കൊച്ചി ∙ സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിനു പ്രത്യേക നികുതിഘടന പ്രഖ്യാപിച്ചതിലൂടെ തുറന്നു കിട്ടുന്നത് പുതിയൊരു മദ്യവിപണി. 2022-23ലെ അബ്കാരി നയത്തിൽ കൊണ്ടുവന്ന ഭേദഗതികൾക്ക് നിയമപരമായ വ്യക്തത നൽകിക്കൊണ്ടാണ് ബജറ്റിലെ പുതിയ പ്രഖ്യാപനം. ബിയർ, വൈൻ എന്നിവയൊഴികെ വിപണിയിലിറങ്ങാൻ പോകുന്ന വീര്യം കുറഞ്ഞ പുതിയ ഉൽപന്നങ്ങൾക്കാണ് ഈ നികുതി ബാധകമാകുക. 120%, 175% എന്നിങ്ങനെയാണ് 0.5% മുതൽ 20% വരെ വീര്യമുള്ള മദ്യത്തിന്റെ നികുതി ഘടന. ഇതുവരെ ഈ വിഭാഗത്തിൽ നിന്നുള്ള നികുതി എത്രയെന്നതിൽ കൃത്യതയില്ലായിരുന്നു. കേരള പൊതു വിൽപന നികുതി നിയമപ്രകാരം ഇതിന് വ്യക്തത വരുത്തുന്നതാണ് ബജറ്റിലെ പുതിയ പ്രഖ്യാപനം. വിനോദ സഞ്ചാരികൾക്കടക്കം ലഭ്യമാകുന്ന തരത്തിൽ വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്നും വിദേശ നിര്‍മിത ബിയര്‍ വിൽപന അനുവദിക്കണമെന്നും നേരത്തെ തന്നെ ബവ്കോ ആവശ്യപ്പെട്ടിരുന്നു. What you should read next ∙ എന്താണ് വീര്യം കുറഞ്ഞ മദ്യം? കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2022-23ലെ അബ്കാരി നയത്തിന്റെ അടിസ്ഥാനത്തിൽ വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഭേദഗതി പ്രകാരം, ആൽക്കഹോൾ വീര്യം വളരെ കുറഞ്ഞ (0.5 ശതമാനം മുതൽ 20 ശതമാനം വരെ) മദ്യ ഉൽപന്നങ്ങളെ ‘വീര്യം കുറഞ്ഞ മദ്യം’ എന്ന പ്രത്യേക വിഭാഗമായി പരിഗണിച്ചിട്ടുണ്ട്. ചക്ക, കശുവണ്ടി, നേന്ത്രപ്പഴം തുടങ്ങിയ പ്രാദേശിക പഴവർഗങ്ങളിൽ നിന്നു കർഷകർക്കും കുടുംബശ്രീ കൂട്ടായ്മകൾക്കും ഇത്തരം മദ്യങ്ങളും ഫ്രൂട്ട് വൈനുകളും ഉൽപാദിപ്പിക്കാനുള്ള ചട്ടങ്ങൾ പൂർത്തിയായതോടെ ലൈസൻസ് നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി കേരള ചെറുകിട വൈനറി റൂൾസ്, കേരള മൈക്രോ–ഡിസ്റ്റിലറി റൂൾസ് തുടങ്ങിയ ചട്ടങ്ങൾ സർക്കാർ ഭേദഗതി ചെയ്ത് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ലേബൽ അപ്രൂവൽ ഫീസുകൾ കുറയ്ക്കുന്നതടക്കമുള്ള ഭേദഗതികളും ഇതിനകം വരുത്തിയിട്ടുണ്ട്. എന്നാൽ നിയമം വന്നെങ്കിലും കർഷക കൂട്ടായ്മകൾക്കോ കുടുംബശ്രീ യൂണിറ്റുകൾക്കോ ചെറുകിട വൈനറികൾ, ഡിസ്റ്റിലറികൾ സ്ഥാപിക്കുന്നതിനായി അബ്കാരി കമ്മിഷണർ വഴിയുള്ള അപേക്ഷകൾ സമർപ്പിക്കൽ, സ്പോട്ട് പരിശോധനകൾ, കെമിക്കൽ ലാബ് അനുമതികൾ, നിർമാണ യൂണിറ്റുകളുടെ പ്ലാൻ അംഗീകരിക്കൽ തുടങ്ങിയ പ്രായോഗിക തലത്തിലുള്ള നടപടിക്രമങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല. ഈ യൂണിറ്റുകൾക്ക് ലൈസൻസ് നേടി ഉൽപാദനം തുടങ്ങാൻ തടസ്സമായതിൽ പ്രധാനം കൃത്യമായ നികുതി ഘടന രൂപീകരിച്ചിട്ടില്ല എന്നതായിരുന്നു. ഇത്തവണ ബജറ്റിലൂടെ കൃത്യമായ നികുതി സ്ലാബുകൾ (120%, 175%) പ്രഖ്യാപിച്ചതോടെ ഈ യൂണിറ്റുകൾക്ക് അന്തിമ അനുമതിയോടെ വിപണിയിലേക്ക് ഉൽപന്നങ്ങൾ എത്തിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങാൻ സാധിക്കും. ∙ സ്വാഗതം ചെയ്ത് ടൂറിസം, ഹോട്ടല്‍ മേഖല നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കണം എന്നത് തങ്ങൾ പൊതുവേ സ്വാഗതം ചെയ്യുന്ന കാര്യമാണെന്നു ടൂറിസം മേഖലയിലുള്ളവർ പറയുന്നു. രാജ്യത്തെ മിക്ക ടൂറിസം മേഖലകളിലും ഇത്തരത്തില്‍ വീര്യം കുറഞ്ഞ മദ്യം ലഭ്യമാണെന്നും അവർ പറയുന്നു. മദ്യം എന്നതിനേക്കാൾ ‘നേരിയ വീര്യമുള്ള പഴച്ചാർ’ എന്നു പറയുന്നതാണ് ഉത്തമം എന്നും ഇവർ അഭിപ്രായപ്പെടുന്നു. What you should read next ‘കഴിഞ്ഞ 10–15 വര്‍ഷമായി ഞങ്ങൾ ആവശ്യപ്പെടുന്ന കാര്യമാണിത്. നികുതി കുറച്ച് ചെറിയ തോതിൽ ആൽക്കഹോളുള്ള ഡ്രിങ്ക്സ് ലഭ്യമാക്കണം. രാജ്യത്തെ പല ടൂറിസം കേന്ദ്രങ്ങളിലും ചെന്നാൽ ഇത് ഉപയോഗിക്കുന്നതു കാണാം. ടൂറിസം മേഖലയ്ക്കും മെച്ചമാണിത്. ‘ബെക്കാർഡി ബ്രീസർ’ പോലുള്ള ഡ്രിങ്കുകൾ വലിയ തോതിൽ ടൂറിസ്റ്റുകള്‍ക്കും ഇഷ്ടപ്പെടും’– പുതിയ പ്രഖ്യാപനത്തെക്കുറിച്ച് കേരള ട്രാവൽ മാർട്ട് പ്രസിഡന്റും വ്യവസായിയുമായ ജോസ് പ്രദീപ് പറയുന്നു. ∙ ഇതാണ് പുതിയ നികുതി നിരക്കുകൾ വീര്യത്തിന്റെ അടിസ്ഥാനത്തിൽ ഈ പുതിയ വിഭാഗത്തെ രണ്ടായി തിരിച്ചാണ് ബജറ്റിൽ വിൽപന നികുതി നിശ്ചയിച്ചിരിക്കുന്നത്. 0.5% മുതൽ 10% വരെ വീര്യമുള്ളവയ്ക്ക് 120% വിൽപന നികുതിയാണ് ചുമത്തിയിരിക്കുന്നത്. 10 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 175% വിൽപന നികുതി ഏർപ്പെടുത്തി. നിലവിൽ ഈ വിഭാഗത്തിൽപ്പെട്ട വീര്യം കുറഞ്ഞ പുതിയ മദ്യങ്ങൾ ബവ്കോ ഔട്ട്ലെറ്റുകളിൽ ലഭ്യമായിത്തുടങ്ങിയിട്ടില്ല. നികുതി നിശ്ചയിച്ചതോടെ ഇതിനുള്ള തടസ്സങ്ങൾ നീങ്ങിയിട്ടുണ്ട്. ∙ നിലവിലെ മദ്യങ്ങളുടെ വീര്യവും നികുതിയും ഇങ്ങനെ പുതിയ നികുതി പ്രഖ്യാപനം വരുമ്പോഴും സംസ്ഥാനത്ത് നിലവിലുള്ള ബിയർ, വൈൻ, ഇന്ത്യൻ നിർമിത വിദേശമദ്യം എന്നിവയുടെ നികുതിയിലും വീര്യത്തിലും മാറ്റമുണ്ടാകില്ല. സാധാരണയായി 4 ശതമാനം മുതൽ 8 ശതമാനം വരെ വീര്യമുള്ളവയാണ് സംസ്ഥാനത്ത് ലഭിക്കുന്ന ബിയറുകൾ. (ലൈറ്റ് ബിയർ 4%-5%, സ്ട്രോങ്ങ് ബിയർ 7%-8%). നിലവിലെ വിൽപന നികുതി 116 ശതമാനമാണ്. സാധാരണയായി 10% മുതൽ 14% വരെ (ശരാശരി 11% - 12.5%) വീര്യമുള്ളവയാണ് വൈൻ. ഇതിന്റെ നിലവിലെ വിൽപ്പന നികുതി 86 ശതമാനമാണ്. 2022 ഡിസംബറിലെ ഭേദഗതി പ്രകാരം മദ്യനികുതി 4% കൂട്ടിയതോടെയാണ് ബിയർ നികുതി 112 ശതമാനത്തിൽ നിന്ന് 116 ശതമാനവും വൈൻ നികുതി 82 ശതമാനത്തിൽ നിന്ന് 86 ശതമാനവുമായത്. ∙ മാറ്റമില്ലാതെ ഇന്ത്യൻ നിർമിത വിദേശ മദ്യം റം, ബ്രാൻഡി, വിസ്കി, വോഡ്ക, ജിൻ തുടങ്ങിയ വീര്യമേറിയ മദ്യങ്ങൾക്കുള്ള ആൽക്കഹോൾ അളവ് ഇന്ത്യയിൽ നിയമപരമായി അനുവദിച്ചിട്ടുള്ള പരമാവധി പരിധിയായ 42.8 ശതമാനമാണ്. രാജ്യത്തു തന്നെ ഏറ്റവും ഉയർന്ന മദ്യനികുതിയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ‘കെയ്സ് വില’യുടെ അടിസ്ഥാനത്തിൽ രണ്ട് സ്ലാബുകളായാണ് നികുതി ഈടാക്കുന്നത്. അതനുസരിച്ച് 400 രൂപ വരെയുള്ള മദ്യങ്ങൾക്ക് 241 ശതമാനം വിൽപന നികുതിയും 400 രൂപയ്ക്ക് മുകളിലുള്ള മദ്യങ്ങൾക്ക് 251 ശതമാനം വിൽപന നികുതിയുമാണ് ഈടാക്കുന്നത്. ഇതിനു പുറമേ അടിസ്ഥാന വിലയ്ക്ക് മേൽ 5 ശതമാനം വരെ മെഡിക്കൽ സെസും വിതരണക്കാരായ ബവ്കോയുടെ ഏതാണ്ട് 20 ശതമാനം വരെയുള്ള ലാഭവിഹിതവും മദ്യത്തിന്മേൽ ഈടാക്കുന്നുണ്ട്. ചുരുക്കത്തിൽ, വാങ്ങുന്ന ഒരു കുപ്പി വിദേശമദ്യത്തിന്റെ അന്തിമ വിലയുടെ 70% മുതൽ 80% വരെയും വിവിധ നികുതികളായി സർക്കാരിലേക്കാണ് പോകുന്നത്. ബിയർ, വൈൻ, വിദേശമദ്യം എന്നിവയുടെ ഈ പഴയ നികുതി ഘടന നിലനിർത്തിക്കൊണ്ടുതന്നെയാണ് വരുമാനം കൂട്ടാൻ ലക്ഷ്യമിട്ട് ‘വീര്യം കുറഞ്ഞ മദ്യ’ങ്ങൾക്കായി സർക്കാർ പുതിയ നികുതി സ്ലാബുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. English Summary: Kerala Budget 2026-27: Low-strength alcohol is now more accessible in Kerala with a new special tax structure announced in the budget, aiming to boost revenue and the tourism sector. This move provides legal clarity for products with alcohol content between 0.5% and 20%, excluding beer and wine, and is expected to benefit local producers and attract tourists.
