Link Copied നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ പിടിയിലായ ശുഭം ഖൈർനാറിനെ (പിൻസീറ്റിൽ മുഖംമൂടി ധരിച്ച് ഇരിക്കുന്നയാൾ) സിബിഐ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തപ്പോൾ. (PTI Photo) Mail This Article × Follow Us ന്യൂഡൽഹി ∙ നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ മഹാരാഷ്ട്രയിൽ നിന്ന് മുഖ്യപ്രതികളിലൊരാളായ ബിഎഎംഎസ് വിദ്യാർഥി ശുഭം ഖൈർനാറിനെ (30) സിബിഐ കസ്റ്റഡിയിലെടുത്തു. 22 ലക്ഷത്തിലധികം വിദ്യാർഥികൾ എഴുതിയ പരീക്ഷ, ചോർച്ച സ്ഥിരീകരിച്ചതിനെ തുടർന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. മഹാരാഷ്ട്രയിലെ നാസിക് കേന്ദ്രീകരിച്ചാണ് ചോദ്യപേപ്പറിന്റെ ആദ്യ ഡിജിറ്റൽ പകർപ്പ് പ്രചരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. What you should read next നാസിക് ഇന്ദിരാനഗർ സ്വദേശിയായ ശുഭം ഖൈർനാർ, പുണെയിലുള്ള ഒരു ഏജന്റിൽ നിന്ന് 10 ലക്ഷം രൂപയ്ക്കാണ് ചോദ്യപേപ്പർ വാങ്ങിയത്. തുടർന്ന് ഇത് ഹരിയാനയിലുള്ള മറ്റൊരു സംഘത്തിന് 15 ലക്ഷം രൂപയ്ക്ക് മറിച്ച് വിറ്റ് 5 ലക്ഷം രൂപ ലാഭമുണ്ടാക്കിയതായാണ് സിബിഐ വ്യക്തമാക്കുന്നത്. എൻക്രിപ്റ്റഡ് മെസേജിങ് ആപ്പുകൾ വഴിയാണ് പേപ്പർ കൈമാറിയത്. അന്വേഷണം ഭയന്ന് മുടി മുറിച്ച് രൂപമാറ്റം വരുത്തിയ ശുഭം, നാസിക്കിലെ ഒരു ക്ഷേത്രത്തിലേക്ക് പോകുന്നതിനിടയിലാണ് നാടകീയമായി പിടിയിലാകുന്നത്. സാങ്കേതിക നിരീക്ഷണ സംവിധാനങ്ങളുടെയും പഴയ ചിത്രങ്ങളുടെയും സഹായത്തോടെയാണ് സിബിഐ ഇയാളെ തിരിച്ചറിഞ്ഞത്. അതേസമയം, മകനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അന്വേഷണം സുതാര്യമായി നടക്കണമെന്നുമാണ് ശുഭത്തിന്റെ പിതാവ് മധുകർ ഖൈർനാർ പ്രതികരിച്ചത്. ചോർച്ച ഇങ്ങനെ പരീക്ഷ തുടങ്ങുന്നതിന് 45 മണിക്കൂർ മുൻപ് തന്നെ ചോദ്യപേപ്പർ ചോർന്നിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ പഠിക്കുന്ന രാജസ്ഥാനിലെ സീകർ സ്വദേശിയായ ഒരു വിദ്യാർഥി, സീക്കറിൽ ഹോസ്റ്റൽ നടത്തുന്ന തന്റെ പിതാവിന് ‘മാതൃകാ ചോദ്യപ്പേപ്പർ’ എന്ന പേരിൽ പിഡിഎഫ് രൂപത്തിൽ അയച്ചതോടെയാണ് ചോർച്ചയുടെ വിവരങ്ങൾ ആദ്യമായി പുറത്തുവരുന്നത്. പരീക്ഷയ്ക്ക് ശേഷം അധ്യാപകർ ഈ പേപ്പർ ഒത്തുനോക്കിയപ്പോൾ കെമിസ്ട്രിയിൽ 108ൽ 45 ചോദ്യങ്ങളും, ബയോളജിയിൽ 204ൽ 90 ചോദ്യങ്ങളും യഥാർഥ ചോദ്യപേപ്പറിലും ഉള്ളതായി കണ്ടെത്തി. സീകറിലെ ചില കോച്ചിങ് സെന്ററുകൾ ഈ പേപ്പർ ഉപയോഗിച്ച് പ്രത്യേക വിദ്യാർഥികൾക്ക് മുൻകൂട്ടി പരിശീലനം നൽകിയതായും വിവരമുണ്ട്. പിന്നിൽ വൻ സാങ്കേതികവിദ്യ പോർട്ടബിൾ സ്കാനറുകളും, ടെലിഗ്രാം ശൃംഖലകളും, ഷാഡോ സെർവറുകളും അടങ്ങുന്ന വൻ സാങ്കേതിക വിദ്യയാണ് ചോദ്യപേപ്പർ ചോർത്താൻ റാക്കറ്റ് ഉപയോഗിച്ചത്. പരാതിയുമായി ഒരു അധ്യാപകർ ആദ്യം സമീപിച്ചെങ്കിലും രാജസ്ഥാൻ പൊലീസ് കേസ് റജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. തുടർന്ന് ഇവർ എൻടിഎയ്ക്ക് ഇമെയിൽ അയക്കുകയും, എൻടിഎ വിവരങ്ങൾ ഇന്റലിജൻസ് ബ്യൂറോയ്ക്ക് കൈമാറുകയുമായിരുന്നു. ഐബിയുടെ നിർദേശപ്രകാരം രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിലാണ് മേയ് 8 ഓടെ രാജസ്ഥാനിൽ നിന്ന് ഹരിയാനയിലേക്കും നാസിക്കിലേക്കും നീളുന്ന വൻ റാക്കറ്റിന്റെ വിവരങ്ങൾ പുറത്തുവന്നത്. കേസിൽ മാസ്റ്റർമൈൻഡ് എന്ന് കരുതപ്പെടുന്ന മനീഷ് യാദവ്, സികാറിലെ കൺസൾട്ടൻസി കേന്ദ്രവുമായി ബന്ധമുള്ള രാകേഷ് മന്ദ്വാനിയ എന്നിവരുൾപ്പെടെ 15 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിയാന, രാജസ്ഥാൻ, ബിഹാർ, ജമ്മു കശ്മീർ, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് ചോദ്യപേപ്പർ വ്യാപിച്ചതായാണ് കണ്ടെത്തൽ. English Summary: NEET Question paper leak: NEET UG exam question paper leak investigation intensifies as CBI arrests Shubham Khairnar in Nashik, uncovering a 5 lakh rupee profit from reselling the leaked paper. The investigation reveals a widespread racket involving advanced technology and connections across multiple states, including Kerala.
