മിഥുൻ എം. കുര്യാക്കോസ് Published: May 14, 2026 06:59 AM IST 1 minute Read Link Copied കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി.സതീശൻ (Photo: Manoj Chemancheri/ Manorama) Mail This Article × Follow Us തിരുവനന്തപുരം ∙ കേരളം ഉറ്റുനോക്കുന്ന ചോദ്യത്തിനുള്ള ഉത്തരം ഇന്നു വരാനിരിക്കെ, ആകാംക്ഷയുടെ മുൾമുനയിൽ ‘മുഖ്യ’ ക്യാംപുകൾ. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരെ കേന്ദ്രീകരിച്ചുള്ള ക്യാംപുകൾ ശ്വാസമടക്കി തീരുമാനത്തിനായി കാത്തുനിൽക്കുന്നു. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ഇന്നുച്ചയ്ക്ക് ഒന്നിനു നിയമസഭാ കക്ഷിയോഗം വിളിച്ചതോടെ, തീരുമാനം അതിലുണ്ടാകുമെന്നുറപ്പായി. ഈ യോഗം തിരഞ്ഞെടുക്കുന്ന നിയമസഭാകക്ഷി നേതാവ് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകും. യോഗത്തിനു പിന്നാലെ കക്ഷി നേതാവ് ഗവർണറെ സന്ദർശിച്ചു സർക്കാർ രൂപീകരണത്തിനുള്ള നടപടികളിലേക്കു കടക്കും. കക്ഷി നേതാവിനെ തീരുമാനിച്ചുള്ള കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ കത്തും ഗവർണർക്കു കൈമാറും. ഘടകകക്ഷി നേതാക്കളോടും ഇന്നു തിരുവനന്തപുരത്ത് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. സത്യപ്രതിജ്ഞ നാളെയോ മറ്റന്നാളോ ആകാനാണു സാധ്യത. What you should read next ഫലം വന്ന ശേഷം രണ്ടാംതവണയാണ് നിയമസഭാകക്ഷി യോഗം ചേരുന്നത്. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, നിരീക്ഷകരായ മുകുൾ വാസ്നിക്ക്, അജയ് മാക്കൻ എന്നിവരും പങ്കെടുക്കും. ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന ഉറപ്പ് എംഎൽഎമാരിൽനിന്നു വാങ്ങുകയാവും ഇവരുടെ മുഖ്യ ദൗത്യം. പാർട്ടിയിൽ പൊട്ടിത്തെറികൾ ഒഴിവാക്കാനുള്ള മുൻകരുതൽ കൂടിയാണിത്. തുടർന്നായിരിക്കും കക്ഷി നേതാവിനെ തിരഞ്ഞെടുക്കുക. ആ ഫോർമുല എന്ത് ? തീരുമാനമായെങ്കിൽ പ്രഖ്യാപനം വൈകുന്നതിനു കാരണമെന്താണെന്ന ചോദ്യത്തിനും കടമ്പ ബാക്കിയുണ്ടെന്ന മറുപടിയാണ് എഐസിസി വൃത്തങ്ങൾ നൽകിയത്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കണ്ടെത്തിയ ‘ഫോർമുല’, മുഖ്യ കസേരയിലേക്കുള്ള ‘വിളി’ പ്രതീക്ഷിക്കുന്ന മൂവരെയും ബോധ്യപ്പെടുത്തുകയെന്നതാണ് എഐസിസിക്കു മുന്നിലുള്ള വലിയ കടമ്പ. ഔദ്യോഗിക പ്രഖ്യാപനത്തിനു മുൻപായി ഇന്നു രാവിലെ രാഹുൽ ഗാന്ധി തന്നെ ഈ ദൗത്യം നിർവഹിക്കും. അന്തിമ തീരുമാനം കൈക്കൊണ്ട രാഹുൽ ഗാന്ധി– മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ചയ്ക്കിടയിൽ 3 നേതാക്കളെയും ബന്ധപ്പെട്ടില്ല. യോഗം നടന്ന ഖർഗെയുടെ വസതിയിലേക്ക് വേണുഗോപാൽ എത്തുമെന്ന് അഭ്യൂഹം പരന്നെങ്കിലും അദ്ദേഹം ലോധി റോഡിലെ വീട്ടിൽ തന്നെ തങ്ങി. കേരളത്തിൽ തുടരുന്ന വി.ഡി.സതീശനോ രമേശ് ചെന്നിത്തലയ്ക്കോ ഇന്നലെ യോഗത്തിനിടെ വിളി എത്തിയില്ല. ഇവരെ തീരുമാനം അറിയിക്കാനുള്ള ചുമതല രാഹുൽ തന്നെ ഏറ്റെടുത്തുവെന്നാണു വിവരം. ശുഭസൂചന നോക്കിയോ? തീരുമാനമെടുത്തിട്ടും ശുഭദിനമല്ലെന്നതിനാലാണ് ഇന്നലത്തെ പ്രഖ്യാപനം മാറ്റിയതെന്ന വാദം എഐസിസി വൃത്തങ്ങൾ തള്ളി. ചിലയാളുകളെങ്കിലും പൊതുവേ ശുഭകാര്യങ്ങൾക്കായി തിരഞ്ഞെടുക്കാറില്ലാത്ത 13–ാം തീയതിയാണ് ഇതിനു പ്രേരിപ്പിച്ചതെന്നായിരുന്നു വാദം. ഈ വാദം തെറ്റാണെന്നു കോൺഗ്രസിലെ മുതിർന്ന നേതാവ് പ്രതികരിച്ചു. English Summary: Kerala Chief Minister Discussion: Kerala Chief minister decision is nearing as the High Command aims to finalize the next Chief Minister after extensive discussions. The party is working to avoid internal unrest with the announcement expected soon following a crucial legislative party meeting in Thiruvananthapuram. ×
