മനോരമ ലേഖകൻ Published: June 10, 2026 07:09 AM IST Updated: June 10, 2026 07:15 AM IST 1 minute Read Link Copied ബിജെപി കൗൺസിലർ ആർ. സുഗതനെ വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ. (ചിത്രം: മനോരമ) Mail This Article × Follow Us തിരുവനന്തപുരം ∙ വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപി കൗൺസിലറെ നാടകീയ നീക്കങ്ങൾക്കൊടുവിൽ പൊലീസ് പിടികൂടി. വാഴോട്ടുകോണം ഡിവിഷൻ കൗൺസിലർ ആർ.സുഗതനെയാണ് വട്ടിയൂർക്കാവ് പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കൗൺസിലറെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ബിജെപി പ്രവർത്തകർ വളഞ്ഞതോടെ വട്ടിയൂർക്കാവ് എസ്എച്ച്ഒ എ.സി.വിപിൻ ആകാശത്തേക്ക് വെടിവച്ചു. What you should read next വധശ്രമക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന സുഗതനു കഴിഞ്ഞദിവസം ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇതോടെയാണ് സുഗതനെ അറസ്റ്റ് ചെയ്യാൻ വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാത്രി പത്തോടെ വട്ടിയൂർക്കാവ് ചിത്രാ നഗറിലെത്തിയത്. എന്നാൽ സുഗതന്റെ അനുയായികളായ ബിജെപി പ്രവർത്തകർ പൊലീസിനെ വളഞ്ഞതോടെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. പ്രവർത്തകർ പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തുടർന്ന് എസ്എച്ച്ഒ ആകാശത്തേക്ക് വെടിവച്ച് ആളുകളെ പിന്തിരിപ്പിച്ചശേഷമാണ് സുഗതനെ പിടികൂടിയത്. മുൻപ് പത്തോളം കേസുകളിൽ പ്രതിയായ ആർ.സുഗതനെതിരെ കലക്ടർ കാപ്പ ചുമത്തിയിരുന്നു. ഇതിനുശേഷമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ വാഴോട്ടുകോണം ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്. What you should read next 2 മാസം മുൻപ് ക്ഷേത്രോത്സവത്തിനിടെ 2 പേരെ ആക്രമിച്ച് പരുക്കേൽപിച്ച കേസിലാണ് ഇന്നലത്തെ അറസ്റ്റ്. സുഗതൻ കേസിലെ ഒന്നാം പ്രതിയാണ് . സുഗതൻ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് മർദനം നേരിട്ടവർ പൊലീസിൽ മൊഴി നൽകിയതെങ്കിൽ, ക്ഷേത്രോത്സവം അലങ്കോലമാക്കാൻ ശ്രമിച്ചവരെ കൗൺസിലർ തടഞ്ഞെന്നായിരുന്നു ബിജെപിയുടെ വാദം. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ സുഗതൻ പിന്നീട് കോർപറേഷൻ കൗൺസിൽ യോഗങ്ങളിലൊന്നും പങ്കെടുത്തിരുന്നുമില്ല. സുഗതന്റെ അറസ്റ്റിനു പിന്നാലെ ബിജെപി പ്രവർത്തകർ രാത്രി പ്രതിഷേധവുമായി വട്ടിയൂർക്കാവ് സ്റ്റേഷനിലേക്കുമെത്തി. കാറിൽ സ്റ്റേഷനിലേക്കെത്തിച്ച കൗൺസിലറെ സുരക്ഷാ പ്രശ്നങ്ങൾ കാരണം തുടർന്ന് ബസിലാണ് പൊലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത്. താൻ ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലാണെന്ന് അറിയിച്ചിട്ടും പൊലീസ് അതു പരിഗണിച്ചില്ലെന്ന് ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ സുഗതൻ മാധ്യമങ്ങളോട് പറഞ്ഞു. English Summary: BJP Councilor Arrested: Dramatic arrest of a BJP councilor in Thiruvananthapuram who was absconding in an attempt to murder case. The arrest involved a tense situation where BJP workers surrounded the police team, leading to the SHO firing into the air to disperse the crowd before apprehending the councilor. ×
