ഓൺലൈൻ ഡെസ്ക് Published: May 30, 2026 11:34 AM IST 1 minute Read Link Copied അമിത് ഷാ, സുവേന്ദു അധികാരി (Image: PTI) Mail This Article × Follow Us കൊൽക്കത്ത∙ ഹൂഗ്ലിയിലെ സിംഗൂരിലേക്ക് ടാറ്റാ ഗ്രൂപ്പ് തിരിച്ചുവരണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യ. സിംഗൂരിന്റെ രാഷ്ട്രീയ-വ്യാവസായിക പാരമ്പര്യം പുനർനിർമിക്കാൻ ലക്ഷ്യമിട്ടാണ് പ്രതികരണം. ഇത് സാമ്പത്തിക ആവശ്യകത മാത്രമല്ല, സംസ്ഥാനം വീണ്ടും വ്യവസായത്തിനു തുറന്നിരിക്കുന്നു എന്ന ശക്തമായ സന്ദേശം കൂടിയാണു നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ, സംസ്ഥാനത്ത് ബിജെപി സർക്കാരിന്റെ വ്യാവസായിക കാഴ്ചപ്പാടിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു ഭട്ടാചാര്യ. രണ്ട് പതിറ്റാണ്ട് മുൻപ് നാനോ കാർ പ്ലാന്റ് സംസ്ഥാനത്തുനിന്നു പുറത്തേക്കു കൊണ്ടുപോകേണ്ടി വന്നതുമൂലം നിക്ഷേപകർക്കു നൽകിയ ‘തെറ്റായ സന്ദേശം’ മായ്ക്കാൻ ടാറ്റയുടെ തിരിച്ചുവരവ് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘ടാറ്റ സിംഗൂരിലേക്കു തിരിച്ചുവരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ബംഗാൾ നിക്ഷേപ സൗഹൃദമാണെന്നും നിക്ഷേപങ്ങളെ സ്വാഗതം ചെയ്യാൻ തയാറാണെന്നും രാജ്യത്തിനും ലോകത്തിനും മുഴുവൻ സന്ദേശം നൽകണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം’’ – ഭട്ടാചാര്യ പറഞ്ഞു. ഇന്ത്യയുടെ വ്യാവസായിക ശക്തികേന്ദ്രമായിരുന്നെങ്കിലും പതിറ്റാണ്ടുകളായി പിന്നോട്ടുപോയ സംസ്ഥാനത്ത് വ്യവസായവൽക്കരണത്തിന്റെ നട്ടെല്ലായി മാറുന്ന പുതിയ ഭൂനയത്തിന് പുതിയ ബിജെപി സർക്കാർ രൂപം നൽകുന്നതിനിടെയാണ് ഈ പരാമർശമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. What you should read next 2008 ൽ മമത ബാനർജി നയിച്ച ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് നാനോ പദ്ധതി സിംഗൂരിൽനിന്നു പിൻവാങ്ങിയത് ഓർമിപ്പിച്ച ഭട്ടാചാര്യ, ടാറ്റ മോട്ടോഴ്സ് പ്ലാന്റ് പൊളിച്ചുമാറ്റിയ ദൃശ്യം വ്യവസായത്തിന് ബംഗാൾ എതിരാണെന്ന പ്രതിച്ഛായ സൃഷ്ടിച്ചുവെന്നും പറഞ്ഞു. ‘‘ടാറ്റ ബംഗാൾ വിട്ടുപോകുന്നതും അടിസ്ഥാന സൗകര്യങ്ങൾ പൊളിച്ചുമാറ്റുന്നതും വളരെ തെറ്റായ സന്ദേശമാണ് നൽകിയത്. ബംഗാളിൽ വ്യവസായങ്ങൾക്കു സ്വാഗതമില്ലെന്നായിരുന്നു അത്. പിന്നീട് കട്ട്-മണി സംസ്കാരം, സിൻഡിക്കേറ്റ് രാജ്, സ്ഥാപനവൽക്കരിച്ച അഴിമതി എന്നിവ സ്ഥിതി കൂടുതൽ വഷളാക്കി. ആ ധാരണ തിരുത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’’ – അദ്ദേഹം പറഞ്ഞു. സിംഗൂരിലേക്കുള്ള ടാറ്റയുടെ തിരിച്ചുവരവ് മുൻ ഭരണകൂടത്തിന്റെ ‘തെറ്റുകൾക്കുള്ള പ്രായശ്ചിത്തം’ ആകുമോ എന്ന ചോദ്യത്തിന്, ടാറ്റ മോട്ടോഴ്സിന്റെ വിടവാങ്ങൽ സംസ്ഥാനത്തിന്റെ നിക്ഷേപ അന്തരീക്ഷത്തിനു ശാശ്വത നാശമുണ്ടാക്കിയെന്ന മറുപടിയാണ് ഭട്ടാചാര്യ നൽകിയത്. ‘‘ടാറ്റ സിംഗൂരിലേക്കോ ബംഗാളിലേക്കോ ഏതു രൂപത്തിലും തിരിച്ചുവരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, ഓട്ടമൊബീലായാലും മറ്റേതെങ്കിലും മേഖലയായാലും. അവർ നമ്മുടെ രാജ്യത്തെ ഏറ്റവും പഴക്കമേറിയതും ബഹുമാനിക്കപ്പെടുന്നതും വിശ്വസ്തവുമായ ഗ്രൂപ്പുകളിലൊന്നാണ്’’ – അദ്ദേഹം കൂട്ടിച്ചേർത്തു. English Summary: BJP Urges Tata Motors to Return to Singur, West Bengal: Tata Motors' return to Singur is a key focus for West Bengal's industrial revival, according to BJP state president Samik Bhattacharya. This call aims to reshape the political and industrial heritage of Singur, signaling that the state is once again open for business and welcoming investments. ×
