ദുബൈ: രാജ്യത്തെ ടാക്സി സേവന രംഗത്ത് ഏറ്റവും വലിയ ലയന പ്രഖ്യാപനവുമായി ദുബൈ ടാക്സി. ദുബൈയിൽ ആധിപത്യം ശക്തിപ്പെടുത്താനും അബൂദബിയിൽ സാന്നിധ്യം ഉറപ്പിക്കാനും ലക്ഷ്യമിട്ട് നാഷനൽ ടാക്സിയെ ദുബൈ ടാക്സി ഏറ്റെടുത്തു. 140 കോടി ദിർഹമിനാണ് ഏറ്റെടുക്കൽ കരാർ ഒപ്പുവെച്ചതെന്ന് ദുബൈ മീഡിയ ഓഫിസ് റിപോർട്ട് ചെയ്തു. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെയും അബൂദബി സംയോജിത ഗതാഗത കേന്ദ്ര (ഐ.ടി.സി)ത്തിന്റെയും അംഗീകാരങ്ങൾക്ക് വിധേയമായി ഈ വർഷം അവസാന പാദത്തോടെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കും. പുതിയ ബാങ്ക് വായ്പ നയത്തിലൂടെയായിരിക്കും ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് പൂർണമായും കണ്ടെത്തുകയെന്നാണ് വിവരം. 2000ൽ സ്ഥാപിതമായ നാഷനൽ ടാക്സി, ദുബൈ, അബൂദബി, അൽഐൻ എന്നിവിടങ്ങളിലായി ഏകദേശം 2,500 ലൈസൻസുള്ള നമ്പർ പ്ലേറ്റുകളും 2,700ലധികം വാഹനങ്ങളുമുള്ള യു.എ.ഇയിലെ ഏറ്റവും വലിയ സ്വകാര്യ ടാക്സി ഓപ്പറേറ്റർമാരിൽ ഒന്നാണ്. 2025 ജൂലൈ 31 വരെയുള്ള കണക്കുകൾ അനുസരിച്ച് 25.4 ദശലക്ഷം ട്രിപ്പുകളാണ് കമ്പനി നടത്തിയത്. 774 ദശലക്ഷം ദിർഹമാണ് കമ്പനിയുടെ അറ്റ വരുമാനം. ദേശീയ തലത്തിൽ മികച്ച വരുമാന നേട്ടം കൈവരിക്കുന്നതിനിടയിലാണ് ഏറ്റെടുക്കൽ പ്രഖ്യാപനം. നാഷനൽ ടാക്സിയെ ഏറ്റെടുക്കുന്നതോടെ ദുബൈ ടാക്സിയുടെ ദുബൈയിലെ വിപണി വിഹിതം 47 ശതമാനത്തിൽ നിന്ന് 57 ശതമാനമായും അബൂദബിയിലേത് 12 ശതമാനമായും ഉയരും. കമ്പനിയെ സംബന്ധിച്ച് ഏറ്റെടുക്കൽ നടപടി വളർച്ചയിലെ നാഴികക്കല്ലാണിതെന്ന് ദുബൈ ടാക്സി ചെയർമാൻ അബ്ദുൽ മുഹ്സിൻ ഇബ്രാഹിം കൽബത്ത് വ്യക്തമാക്കി. ദുബൈയിലെ ടാക്സി സേവന രംഗത്ത് മുൻനിരയിലുള്ള ദുബൈ ടാക്സി എമിറേറ്റിലെ ആധിപത്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 600 പുതിയ വാഹനങ്ങൾ കൂടി നിരത്തിലെത്തിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ജൂലൈയോട് കൂടി ഘട്ടം ഘട്ടമായി പുതിയ വാഹനങ്ങൾ എത്തിക്കാനാണ് പദ്ധതി. പുതിയ ഇലക്ട്രിക് വാഹനങ്ങളും ഇതിൽ ഉൾപ്പെടും. ബോൾട്ട്, ഇസെഡ് എന്നീ ഇ-ഹെയ്ലിങ് പങ്കാളികളുമായുള്ള സഹകരണവും ഡ്രൈവറില്ലാ വാഹനങ്ങളുടെ സേവനവും ശക്തിപ്പെടുത്തുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു.
