ഓൺലൈൻ പ്രതിനിധി Published: June 14, 2026 10:12 PM IST 2 minute Read Link Copied അബ്ദുൽ റംഷീദ്. (Photo: Special Arrangement) Mail This Article × Follow Us കോഴിക്കോട് ∙ പരാതിക്കാരന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്നും 25 ഇടപാടുകളിലായി ഒരു കോടി രൂപ ഓൺലൈനായി തട്ടിയെടുത്ത കേസിലെ പ്രതിയെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടി. സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഓൺലൈൻ സൈബർ തട്ടിപ്പ് കേസിലാണ് നിർണായക അറസ്റ്റ് രേഖപ്പെടുത്തിയത്. വിമാനം ഇറങ്ങവേ പിടിയിലായ പ്രതിയുടെ പക്കൽ നിന്ന് 1.4 കിലോ കള്ളക്കടത്ത് സ്വർണവും പിടിച്ചെടുത്തു. What you should read next കോഴിക്കോട് സ്വദേശിയായ പരാതിക്കാരൻ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടർന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ തട്ടിപ്പിന് ഉപയോഗിച്ച വാട്സാപ് നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി രേഖകൾ, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ, അക്കൗണ്ട് ഐപി ലോഗിൻ വിവരങ്ങൾ, ഡിജിറ്റൽ പണമിടപാട് രേഖകൾ തുടങ്ങിയവ വിശദമായി പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. What you should read next പരാതിക്കാരന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ നിന്നും തട്ടിയെടുത്ത തുകയുടെ ഒരു ഭാഗമായ 26.40 ലക്ഷം രൂപ കാസർകോട് കുമ്പള അരിക്കാടി ബന്നംകുളം ന്യൂ ബഹ്റൈൻ മൻസിൽ അബ്ദുൽ റംഷീദിന്റെ പേരിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഈ തുകയിൽ നിന്നും രണ്ടര ലക്ഷം രൂപ ചെക്ക് വഴി പിൻവലിച്ചതായും ഒരു ലക്ഷം രൂപ എടിഎമ്മിലൂടെയും പിൻവലിച്ചതായി വ്യക്തമായി. ഈ സാമ്പത്തിക ഇടപാടുകൾ സൂക്ഷ്മമായി വിശകലനം ചെയ്താണ് അബ്ദുൽ റംഷീദ് എന്ന പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഈ മാസം 11 ന് വിദേശത്തുനിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ പ്രതിയെ ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എം.വി.ശ്രീദാസന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ടി.നൗഷാദ്, സിപിഒമാരായ വി.ബിജു, എ.സി.മുജീബ് റഹ്മാൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘം കണ്ണൂരിലെത്തി തുടർനടപടികൾ സ്വീകരിക്കുന്നതിന് ഇടയിലാണ് സ്വർണക്കടത്തുമായി ഇയാളുടെ ബന്ധം കൂടി പുറത്തുവന്നത്. പൊലീസിന് കൈമാറുന്നതിനു മുൻപ് കസ്റ്റംസ് അധികൃതർ നടത്തിയ വിശദമായ പരിശോധനയിൽ പ്രതിയുടെ കൈവശം ഏകദേശം 1.4 കിലോഗ്രാം കള്ളക്കടത്ത് സ്വർണം കണ്ടെത്തുകയായിരുന്നു. തുടർന്ന് കസ്റ്റംസ് വകുപ്പ് ബന്ധപ്പെട്ട നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ സമാഹരിക്കുന്ന പണം വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറുന്ന സംഘടിത സൈബർ സാമ്പത്തിക തട്ടിപ്പ് ശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് റംഷീദ് എന്നതും കണ്ടെത്തി. What you should read next സൈബർ തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുന്നതിനുള്ള നടപടികൾ നടത്തുന്നതിനിടെയാണ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കൂടി പുറത്തുവന്നത്. ഇതോടെ പ്രതിക്ക് രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന സൈബർ സാമ്പത്തിക തട്ടിപ്പ് ശൃംഖലയുമായും സ്വർണക്കടത്ത് പ്രവർത്തനങ്ങളുമായും ബന്ധമുണ്ടോയെന്നു പരിശോധിച്ച് വരികയാണ്. സൈബർ തട്ടിപ്പ് വഴി സമാഹരിക്കുന്ന പണവും രാജ്യാന്തര കള്ളക്കടത്ത് ശൃംഖലകളും തമ്മിലുള്ള ബന്ധങ്ങളുടെ സാധ്യതയും വിലയിരുത്തി വരുന്നു. English Summary: Online Scammer with Smuggled Gold Caught at Airport: A major online financial fraudster has been apprehended by Kozhikode City Cyber Crime Police for defrauding a complainant and his wife of one crore rupees through 25 transactions. The arrest, made upon the accused's arrival on a flight, also led to the seizure of 1.4 kg of smuggled gold. ×
