തൃശൂർ: കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 21-എ ബാച്ചിലെ 44 റിക്രൂട്ട് വനിതാ സി.പി.ഒമാരുടെ പാസിങ് ഔട്ട് പരേഡിൽ ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി ദിനേന്ദ്ര കശ്യപ് അഭിവാദ്യം സ്വീകരിച്ചു. ഒമ്പത് മാസത്തെ അടിസ്ഥാന പരിശീലനമാണ് ഇവർക്ക് നൽകിയത്. സജന യൂസഫ് നയിച്ച പരേഡിന്റെ സെക്കൻഡ് ഇൻ കമാൻഡ് എം. ഷഫ്ന ആയിരുന്നു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി പുരസ്കാരം വിതരണം ചെയ്തു. മികച്ച ഇൻഡോർ കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ടത് ജെ. ഫാത്തിമബീവിയാണ്. മികച്ച ഔട്ട്ഡോർ കേഡറ്റായി സജന യൂസഫ് തെരഞ്ഞെടുക്കപ്പെട്ടു. വൈ. മാജിതയാണ് മികച്ച ഷൂട്ടർ. മികച്ച ആൾ റൗണ്ടറായി സി.എം. ഫസല തെരഞ്ഞെടുക്കപ്പെട്ടു. ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിന് ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, പീനോളജി, വിക്ടിമോളജി, സൈബർ ഫോറൻസിക് എന്നീ വിഷയങ്ങളിലും പരിശീലനം നൽകി. കേരള പൊലീസ് അക്കാദമി ഡയറക്ടർ ഐ.ജി കെ. സേതുരാമൻ തുടങ്ങിയവർ പങ്കെടുത്തു.
