സീന എലിസബത്ത് മാമ്മൻ Published: June 15, 2026 01:42 PM IST 1 minute Read Link Copied കോട്ടയത്ത് പ്രിയദർശിനി ബസ് സർവീസ് ഉദ്ഘാടന വേളയിൽനിന്ന് (ചിത്രം: മനോരമ) Mail This Article × Follow Us കോട്ടയം ∙ അകത്തും പുറത്തും പിങ്ക് നിറത്തിലുള്ള ബലൂണുകൾ കെട്ടിയൊരുക്കി KL15 8149 എന്ന ബസ് കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നു നിരത്തിലേക്കുരുണ്ടു. ജില്ലയിൽനിന്നു ‘പ്രിയദർശിനി’യുടെ ആദ്യ ഓട്ടം കുമരകം വഴി ചേർത്തലയ്ക്ക്. രാവിലെ 9 മണിക്ക് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ജില്ലയിലെ വനിതാ സൗജന്യ യാത്ര ഉദ്ഘാടനം ചെയ്തു. പിന്നാലെ മധുര വിതരണം. ബസിൽ കയറി നിന്ന് തിരുവഞ്ചൂരും യുഡിഎഫ് പ്രവർത്തകരും യാത്രക്കാരെ അഭിസംബോധന ചെയ്തു. 9.20ന് കണ്ടക്ടർ ജയലക്ഷ്മി ഡബിൾ ബെൽ അടിച്ചു. ബസ് നേരെ ചേർത്തലയ്ക്ക്. 9 വർഷമായി കോട്ടയം ഡിപ്പോയിൽ ജോലി ചെയ്യുന്ന ജയലക്ഷ്മിക്ക് ഉദ്ഘാടന യാത്രയുടെ ഭാഗമാകാൻ സാധിച്ചതിൽ ഇരട്ടി സന്തോഷം. What you should read next ബസിന്റെ മുൻ ഗ്ലാസിന്റെ ഇടതുവശത്തായി ‘പ്രിയദർശിനി സൗജന്യ യാത്ര’ എന്നെഴുതിയിരിക്കുന്നു. പുറമേ വശങ്ങളിൽ സൗജന്യ യാത്രയെന്നെഴുതിയ പോസ്റ്റർ സ്ഥാപിച്ചിട്ടുണ്ട്. സൗജന്യ യാത്ര നടപ്പിലാക്കുന്ന 3125 ബസുകളിലും ഈ രീതിയാണ് പിന്തുടരുന്നത്. കെഎസ്ആർടി ബസ് സ്റ്റാൻഡിൽ ഇന്ന് പതിവിലുമേറെ വനിതാ യാത്രികരുണ്ടായിരുന്നു. സ്ഥിരം യാത്രക്കാർക്കു പുറമേ, സൗജന്യ യാത്രയുടെ കൗതുകം അറിയാൻ വെറുതെ ‘ചേർത്തലയ്ക്ക് ഒരു ട്രിപ്പടിക്കാം’ എന്ന ചിന്തയിൽ മറ്റനേകം വനിതകളും. ഡിപ്പോയിൽ നിന്ന് കയറി തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങിയവരും ഉദ്ഘാടന യാത്രയുടെ ത്രില്ലിൽ! ബസ് കടന്നു പോകുമ്പോൾ വഴിയോരങ്ങളിൽ നിന്ന് പലരും യാത്രക്കാർക്കു നേരെ കൈവീശിക്കാണിച്ചു. തിരിച്ച് ആവേശത്തോടെ യാത്രികരുടെ പ്രതികരണം. അയൽ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന വനിതാ സൗജന്യ യാത്രാ പദ്ധതി കേരളത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കോൺഗ്രസിന്റെ ഇന്ദിരാ ഗാരന്റി പ്രഖ്യാപനത്തെ തിരഞ്ഞെടുപ്പു വാഗ്ദാനമായി മാത്രമേ കണക്കാക്കിയിരുന്നുള്ളുവെന്നും പറഞ്ഞ ചില വനിതാ യാത്രികർ, സർക്കാർ അധികാരത്തിലേറി ദിവസങ്ങൾക്കകം പദ്ധതി നടപ്പിലാക്കിയതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു. പതിവായി ബസുകളെ ആശ്രയിച്ച് ജോലിക്കു പോകുന്ന സ്ത്രീകൾ, തങ്ങളുടെ വരുമാനത്തിൽനിന്ന് മാസം ഒരു തുക ലാഭിക്കാൻ കഴിയുമെന്നുള്ള ആശ്വാസത്തിലാണ്. കുടുംബ ബജറ്റിനെ മികച്ച രീതിയിൽ ക്രമപ്പെടുത്താൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ഇവർ പറയുന്നു. വിദ്യാർഥിനികൾക്കും ആശ്വാസമാവുകയാണ് ‘പ്രിയദർശിനി’. English Summary: First 'Priyadarshini' bus from Kottayam to Cherthala via Kumarakam, offering free travel for women. Inaugurated by Thiruvanchoor Radhakrishnan, the scheme brings joy and relief to women commuters, students, and families in Kottayam. ×
