LIVE സിദ്ധരാമയ്യയുടെ കസേരയിലേക്ക് ഡികെ; സിഎൽപി യോഗം നാലിന്, മന്ത്രിസഭാംഗമാകാനും പിടിവലി ഓൺലൈൻ ഡെസ്ക് Published: May 30, 2026 12:05 PM IST 1 minute Read Link Copied ഡി.കെ.ശിവകുമാർ, സിദ്ധരാമയ്യ (ചിത്രം: ജോസ്‌കുട്ടി പനയ്ക്കൽ/ മനോരമ) Mail This Article × Follow Us ബെംഗളൂരു∙ സിദ്ധരാമയ്യയുടെ പിൻഗാമിയായി പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കർണാടകയിലെ കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും. വൈകിട്ട് നാലിന് വിധാൻ സൗധയിലെ കോൺഫറൻസ് ഹാളിലാണു യോഗം. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവർ യോഗത്തിനു മേൽനോട്ടം വഹിക്കും. എല്ലാ എംഎൽഎമാരോടും യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ധരാമയ്യയുടെ കീഴിൽ ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ. ശിവകുമാറാണ് സിഎൽപി നേതാവായി തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയെന്നു പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. സിദ്ധരാമയ്യ തന്നെ ശിവകുമാറിനെ പുതിയ സിഎൽപി നേതാവായി നിർദേശിക്കുമെന്നോ, അടുത്ത നേതാവിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് അധികാരം നൽകുന്ന ഒറ്റവരി പ്രമേയം പാസാക്കുമെന്നോ ആണു സൂചന. What you should read next വെള്ളിയാഴ്ച ഗവർണർ താവർചന്ദ് ഗെഗ്‌ലോട്ട് സിദ്ധരാമയ്യയുടെ രാജി സ്വീകരിക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തിരുന്നു. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടന്നേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. കുറച്ച് മന്ത്രിമാരും ഒപ്പം സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച ഡൽഹിയിൽവച്ച് സിദ്ധരാമയ്യയും ശിവകുമാറും കോൺഗ്രസ് നേതൃത്വവുമായി പുതിയ മന്ത്രിസഭയുടെയും അധികാര കൈമാറ്റത്തിന്റെയും ക്രമീകരണങ്ങളെക്കുറിച്ചു ചർച്ച നടത്തിയിരുന്നു. മന്ത്രിസ്ഥാനം ലക്ഷ്യമിടുന്നവർ ഡൽഹിയിൽ സജീവമായി തമ്പടിക്കുന്നുണ്ട്. പിരിച്ചുവിട്ട മന്ത്രിസഭയിലെ ചില മന്ത്രിമാർ പുതിയ മന്ത്രിസഭയിൽ സ്ഥാനം നിലനിർത്താൻ ശ്രമിക്കുമ്പോൾ, ഇത്തവണ മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന എംഎൽഎമാരും ദേശീയ തലസ്ഥാനത്തെത്തിയിട്ടുണ്ട്. പഴയവരും പുതിയവരും ചേർന്ന മിശ്രിതമായിരിക്കും പുതിയ മന്ത്രിസഭയെന്നും സൂചനയുണ്ട്. ജാതി സമവാക്യങ്ങൾ, പ്രദേശങ്ങൾ, സിദ്ധരാമയ്യയുടെ വിശ്വസ്തർ തുടങ്ങിയവ കണക്കിലെടുത്തു പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് സന്തുലിതാവസ്ഥ കൈവരിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നും സിദ്ധരാമയ്യ മന്ത്രിസഭയിലെ പല മന്ത്രിമാരും നിലനിർത്തപ്പെടില്ലെന്നും അഭ്യൂഹങ്ങളുണ്ട്. കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. നിലവിൽ ആ സ്ഥാനം ശിവകുമാറാണ് വഹിക്കുന്നത്. മുതിർന്ന എംഎൽഎയും മുൻ മന്ത്രിയുമായ സതീഷ് ജാർക്കിഹോളിയുടെ പേരാണ് ആ സ്ഥാനത്തേക്ക് മുൻപിൽ നിൽക്കുന്നത്. വെള്ളിയാഴ്ച ഡൽഹിയിലേക്ക് പിതാവിനൊപ്പം കോൺഗ്രസ് ഹൈക്കമാൻഡിനെ കാണാൻ പോയ സിദ്ധരാമയ്യയുടെ മകനും എംഎൽസിയുമായ യതീന്ദ്രയുടെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ചും അഭ്യൂഹങ്ങളുണ്ട്. സിദ്ധരാമയ്യയുടെ രാജിക്കു ശേഷം കർണാടക രാഷ്ട്രീയത്തിൽ എല്ലാവരുടെയും ശ്രദ്ധ ഇന്നു ചേരുന്ന സിഎൽപി യോഗത്തിലേക്കാണ്. English Summary: Karnataka Congress Legislature Party Meeting Today to Elect New CM: Karnataka Congress CLP meeting is scheduled for today to select a new Chief Minister as Sidharamaiah's successor. The meeting will oversee by AICC general secretaries and all MLAs are expected to attend. D.K. Shivakumar, who was the Deputy Chief Minister under Sidharamaiah, is considered a strong contender for the CLP leader position. ×
