ഓൺലൈൻ ഡെസ്ക് Published: May 14, 2026 08:11 AM IST 1 minute Read Link Copied വിജയ് (TAMIL NADU ASSEMBLY/YT via PTI Photo) Mail This Article × Follow Us ചെന്നൈ ∙ നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തിൽ, കേന്ദ്ര സർക്കാരിനെതിരെയും പരീക്ഷാ രീതിക്കെതിരെയും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് രംഗത്ത്. നീറ്റ് പരീക്ഷ പൂർണമായും നിർത്തലാക്കണമെന്നും, പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. What you should read next ‘‘ദേശീയ തലത്തിലുള്ള ഇത്തരം പരീക്ഷകളുടെ ഘടനാപരമായ തകരാറുകൾക്ക് തെളിവാണ് തുടർച്ചയായുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ച. 2024ൽ നീറ്റ് ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ആറ് സംസ്ഥാനങ്ങളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുകയും കേസ് സിബിഐക്ക് കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് പരീക്ഷാ പരിഷ്കരണങ്ങൾക്കായി മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഉന്നതതല സമിതി 95 ശുപാർശകൾ സമർപ്പിച്ചു. എന്നാൽ രണ്ട് വർഷത്തിനുള്ളിൽ വീണ്ടും ചോദ്യപേപ്പർ ചോർച്ചയുണ്ടാവുകയും പരീക്ഷ റദ്ദാക്കേണ്ടി വരികയും ചെയ്തിരിക്കുകയാണ്. നീറ്റ് പരീക്ഷ ആരംഭിച്ച കാലം മുതൽ തമിഴ്‌നാട് ഇതിനെ ശക്തമായി എതിർക്കുന്നുണ്ട്. നഗരങ്ങളിലെ ഇംഗ്ലീഷ് മീഡിയങ്ങളിൽ പഠിക്കുന്ന സമ്പന്നരായ വിദ്യാർഥികൾക്ക് മാത്രമാണ് നീറ്റ് അനുകൂലമാകുന്നത്. ഗ്രാമീണ മേഖലകളിൽ നിന്നും സർക്കാർ സ്കൂളുകളിൽ നിന്നും വരുന്ന തമിഴ് മീഡിയത്തിൽ പഠിച്ച പിന്നാക്ക വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർഥികൾക്ക് ഇത് വലിയ തിരിച്ചടിയാണ്. തമിഴ്‌നാട്ടിലെ എംബിബിഎസ്, ബിഡിഎസ്, ആയുഷ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകൾ മുഴുവൻ പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ നികത്താൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടു’’ – വിജയ് എക്സിൽ കുറിച്ചു. യുപിഎ ഭരണകാലത്ത് മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം തമിഴ്‌നാടിനു പ്രവേശന പരീക്ഷകളിൽ നിന്ന് ഇളവ് നൽകിയിരുന്നു. വിദ്യാർഥികളുടെ പന്ത്രണ്ടാം ക്ലാസിലെ സ്ഥിരതയാർന്ന പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനം പ്രവേശനം നൽകിയിരുന്നത്. എന്നാൽ 2017ൽ കേന്ദ്ര സർക്കാർ നീറ്റ് പരീക്ഷ നിർബന്ധമാക്കി. നീറ്റിൽ നിന്ന് ഇളവ് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ ബില്ലിനു രാഷ്ട്രപതി അനുമതി നൽകാതിരുന്നതിനെ തുടർന്ന്, കഴിഞ്ഞ വർഷം നവംബറിൽ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒരൊറ്റ പരീക്ഷയിലെ പ്രകടനം മാത്രം നോക്കാതെ സംസ്ഥാനത്തിന്റെ പഴയ പ്രവേശന രീതി പുനഃസ്ഥാപിക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. English Summary: Tamil Nadu CM Vijay demands to abolish NEET Exam: Abolish NEET exam and allow medical admissions based on Class XII marks, demanded Tamil Nadu CM Vijay following the NEET question paper leak. This call highlights structural flaws in national-level exams and the disadvantage faced by rural and Tamil-medium students. ×
