. രമേശ് ജനിക്കും മുമ്പുതന്നെ താനീ പണിതുടങ്ങിയതാണ് എന്നാണ് എം.എം മണി പറഞ്ഞത്. തന്നെ പഠിപ്പിക്കേണ്ടെന്നും എന്ത് പറയണമെന്ന് തനിക്കറിയാമെന്നുമെല്ലാം പതിവ് ശൈലിയിൽ എം.എം.മണി തട്ടിവിട്ടു. ശേഷം അധികം വൈകാതെ അദ്ദേഹം പ്രസംഗം നിർത്തി. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എ.ഷിജു ഖാനായിരുന്നു വിഷയാവതരണം.

'താൻ ജനിക്കും മുമ്പ് ഞാൻ ഈ പണി തുടങ്ങിയിട്ടുണ്ട്'; ലൈബ്രറി കൗൺസിൽ സെക്രട്ടറിയെ ശാസിച്ച് എം.എം. മണി
M
MadhyamamSource Link
about 2 months ago