ചൈനയെ വരിഞ്ഞുമുറുക്കുമെന്നു പ്രഖ്യാപിച്ച ഡോണൾഡ് ട്രംപ്, ഇന്നു ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് ദ് പീപ്പിളിൽ എത്തുമ്പോൾ ലോകരാഷ്ട്രീയ സാഹചര്യം മാറിയിരിക്കുന്നു. ശത്രുതയുടെ പഴയ പാഠങ്ങൾ മാറ്റിവച്ച്, തകരുന്ന വിപണിയെ താങ്ങാൻ ചൈനീസ് സഹായം തേടുന്ന ട്രംപിനെയാണ് ലോകം ഇപ്പോൾ കാണുന്നത്. വ്യാപാര യുദ്ധത്തിൽനിന്നു വ്യാപാരക്കരാറുകളിലേക്കുള്ള ഈ ചുവടുമാറ്റം ആഗോള രാഷ്ട്രീയത്തിലെ വൻ മാറ്റങ്ങളുടെ സൂചനയാണ്. 2017 നു ശേഷം ആദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത്. 140 ശതമാനത്തിലേറെ തീരുവ ചുമത്തുമെന്നു പറഞ്ഞ് ചൈനയെ സമ്മർദത്തിലാക്കാൻ ട്രംപ് ശ്രമിച്ചെങ്കിലും റെയർ എർത് മിനറൽസിന്റെ കയറ്റുമതി നിയന്ത്രിക്കുമെന്ന ചൈനീസ് ഭീഷണിക്കു മുന്നിൽ ട്രംപ് പിൻവാങ്ങി. ട്രംപിന്റെ താരിഫുകൾ യുഎസ് സുപ്രീം കോടതി പിന്നീട് റദ്ദ് ചെയ്തു. ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും 14, 15 തീയതികളിലാണ് കൂടിക്കാഴ്ച നടത്തുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടു സമ്പദ്വ്യവസ്ഥകൾ തമ്മിലുള്ള ബന്ധം സുസ്ഥിരമാക്കുക ലക്ഷ്യമിട്ടുള്ള ഈ കൂടിക്കാഴ്ചയിൽ ആഗോള പ്രതിസന്ധികളും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക തർക്കങ്ങളുമാകും ചർച്ചാ വിഷയം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് (Photo by ANDREW CABALLERO-REYNOLDS / AFP) ‘ട്രംപിനാണ് ചൈനയെ ആവശ്യം’ ഹോങ്കോങ് സർവകലാശാലയിലെ ‘ചൈനീസ് വിദേശ നയ’ വിഭാഗം പ്രഫ. അലെഹാൻഡ്രോ റെയ്സ് ഒരൊറ്റ വാക്യത്തിൽ ഈ സ്ഥിതിയെപ്പറ്റി പറയുന്നു: ‘‘ചൈനയ്ക്ക് ട്രംപിനെ ആവശ്യമുള്ളതിലും കൂടുതൽ ട്രംപിന് ചൈനയെ ആവശ്യമുണ്ട്.’’ ഇറാൻ സംഘർഷം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിൽ ഇടനിലക്കാരൻ എന്ന നിലയിലുള്ള ചൈനയുടെ റോൾ ഉറപ്പിക്കുക തുടങ്ങിയവയാണ് ട്രംപിന്റെ പ്രധാന ലക്ഷ്യങ്ങൾ. എന്നാൽ അതിനു പകരം ചൈനയ്ക്ക് എന്തു ലഭിക്കും? ചൈന ആഗ്രഹിക്കുന്നത് ചിപ് മേക്കിങ് ഉപകരണങ്ങൾക്കും അഡ്വാൻസ്ഡ് മെമ്മറി ചിപ്പുകൾക്കും മേലുള്ള യുഎസിന്റെ നിയന്ത്രണം പിൻവലിക്കലും ഭാവിയിൽ ചൈനീസ് വ്യാപാര മേഖലയെ തകർക്കാനുള്ള നടപടികൾ ഉണ്ടാകില്ലെന്ന ഉറപ്പുമാണ്. ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങൾ ∙ ഇറാൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ചൈനയുടെ സഹായം തേടുകയാണ് ട്രംപിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഔദ്യോഗികമായി ട്രംപ് ഇതു നിഷേധിച്ചെങ്കിലും ഇറാന്റെ എണ്ണയുടെ പ്രധാന ഉപഭോക്താവായ ചൈന, ഇറാനുമേലുള്ള സ്വാധീനം ഉപയോഗിച്ച് സമാധാന കരാർ സാധ്യമാക്കണമെന്ന ആവശ്യം ട്രംപ് ഉയർത്തിയേക്കും. യുക്രെയ്ൻ വിഷയത്തിലും ചൈനയോട് മധ്യസ്ഥത ആവശ്യപ്പെട്ടേക്കാം. What you should read next ∙ 2025 ഒക്ടോബറിൽ പരസ്പരം ഏർപ്പെടുത്തിയ തീരുവകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉണ്ടാക്കിയ കരാർ നീട്ടാൻ ഇരുനേതാക്കളും ആഗ്രഹിക്കുന്നു. വ്യാപാര കമ്മി കുറയ്ക്കാനായി ബോയിങ് വിമാനങ്ങൾ, സോയാബീനും ബീഫും അടക്കമുള്ള കാർഷിക ഉൽപന്നങ്ങൾ, ഊർജ ഉൽപന്നങ്ങൾ എന്നിവ വൻതോതിൽ വാങ്ങാൻ ചൈനയ്ക്കുമേലുള്ള യുഎസ് സമ്മർദം തുടരുന്നുണ്ട്. അതായത്, യുഎസിന്റെ ഉൽപന്നങ്ങൾക്ക് ചൈനീസ് വിപണിയിൽ കൂടുതൽ ഇളവുകൾ ആവശ്യപ്പെടുക എന്നതുതന്നെ. ∙യുഎസിന്റെ ഹൈടെക്, പ്രതിരോധ സാമഗ്രി നിർമാണത്തിന് അനിവാര്യമായ റെയർ എർത് മിനറൽസുമായി ബന്ധപ്പെട്ട കരാർ ദീർഘിപ്പിക്കുന്നതും ചർച്ചകളിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. സെമികണ്ടക്ടർ മേഖലയിലെ നിയന്ത്രണങ്ങളിൽ അയവു വരുത്താൻ ചൈന സമ്മർദം ചെലുത്തുമ്പോൾ, യുഎസ് തിരിച്ചും ചില വിട്ടുവീഴ്ചകൾക്ക് തയാറാകുന്നുണ്ടോ എന്നതു ശ്രദ്ധേയമാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് (Photo by ANDREW CABALLERO-REYNOLDS / AFP) (Photo by Brendan Smialowski / AFP) ∙ ഇലോൺ മസ്ക് (ടെസ്ല/സ്പേസ്എക്സ്), ടിം കുക്ക് (ആപ്പിൾ) എന്നിവർ ഉൾപ്പെടെ യുഎസിലെ പ്രമുഖ 17 കമ്പനികളുടെ സിഇഒമാർ ട്രംപിനൊപ്പമുണ്ട്. സാങ്കേതികവിദ്യാ ഇടപാടുകൾ ചർച്ച ചെയ്യുകയും വികസിത നിർമിതബുദ്ധിയുടെ (എഐ) അപകടസാധ്യതകളെക്കുറിച്ച് ആശയവിനിമയത്തിനുള്ള മാർഗങ്ങൾ സ്ഥാപിക്കുകയുമാണ് അവരുടെ ലക്ഷ്യം. ∙ തയ്വാനെച്ചൊല്ലി വർധിച്ചുവരുന്ന സംഘർഷങ്ങളും ഉച്ചകോടിയിൽ ചർച്ചയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഷി ചിൻപിങ്ങിന്റെ അജൻഡയിൽ ഒന്നാം സ്ഥാനത്തു തയ്വാൻ ആണ്. ട്രംപ് ഇറാൻ ഡീൽ ആഗ്രഹിക്കുമ്പോൾ, തയ്വാന്റെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കില്ലെന്ന നിലപാട് യുഎസ് എടുക്കണമെന്ന് ചൈനയും ആഗ്രഹിക്കുന്നു. ആദ്യ ഘട്ടമായി, തയ്വാനു യുഎസിന്റെ ആയുധങ്ങൾ വിൽക്കുന്നതു കുറയ്ക്കണമെന്ന് ചൈന ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. എന്നാൽ യുഎസ് നിലവിലെ നിലപാട് ആവർത്തിക്കാനാണ് സാധ്യത. ചൈനയെ മുട്ടുകുത്തിക്കുമെന്ന് ഒരു വർഷം മുൻപ് പ്രഖ്യാപിച്ചയാളാണ് ട്രംപ്. ഇന്ന് ചൈനയോട് ‘സഹായിക്കൂ’ എന്ന് അഭ്യർഥിക്കാൻ ബെയ്ജിങ് ഗ്രേറ്റ് ഹാൾ ഓഫ് ദ് പീപ്പിളിലേക്ക് നടന്നടുക്കുന്ന വൈരുദ്ധ്യമാണ് കാണാൻ കഴിയുന്നത്. ഒരു യുദ്ധം ഒരു ആഗോള ശക്തിയെ ഇത്ര പെട്ടെന്ന് ദുർബലമാക്കിയ ഉദാഹരണം ആധുനിക ഭൗമ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവമാണ്. ∙ മാരക ലഹരിമരുന്നായ ഫെന്റാനിലിന്റെ നിർമാണത്തിനുപയോഗിക്കുന്ന രാസവസ്തുക്കൾ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതു തടയാൻ കൂടുതൽ സഹകരണത്തിനായി ട്രംപ് ചിൻപിങ്ങിനു മേൽ സമ്മർദം ചെലുത്തുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. What you should read next വൈരുധ്യങ്ങളുടെ സന്ദർശനം വാചകമടിയിൽനിന്നു യാഥാർഥ്യത്തിലേക്കു വന്നുനിൽക്കുന്ന അവസ്ഥയിലാണ് ട്രംപ് ഇപ്പോൾ. ഒന്നാം ട്രംപ് ഭരണകൂടകാലത്ത് ചൈനയ്ക്കെതിരെ പ്രഖ്യാപിച്ച വ്യാപാര യുദ്ധവും കോവിഡിനെ ചൈനീസ് വൈറസ് എന്നു വിളിച്ചതും അടക്കമുള്ള കടുത്ത നിലപാടുകൾക്ക് ഇവിടെ പ്രസക്തിയുണ്ടാകുമെന്നു തോന്നുന്നില്ല. നിലവിലെ യുഎസിന്റെ സാമ്പത്തിക സാഹചര്യത്തിൽ, പ്രത്യേകിച്ച് പണപ്പെരുപ്പം കുറയ്ക്കുന്നതിനും വിതരണ ശൃംഖല പുനഃസ്ഥാപിക്കുന്നതിനും, ചൈനീസ് സഹകരണം അനിവാര്യമായിരിക്കുന്നു എന്നാണ് ട്രംപ് അനുകൂലികളുടെ വാദം. അതേസമയം, അമേരിക്ക ഫസ്റ്റ് എന്നു പ്രസംഗിച്ച ട്രംപ് ചൈനയ്ക്ക് മുന്നിൽ കീഴടങ്ങിയോ എന്നാണ് പ്രതിപക്ഷ വിമർശനം. യുഎസിന്റെ ഏകപക്ഷീയമായ കരുത്തിനു മങ്ങലേറ്റുവെന്നും ചൈന ഒരു നിർണായക ശക്തിയായി മാറിയെന്നും ഈ സന്ദർശനം വ്യക്തമാക്കുന്നുവെന്നും വിലയിരുത്തപ്പെടുന്നു. What you should read next അതേസമയം, ആഗോള വേദിയിൽ യുഎസ് ഉണ്ടാക്കുന്ന അസ്ഥിരതയ്ക്കുള്ള ഒരു ബദലായി സ്വയം അവതരിപ്പിക്കാനുള്ള അവസരമായി ചൈന ഈ ഉച്ചകോടിയെ കാണുന്നു. ഒരു ഭാഗത്ത് ഇറാന്റെ വിദേശകാര്യമന്ത്രി ബെയ്ജിങ് സന്ദർശിക്കുന്നു. അതേസമയം ട്രംപ് ചിൻപിങ്ങിനോട് ഇറാൻ കരാർ യാഥാർഥ്യമാക്കാൻ ഇടപെടണമെന്ന് അഭ്യർഥിക്കുന്നു. ഈ ഉച്ചകോടിയുടെ ഫലം എന്തായാലും അത് ചൈനയ്ക്ക് അനുകൂലമാകുമെന്നാണ് വാഷിങ്ടനിലെ സ്ട്രറ്റീജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസ് സെന്ററിലെ സ്കോട്ട് കെന്നഡിയുടെ വിലയിരുത്തൽ. ഉച്ചകോടിയുടെ അജൻഡ തന്നെ ‘5 ബി’കളും ‘3 ടി’കളുമാണെന്ന് അദ്ദേഹം പറയുന്നു. യുഎസിന്റെ ലക്ഷ്യമാണ് 5 ബികൾ – ബോയിങ്, ബീഫ്, ബീൻസ് (സോയബീൻ), ബോർഡ് ഓഫ് ട്രേഡ്, ബോർഡ് ഓഫ് ഇൻവെസ്റ്റ്മെന്റ്. ചൈനയുടേത് ‘3 ടി’കൾ– തയ്വാൻ, താരിഫ്, ടെക്നോളജി. ചൈനയെ മുട്ടുകുത്തിക്കുമെന്ന് ഒരു വർഷം മുൻപ് പ്രഖ്യാപിച്ചയാളാണ് ട്രംപ്. ഇന്ന് ചൈനയോട് ‘സഹായിക്കൂ’ എന്ന് അഭ്യർഥിക്കാൻ ബെയ്ജിങ് ഗ്രേറ്റ് ഹാൾ ഓഫ് ദ് പീപ്പിളിലേക്ക് നടന്നടുക്കുന്ന വൈരുദ്ധ്യമാണ് കാണാൻ കഴിയുന്നത്. ഒരു യുദ്ധം ഒരു ആഗോള ശക്തിയെ ഇത്ര പെട്ടെന്ന് ദുർബലമാക്കിയ ഉദാഹരണം ആധുനിക ഭൗമ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവമാണ്. അതേസമയം, ഈ ഉച്ചകോടിയെ ചൈനയുടെ ഏകപക്ഷീയ വിജയമായി മാത്രം കാണാനാകില്ലെന്ന വിലയിരുത്തലും ശക്തമാണ്. മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച, റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി, യുവാക്കൾക്കിടയിലെ ഉയർന്ന തൊഴിലില്ലായ്മ, കയറ്റുമതിയിലുള്ള അമിത ആശ്രയം തുടങ്ങിയ വെല്ലുവിളികൾ ചൈന നേരിടുന്നുണ്ട്. കൂടാതെ, ഹോർമുസ് കടലിടുക്കിലെ അസ്ഥിരത ചൈനയുടെ എണ്ണ ഇറക്കുമതിയെയും ഊർജസുരക്ഷയെയും നേരിട്ടു ബാധിക്കാനുള്ള സാധ്യതയുള്ളതിനാൽ, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ നിയന്ത്രണവിധേയമാക്കുന്നതിൽ ബെയ്ജിങ്ങിനും വ്യക്തമായ താൽപര്യമുണ്ടെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. English Summary: Donald Trump's visit to China marks a significant shift in global politics, moving from trade war rhetoric to seeking Chinese assistance for a struggling economy. This marks the first visit by a US president to China since 2017, highlighting a complex geopolitical landscape.
