ലിജിൻ മത്തായി Published: June 09, 2026 11:35 AM IST 1 minute Read Link Copied പ്രതീകാത്മക ചിത്രം ∙ മനോരമ Mail This Article × Follow Us ശാസ്താംകോട്ട (കൊല്ലം) ∙ നീല സ്കൂട്ടറിൽ ചുറ്റിനടന്നു പെൺകുട്ടികളെ കടന്നു പിടിച്ച ശേഷം കടന്നു കളയുന്ന അജ്ഞാതനെ കണ്ടെത്താൻ കഴിയാതെ പൊലീസ് വട്ടം കറങ്ങുന്നു. കൊല്ലം റൂറൽ പൊലീസിന്റെ വിവിധ സ്റ്റേഷൻ പരിധികളിലായി ഒരാഴ്ചയ്ക്കിടെ നടന്ന മൂന്നു സംഭവങ്ങളിലെ പ്രതിയാണ് കാണാമറയത്ത് തുടരുന്നത്. വീടുകളും നിരീക്ഷണ ക്യാമറകളും ഇല്ലാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് പെൺകുട്ടികൾ ആക്രമിക്കപ്പെട്ടത്. What you should read next സ്കൂൾ പ്രവേശനോത്സവ ദിവസം ശൂരനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചക്കുവള്ളി-മലനട റോഡിൽ ബസിറങ്ങി നടന്നു വരികയായിരുന്ന വിദ്യാർഥിനിയെ ഇയാൾ കടന്നുപിടിച്ചു. ഇരുവശവും നീളത്തിൽ മതിലുള്ള ചെറിയ റോഡിലൂടെ പെൺകുട്ടി ഒറ്റയ്ക്കു പോകുമ്പോഴാണ് സംഭവം. സ്കൂട്ടർ ഓടിച്ചു നൂറ് മീറ്ററോളം മുന്നോട്ടു പോയ ശേഷം തിരികെ വന്നാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഇതേ ദിവസം കിഴക്കേ കല്ലട നിലമേൽ ഭാഗത്തും ഒരു പെൺകുട്ടി സമാനരീതിയിൽ ആക്രമണത്തിനിരയായി. കഴിഞ്ഞ ദിവസം ശാസ്താംകോട്ട സ്റ്റേഷൻ പരിധിയിൽ പടിഞ്ഞാറേകല്ലട തോപ്പിൽ കടവിൽ ഉച്ചയ്ക്ക് സൈക്കിളിൽ വന്ന വിദ്യാർഥിനി ആക്രമിക്കപ്പെട്ടു. കൂട്ടുകാർ ഓരോ വഴിക്ക് പിരിഞ്ഞ് പെൺകുട്ടി ഒറ്റയ്ക്കായ സമയത്താണു സംഭവം. സ്കൂട്ടറിൽ പിന്നാലെയെത്തി സൈക്കിൾ ഇടിച്ചിട്ട ശേഷമാണ് ആക്രമിച്ചത്. നിലവിളിച്ചുകൊണ്ട് സമീപത്തെ വീട്ടിലേക്ക് പെൺകുട്ടി ഓടി കയറിയതോടെ ഇയാൾ സ്കൂട്ടറിൽ കടന്നു. ഹെൽമറ്റണിഞ്ഞു മാസ്ക് ധരിച്ചിരുന്ന ഇയാൾ തന്റെ മാല പൊട്ടിക്കാൻ ശ്രമിച്ചതായും പെൺകുട്ടി പറഞ്ഞു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി മൂന്ന് സംഭവങ്ങളിലും കേസെടുത്തെങ്കിലും പ്രതിയിലേക്ക് എത്തുന്ന സൂചനകളൊന്നും പൊലീസിനു ലഭിച്ചില്ല. വ്യാജ റജിസ്ട്രേഷൻ നമ്പർ പതിച്ച സ്കൂട്ടറിലാണ് എത്തുന്നതെന്നും സംശയമുണ്ട്. കിഴക്കേ കല്ലട ചീക്കൽ കടവ് പാലം വഴി കുന്നത്തൂർ നെടിയവിള- ഭരണിക്കാവ് ഭാഗത്തേക്ക് ഇയാൾ വന്നതായി സൂചനകൾ ലഭിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. English Summary: Unknown assailant targeting girls in kollam on blue scooter: The police are struggling to find the unknown person who roams around on a blue scooter, molests girls, and then flees. The culprit, who has been at large for the past week, is involved in three incidents within the limits of various Kollam Rural Police stations. The girls were attacked in isolated places without houses or surveillance cameras. ×
