ഓൺലൈൻ ഡെസ്ക് Published: June 16, 2026 12:58 PM IST 1 minute Read Link Copied റഷ്യയുടെ യുദ്ധവിമാനമായ ടിയു-22എം3. (Photo: Yuri KADOBNOV / AFP) Mail This Article × Follow Us മോസ്കോ∙ സൈബീരിയയിലെ ഇർകുത്സ്ക് മേഖലയിൽ പരിശീലന പറക്കലിനിടെ റഷ്യയുടെ യുദ്ധവിമാനമായ ടിയു-22എം3 തകർന്നുവീണു. വിമാനം കുത്തനെ താഴേക്ക് പതിക്കുകയും വൻതോതിൽ പുക ഉയരുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. യുഎസ് ബോംബറായ ബി-52 തകർന്നു വീണ ദിവസം തന്നെയാണ് റഷ്യൻ വിമാനവും തകർന്നത്. ശീതയുദ്ധ കാലത്താണ് (കോൾഡ് വാർ) ഇരു വിമാനങ്ങളും വികസിപ്പിച്ചത്. What you should read next നാശനഷ്ടങ്ങളൊന്നുമില്ലെന്നും ടിയു-22എം3 വിമാനം യുദ്ധസാമഗ്രികളില്ലാതെയാണ് പറന്നിരുന്നതെന്നും റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കമൻക ഗ്രാമത്തിന് സമീപമാണ് വിമാനം തകർന്നുവീണതെന്ന് ഇർകുത്സ്ക് ഗവർണർ ഇഗോർ കോബ്സേവ് പറഞ്ഞു. എൻജിൻ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. നാറ്റോ 'ബാക്ക്ഫയർ' എന്ന് കോഡ് നാമം നൽകിയിട്ടുള്ള ടിയു-22, സോവിയറ്റ് കാലഘട്ടത്തിലെ സൂപ്പർസോണിക് ബോംബർ വിമാനമാണ്. സിറിയയിലും യുക്രെയ്നിലും റഷ്യ ഇത് യുദ്ധത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ പുതിയ പതിപ്പായ ടിയു-22എം3ക്ക് കെഎച്ച്-22 ക്രൂസ് മിസൈലുകളും, വിമാനത്തിൽ നിന്നു തൊടുക്കാവുന്ന ഹൈപ്പർസോണിക് മിസൈലുകളും വഹിക്കാൻ ശേഷിയുണ്ട്. What you should read next യുഎസ് സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചതിനു പിന്നാലെയാണ് റഷ്യൻ വിമാനം അപകടത്തിൽപ്പെട്ടത്. ലൊസാഞ്ചലസിന് ഏകദേശം 95 കിലോമീറ്റർ വടക്കുള്ള എഡ്വേഡ്സ് വ്യോമസേനാ താവളത്തിലാണ് ബി–52 തകർന്നത്. പരീക്ഷണ പറക്കലിന്റെ ഭാഗമായി സഞ്ചരിച്ച വിമാനമാണ് തകർന്നതെന്നും ആരും രക്ഷപ്പെട്ടിട്ടില്ലെന്നും എഡ്വേഡ്സ് എയർഫോഴ്സ് ബേസ് പ്രസ്താവനയിൽ പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. English Summary: Cold War Era Aircraft Meet With Accidents: Russian TU-22M3 bomber crashed during a training flight in Siberia, shortly after a US B-52 bomber also crashed. Both aircraft are remnants of the Cold War era and are capable of carrying nuclear weapons. ×
