കെ.എന്. അശോക് Published: June 11, 2026 09:43 PM IST Updated: June 11, 2026 10:03 PM IST 1 minute Read Link Copied ലക്ഷദ്വീപിലെ ബംഗാരം ദ്വീപ് (Photo: Mohijaz/iStock) Mail This Article × Follow Us കൊച്ചി∙ ലക്ഷദ്വീപിൽ പ്രതിഷേധങ്ങള്ക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി ദ്വീപ് ജില്ലാ ഭരണകൂടം. വിവിധ വിഷയങ്ങളിൽ അടുത്തിടെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് അടുത്ത 2 മാസത്തേക്കുള്ള നിയന്ത്രണം. ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളിലെ പ്രധാന സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമരാമത്ത് കേന്ദ്രങ്ങൾക്കും ചുറ്റും ജില്ലാ മജിസ്ട്രേറ്റ് ശിവം ചന്ദ്ര നിരോധനാജ്ഞ ഏർപ്പെടുത്തി. ബിഎൻഎസ്എസ് 163ാം വകുപ്പ് പ്രകാരമാണ് നടപടി. ദ്വീപുകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്തും അവശ്യസാധനങ്ങളുടെ വിതരണവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാനുമാണ് നടപടിയെന്നാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിൽ പറയുന്നത്. അതേസമയം, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടർച്ചയാണ് ഇതെന്നും ജനാധിപത്യ സംവിധാനത്തിൽ ഇവ പാടില്ലാത്തതാണെന്നും ലക്ഷദ്വീപ് എംപി ഹംദുള്ള സെയ്ദ് പറഞ്ഞു. പാർട്ടി പ്രവർത്തകരും ജനങ്ങളുമായി ആലോചിച്ച ശേഷം അടുത്ത നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. What you should read next പുതിയ ഉത്തരവ് പ്രകാരം ലക്ഷദ്വീപിലെ എല്ലാ ജനവാസ ദ്വീപുകളിലെയും ജെട്ടികൾ, ഹെലിപാഡുകൾ എന്നിവയുടെ 150 മീറ്റർ ചുറ്റളവിലും, വൈദ്യുതി നിലയങ്ങൾ, ഇന്ധന ഡിപ്പോകൾ, ശുദ്ധീകരണ പ്ലാന്റുകൾ, കമ്മ്യൂണിക്കേഷൻ ടവറുകൾ, എസ്ഡിഎം/ബിഡിഒ ഓഫീസുകൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവിലും സമരം ചെയ്യാൻ പാടില്ല. കവരത്തിയിലെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസ്, സെക്രട്ടേറിയറ്റ് എന്നിവയുടെ 100 മീറ്റർ പരിധിയിലും സർക്കാർ ആശുപത്രികളുടെ 50 മീറ്റർ പരിധിയിലും നിയന്ത്രണങ്ങളുണ്ട്. ഈ പരിധിക്കുള്ളിൽ അഞ്ചോ അതിലധികമോ ആളുകൾ പ്രതിഷേധങ്ങൾക്കായി ഒത്തുകൂടുന്നത് പൂർണ്ണമായി നിരോധിച്ചു. മുദ്രാവാക്യം വിളികൾ, ഉച്ചഭാഷിണി ഉപയോഗം, പ്രകോപനപരമായ ബാനറുകൾ, വഴി തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ജീവനക്കാരെ തടസപ്പെടുത്തൽ എന്നിവയ്ക്കും കർശനമായ വിലക്കുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ബിഎൻഎസ് 223ാം വകുപ്പ് പ്രകാരം 6 മാസം വരെ തടവോ പിഴയോ ലഭിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ജനങ്ങൾക്ക് പ്രതിഷേധിക്കാനായി ഓരോ ദ്വീപിലും പ്രത്യേക പ്രതിഷേധ വേദികൾ തയാറാക്കുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ഇത്തരം വേദികളിൽ സമരം നടത്തുന്നതിനും കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധത്തിന് 24 മണിക്കൂർ മുൻപ് എസ്പിയിൽ നിന്നും രേഖാമൂലം അനുമതി വാങ്ങിയിരിക്കണം. സമാധാനപരമായിരിക്കണം സമ്മേളനങ്ങൾ നടത്തേണ്ടത്. ഒരു പ്രതിഷേധ പരിപാടിയും തുടർച്ചയായി 4 മണിക്കൂറിൽ കൂടരുത് തുടങ്ങിയ നിർദേശങ്ങളും ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ദ്വീപിലെ വിവിധയിടങ്ങളിൽ അടുത്തിടെ നടന്ന 4 പ്രധാന പ്രതിഷേധസമരങ്ങളാണ് പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കാരണമായത് എന്നാണ് ഉത്തരവിൽ പറയുന്നത്. അമിനി ദ്വീപിൽ ഭൂമിേയറ്റെടുക്കൽ വിഷയത്തിൽ എൻസിപി (എസ്പി) പ്രവർത്തകർ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടാവുകയും ഓഫീസ് മതിൽ തകരുകയും ചെയ്തിരുന്നു. ഇതേ വിഷയത്തിൽ അഗത്തി ദ്വീപിൽ ഡെപ്യൂട്ടി കലക്ടർ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ധർണയും സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിൽ 19 പേര് അറസ്റ്റിലായി. എംപി ഹംദുള്ള സെയ്ദിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് റജിസ്റ്റർ െചയ്തിരിക്കുന്നത്. ഇന്ധനക്ഷാമം സംബന്ധിച്ച് ആൻഡ്രോത്ത് ദ്വീപിൽ കോൺഗ്രസ് പ്രവർത്തകർ ഐഒസിഎൽ ഡിപ്പോ ഉപരോധിച്ചതും ഈ കേസിലെ പ്രതികളെ കവരത്തിയിൽ കപ്പലിൽ നിന്ന് ഇറക്കുന്നതിനിടയിൽ കോൺഗ്രസ്, എൻസിപി പ്രവർത്തകർ ജെട്ടിയിൽ പ്രതിഷേധിച്ചതും ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണങ്ങൾ. English Summary: Lakshadweep Imposes Strict Two-Month Protest Ban: Strict new restrictions imposed in Lakshadweep limit protests and gatherings for two months, citing public safety and essential supplies. Lakshadweep MP criticizes the move as undemocratic.
