ഓൺലൈൻ ഡെസ്ക് Published: May 10, 2026 03:43 PM IST 1 minute Read Link Copied ഖൈബർ പഖ്തൂൺഖ്വയിലെ പൊലീസ് പോസ്റ്റിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ കത്തിക്കരിഞ്ഞ വാഹനം ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു (Photo by Karim ULLAH / AFP) Mail This Article × Follow Us പെഷാവർ∙ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ പൊലീസ് പോസ്റ്റിൽ ചാവേർ സ്ഫോടനവും തുടർന്ന് ഭീകരാക്രമണവും നടന്നു. കുറഞ്ഞത് 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ജില്ലയായ ബന്നുവിലാണ് സംഭവം. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പൊലീസ് പോസ്റ്റിലേക്ക് അടുക്കുന്നതു കണ്ട സുരക്ഷാസേന വെടിയുതിർത്തു. ഇതേത്തുടർന്ന് വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ പരിസരത്തെ നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു. പൊലീസ് പോസ്റ്റ് കെട്ടിടം നിലംപൊത്തുകയും ഒന്നിലധികം സുരക്ഷാ ഉദ്യോഗസ്ഥർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങുകയും ചെയ്തു. What you should read next സ്ഫോടനത്തിനു പിന്നാലെ ഭീകരർ ഒരു വലിയ സംഘമായി ആ പൊലീസ് പോസ്റ്റ് ലക്ഷ്യം വച്ച് ആക്രമണം നടത്തി. ഇരു ഭാഗങ്ങൾക്കുമിടയിൽ ശക്തമായ വെടിവയ്പ്പ് ഉണ്ടായി. ആക്രമണത്തിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ബന്നു പൊലീസ് വക്താവ് പിടിഐയോടു സ്ഥിരീകരിച്ചു. എത്ര ഭീകരർ കൊല്ലപ്പെട്ടു അല്ലെങ്കിൽ ആരെങ്കിലും പിടിക്കപ്പെട്ടോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. What you should read next ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി മുഹമ്മദ് സൊഹൈൽ ആഫ്രിദി ആക്രമണത്തെ ഭീകരവും ഭീരുത്വം നിറഞ്ഞതുമായ പ്രവൃത്തി എന്നാണു വിശേഷിപ്പിച്ചത്. ‘‘ഇത്തരം ആക്രമണങ്ങൾ വച്ച് പൊലീസിന്റെയും ജനങ്ങളുടെയും മനോബലം തകർക്കാൻ ഒരിക്കലും കഴിയില്ല’’ – അദ്ദേഹം കൂട്ടിച്ചേർത്തു. പരുക്കേറ്റവർക്കു മികച്ച ചികിത്സ ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായി ഓഫിസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച സമാനമായ ഒരു സംഭവം ദക്ഷിണ വസീരിസ്ഥാൻ മേഖലയിൽ ഉണ്ടാകുകയും ഒരു ഭീകരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, 2022 ൽ വെടിനിർത്തൽ കരാർ തകർന്നതിനുശേഷം ഖൈബർ പഖ്തൂൺഖ്വയിൽ നടക്കുന്ന അക്രമസംഭവങ്ങൾക്കു നിരോധിത ഭീകര സംഘടനയായ തെഹ്രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ആണ് ഉത്തരവാദിയെന്ന് പാക്കിസ്ഥാൻ സർക്കാർ ആരോപിക്കാറുണ്ട്. അഫ്ഗാനിസ്ഥാൻ അതിർത്തിയോടു ചേർന്നു കിടക്കുന്ന ഈ പ്രദേശം ദശകങ്ങളായി ഭീകരാക്രമണങ്ങൾ, അഫ്ഗാൻ ഭാഗത്തുനിന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം, ആവർത്തിച്ചുള്ള സൈനിക നടപടികൾ എന്നിവ നേരിടുന്നുണ്ട്. English Summary: A suicide bombing and subsequent terrorist attack on a police post in Pakistan's Khyber Pakhtunkhwa has resulted in the deaths of at least 15 security personnel and numerous injuries. This incident in the Bannu district involved a suicide bomber detonating an explosive-laden vehicle, causing significant damage to the police post and surrounding homes, followed by a large-scale terrorist assault. ×