കെ.എന്‍. അശോക് Published: June 12, 2026 12:03 AM IST Updated: June 12, 2026 12:42 AM IST 1 minute Read Link Copied ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പര്യത്തുകാവ് നിവാസികളുമായി സംസാരിക്കുന്നു. വി പി സജീന്ദ്രൻ എംഎൽഎ സമീപം. ചിത്രം: മനോരമ Mail This Article × Follow Us കൊച്ചി ∙ കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത്കാവിലെ ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ചില കാര്യങ്ങളിൽ ധാരണയായെന്ന് മന്ത്രി റോജി എം.ജോൺ . ധാരണയാകാനുള്ള വിഷയങ്ങളിൽ ചർച്ച ചെയ്തു തീരുമാനത്തിലെത്തുമെന്നും ചർച്ചയിൽ ഗണ്യമായ പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ച എറണാകുളം കലക്ടറേറ്റിൽ നടന്ന ചർച്ചയിൽ മന്ത്രിക്കു പുറമേ ഇരുവിഭാഗത്തിന്റെയും പ്രതിനിധികൾ, സ്ഥലം എംഎൽഎ വി.പി.സജീന്ദ്രൻ, ജില്ലാ കലക്ടർ ജി.പ്രിയങ്ക അടക്കമുള്ളവർ പങ്കെടുത്തു. പര്യത്ത്കാവില്‍ നിലവിൽ ദലിത് കുടുംബങ്ങൾ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ ഏതു ഭാഗത്തു സ്ഥലം വിട്ടുനൽകും എന്നതു സംബന്ധിച്ചുള്ള കാര്യങ്ങളാണ് തീരുമാനമാകാനുള്ളത് എന്നാണ് വിവരം. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ മന്ത്രി തയാറായില്ല. What you should read next ‘‘ഇരു കൂട്ടരുമായി സംസാരിച്ച് രമ്യമായ ഒരു പരിഹാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് സർക്കാരും ജില്ലാ ഭരണകൂടവുമൊക്കെ മുൻകൈ എടുത്ത് നടക്കുന്നത്. അത് അത്തരത്തിൽ സാധ്യമാകും എന്ന പ്രതീക്ഷയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്. നിലവിലെ ചർച്ചയിൽ നല്ല പുരോഗതിയുണ്ട്. പല കാര്യങ്ങളിലും ഇരു കൂട്ടരും തമ്മില്‍ ധാരണയിൽ എത്തിയിട്ടുണ്ട്. ചില കാര്യങ്ങളിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട്. അത് മറ്റുള്ളവരുമായി കൂടിയാലോചിക്കാനുള്ള സാവകാശം അവർക്ക് ആവശ്യമുണ്ട്. അത് അവർ ആലോചിച്ച് വെള്ളിയാഴ്ച വീണ്ടും യോഗം ചേർന്ന് ചർച്ച ചെയ്യും. വെള്ളിയാഴ്ചത്തെ ചർച്ചയിൽ അന്തിമ പരിഹാരത്തിൽ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. 16ാം തിയതി വരെ സമയമുണ്ട്. നാലല്ല നാൽപ്പതു തവണ ചർച്ച ചെയ്യാനും സർക്കാർ തയാറാണ്’’– രണ്ടു മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കു ശേഷം മന്ത്രി പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം. ചിത്രം: മനോരമ ഇവിടുത്തെ 8 കുടുംബങ്ങൾ താമസിക്കുന്ന ഭൂമിയിൽ തന്നെ 5 സെന്റ് സ്ഥലം വീതം വീട്ടു കൊടുക്കാനുള്ള നിർദേശമാണ് സർക്കാർ മറുഭാഗത്തുള്ള ശങ്കരൻ നായരുടെ കുടുംബത്തിനു മുമ്പാകെ വച്ചരുന്നത്. ഈ ഭൂമിയിൽ സർക്കാർ മുൻകൈ എടുത്ത് കുടുംബങ്ങൾക്ക് വീടും വഴിയും ഉൾപ്പെടെയുള്ളവ നിർമിച്ചു നൽകുമെന്നും കഴിഞ്ഞ ചർച്ചയ്ക്കു ശേഷം റോജി എം.ജോൺ വ്യക്തമാക്കിയിരുന്നു. ഇവർ താമസിക്കുന്ന ഭൂമിയിൽ എവിടെ ഭൂമി വിട്ടു നൽകും, എത്രത്തോളം ഭൂമി വിട്ടു നൽകാൻ കഴിയും എന്നീ കാര്യങ്ങളിലാണ് ചർച്ച നടന്നത് എന്നാണ് വിവരം. വിഷയം പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്ന് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട നടപടികൾക്ക് ഹൈക്കോടതി ഈ മാസം 16 വരെ സമയം അനുവദിച്ചിരുന്നു. കോടതി വിധി അനുസരിച്ച് അടുത്തിടെ അഡ്വക്കറ്റ് കമ്മിഷൻ കുടിയൊഴിപ്പിക്കാൻ എത്തിയത് മലയിടംതുരുത്തിനെ സംഘർഷത്തിലാക്കുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കാനും ഇടയാക്കിയിരുന്നു. 2023 മുതൽ 15ാം തവണയായിരുന്നു കുടിയൊഴിപ്പിക്കൽ ശ്രമം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കാളുകുറുമ്പൻ തന്റെ 2.65 ഏക്കർ ഭൂമി അന്യായമായി കയ്യേറിയെന്നു കാട്ടി മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരൻ നായർ 58 വർഷം മുമ്പ് നൽകിയ കേസാണ് സുപ്രീം കോടതി വരെയെത്തുകയും ഹർജിക്കാരന് അനുകൂലമായി വിധിയുണ്ടാവുകയും ചെയ്തത്. വിഷയം സങ്കീർണമായതോടെ സർക്കാർ ഇടപെടുകയും ഒത്തുതീർപ്പു ഫോർമുല മുന്നോട്ടുവയ്ക്കുകയുമായിരുന്നു. English Summary: Malayidathuruth Land Issue: Kochi eviction discussions involving Dalit families in Paryathkavu and Malayidathuruth have achieved substantial progress, with a consensus reached on several matters. Further deliberations are scheduled to address remaining points of contention and reach a final resolution. ×
