റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുന്ന 15 ലക്ഷത്തിലധികം തീർഥാടകരെ സ്വീകരിക്കുന്നതിനായി സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും യാത്രാപഥങ്ങളിലും വിപുലമായ സജ്ജീകരണങ്ങൾ പൂർത്തിയായതായി ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി എൻജി. സ്വാലിഹ് അൽ ജാസർ അറിയിച്ചു. ഹജ്ജ് ഒരുക്കങ്ങൾ വിശദീകരിക്കുന്നതിനായി അഞ്ച് മന്ത്രിമാർ പങ്കെടുത്ത സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ സുപ്രധാന വിവരങ്ങൾ പങ്കുവെച്ചത്. ‘ബാഗേജ് രഹിത യാത്ര’ ഇത്തവണത്തെ ഹജ്ജിെൻറ ഏറ്റവും വലിയ പ്രത്യേകത ‘മുസാഫിർ ബിലാ ഹഖീബ’ (ബാഗേജ് രഹിത യാത്രക്കാരൻ) എന്ന പദ്ധതി എല്ലാ അന്താരാഷ്ട്ര തീർഥാടകർക്കും ലഭ്യമാക്കുന്നു എന്നതാണ്. ചരിത്രത്തിലാദ്യമായാണ് ഈ സേവനം മുഴുവൻ വിദേശ തീർഥാടകരിലേക്കും വ്യാപിപ്പിക്കുന്നത്. ഇതിലൂടെ തീർഥാടകരുടെ ലഗേജുകൾക്കൊപ്പം അവരുടെ സംസം വെള്ളവും സുരക്ഷിതമായി നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കാൻ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിപുലമായ സജ്ജീകരണങ്ങൾ തീർഥാടകരുടെ സുഗമമായ യാത്രയ്ക്കായി 6,000 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡ് ശൃംഖലയുടെ അറ്റകുറ്റപ്പണികൾ മന്ത്രാലയം പൂർത്തിയാക്കി. ഇതിൽ വിശുദ്ധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന 600 കിലോമീറ്ററോളം റോഡുകളിൽ പ്രത്യേക മൂല്യനിർണ്ണയവും പാലങ്ങളുടെ അറ്റകുറ്റപ്പണികളും നടത്തിയിട്ടുണ്ട്. കൊടുംചൂടിൽ തീർഥാടകർക്ക് ആശ്വാസമേകാൻ റോഡുകൾ തണുപ്പിക്കുന്ന നൂതനമായ ‘കൂളിങ് ടെക്നോളജി’ ഇത്തവണ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയും പുതിയ പാതകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. തീർഥാടക സേവനത്തിനായി 33,000-ത്തിലധികം ബസുകളും 5,000 ടാക്സികളുമാണ് നിരത്തിലിറങ്ങുന്നത്. ഇതിൽ 3,000 ബസുകൾ തീർഥാടകരെ അവരുടെ താമസസ്ഥലങ്ങളിൽ നിന്ന് മസ്ജിദുൽ ഹറാമിലേക്ക് എത്തിക്കാനും 5,000 ബസുകൾ ഷട്ടിൽ സർവീസുകൾക്കുമായി നീക്കിവെച്ചു. 46,000-ത്തിലധികം പ്രൊഫഷണൽ ജീവനക്കാരാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഏത് സാഹചര്യവും നേരിടാൻ 110 അടിയന്തര പ്രവർത്തന പദ്ധതികളും മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ലോകത്തെ 300-ലധികം വിമാനത്താവളങ്ങളിൽ നിന്ന് 104 വിമാനക്കമ്പനികൾ വഴി തീർഥാടകരെ എത്തിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ആറ് പ്രധാന വിമാനത്താവളങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ഇതിനായി 30 ലക്ഷത്തിലധികം സീറ്റുകൾ യാത്രയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യയുടെയും വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരുടെയും സഹായത്തോടെ തീർഥാടകർക്ക് ഏറ്റവും സുഖകരമായ യാത്രാനുഭവം നൽകാനാണ് ലക്ഷ്യമിടുന്നത്. ഹജ്ജ് കർമ്മങ്ങളുടെ അവിഭാജ്യ ഘടകമായ മാഷാഇർ മെട്രോ ട്രെയിൻ സേവനത്തെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. മിന, മുസ്ദലിഫ, അറഫാത്ത് എന്നീ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഒമ്പത് സ്റ്റേഷനുകളിലൂടെ ഹജ്ജ് നാളുകളിൽ 2,000-ത്തിലധികം സർവീസുകൾ മെട്രോ നടത്തും. ഓരോ മണിക്കൂറിലും 72,000 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഈ മെട്രോ ശൃംഖല, തീർഥാടകരുടെ തിരക്ക് കുറയ്ക്കാനും സുരക്ഷ ഉറപ്പാക്കാനും പ്രധാന പങ്ക് വഹിക്കുന്നു.
