ഓൺലൈൻ പ്രതിനിധി Published: May 13, 2026 10:03 PM IST 2 minute Read Link Copied എയർപോർട്ട് റജിസ്ട്രേഷനിൽ നിന്നുള്ള ദൃശ്യം. (Photo: Special Arrangement) Mail This Article × Follow Us കോഴിക്കോട് ∙ സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ കോഴിക്കോട് എംബാർക്കേഷൻ പോയിന്റിലെ ഹജ് ക്യാംപിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കരിപ്പൂർ ഹജ് ഹൗസിൽ നടന്ന പരിപാടിയിൽ സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹജ് കമ്മിറ്റി വഴി കരിപ്പൂരിൽ നിന്ന് 969 തീർഥാടകരാണ് ഇത്തവണ യാത്രയാകുന്നത്. 686 സ്ത്രീകളും 283 പുരുഷന്മാരുമാണ് പുറപ്പെടുന്നത്. കർണാടകയിൽ നിന്നുള്ള നാലു തീർഥാടകരും ഇതിൽ ഉൾപ്പെടുന്നു. കരിപ്പൂരിൽ നിന്ന് ആകാശ എയർലൈൻസിന്റെ 145 പേർക്ക് യാത്ര ചെയ്യാവുന്ന ഏഴ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. മേയ് 14 മുതൽ 17 വരെയാണ് കരിപ്പൂരിൽ നിന്നുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആദ്യ വിമാനം വ്യാഴാഴ്ച പുലർച്ചെ 12.20 നും രണ്ടാമത്തെ വിമാനം പുലർച്ചെ 2.25 നുമാണ് പുറപ്പെടുക. What you should read next വ്യാഴാഴ്ച പുറപ്പെടുന്ന ആദ്യ വിമാനത്തിലും രണ്ടാമത്തെ വിമാനത്തിലും 74 പുരുഷന്മാരും 69 സ്ത്രീകളുമാണ് യാത്രയാവുന്നത്. വെള്ളിയാഴ്ചയിലെ രണ്ട് വിമാനങ്ങളിലും ശനിയാഴ്ചയിലെ ആദ്യ വിമാനത്തിലും വനിതാ തീർഥാടകർ മാത്രമാണ് യാത്രയാവുക. ഉദ്ഘാടന ചടങ്ങിൽ എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽ വഹാബ്, നിയുക്ത എംഎൽഎ മാരായ ടി.പി. അഷ്റഫലി, ടി.വി. ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി, കൊണ്ടോട്ടി മുനിസിപ്പാലിറ്റി ചെയർമാൻ യു.കെ.മുഹമ്മദ് ഷാ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹിമാൻ, മുനിസിപ്പൽ കൗൺസിലർ സക്കീന, ഹജ് കമ്മിറ്റിയംഗവും സംഘാടക സമിതി ജനറൽ കൺവീനറുമായ പി.മൊയ്തീൻ കുട്ടി, ഹജ് കമ്മിറ്റി അംഗങ്ങളായ പി. അബ്ദുറഹിമാൻ ഇണ്ണി, മുഹമ്മദ് റാഫി, ഷംസുദ്ധീൻ അരിഞ്ചിറ, ആകാശ എയർ പ്രതിനിധി റിഷി കുമാർ, ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ പ്രതിനിധി സാക്കിർ ഖാൻ തുടങ്ങിയവർ സംസാരിച്ചു. What you should read next ഹാജിമാർക്കുള്ള യാത്രാ രേഖകളുടെ കൈമാറ്റം കൊണ്ടോട്ടി നിയോജക മണ്ഡലം നിയുക്ത എംഎൽഎ ടി.പി. അഷ്റഫലി നിർവഹിച്ചു. ഹജ് കമ്മിറ്റിയംഗവും സംഘാടക സമിതി കൺവീനറുമായ അഷ്കർ കോറാട് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് നന്ദിയും പറഞ്ഞു. പ്രാർഥനയ്ക്ക് തൊടിയൂർ മുഹമ്മദ് കുഞ്ഞിമൗലവി നേതൃത്വം നൽകി. ആദ്യ വിമാനത്തിലേക്കുള്ള തീർഥാടകർ ബുധനാഴ്ച രാവിലെ ഒൻപതിന് ക്യാംപിൽ റിപ്പോർട്ട് ചെയ്തു. ആദ്യ സംഘത്തെ ഹജ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ∙ ആദ്യം റിപ്പോർട്ട് ചെയ്യേണ്ടത് വിമാനത്താവളത്തിൽ തീർഥാടകർ ആദ്യം റിപ്പോർട്ട് ചെയ്യേണ്ടത് വിമാനത്താവളത്തിലാണ്. ഇവിടെ ലഗേജ് കൈമാറിയ ശേഷം ഹജ് കമ്മിറ്റി ഒരുക്കിയ ബസിൽ തീർഥാടകരെ ഹജ് ക്യാംപിൽ എത്തിക്കും. തീർഥാടകർക്ക് ആവശ്യമായ താമസം, ഭക്ഷണം, പ്രാർഥന, പ്രാഥമിക ആരോഗ്യ സൗകര്യങ്ങൾ എന്നിവ ഹജ് ഹൗസിലും വിമാനത്താവളത്തിലുമായി ഒരുക്കിയിട്ടുണ്ട്. ഹജ് കമ്മിറ്റി ട്രെയിനർമാരും വൊളന്റിയർമാരും സേവനത്തിനായി സജ്ജരാണ്. തീർഥാടകർക്ക് യാത്രാ രേഖകൾ കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള ചുമതലകൾ നിർവഹിക്കുന്നതിനായി സംസ്ഥാന സർക്കാരിനു കീഴിൽ വിവിധ വകുപ്പുകളിലെ 20 ഉദ്യോഗസ്ഥരെ ഹജ് സെൽ അംഗങ്ങളായി നിയമിച്ചു. തൃശൂർ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ മൊയ്തീൻ കുട്ടിയാണ് ഹജ് സെൽ ഓഫിസർ ചുമതല വഹിക്കുന്നത്. ഇത്തവണ സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ആകെ 13,194 തീർഥാടകരാണ് ഹജിനു പുറപ്പെടുന്നത്. ഇതിൽ 4,326 പുരുഷൻമാരും 8,868 സ്ത്രീകളും ഉൾപ്പെടുന്നു. കരിപ്പൂർ വഴി 969 പേർ, കൊച്ചിയിൽ നിന്ന് 7,931, കണ്ണൂരിൽ നിന്ന് 4,270 എന്നിങ്ങനെയാണ് വിവിധ എംബാർക്കേഷൻ പോയിന്റുകൾ വഴി യാത്രയാകുന്ന തീർഥാടകരുടെ കണക്കുകൾ. കൂടാതെ ലക്ഷദ്വീപ്, തമിഴ്നാട്, പോണ്ടിച്ചേരി, കർണാടക തുടങ്ങി അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള 657 തീർഥാടകരും കേരളത്തിലെ എംബാർക്കേഷൻ പോയിന്റുകൾ ഉപയോഗിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ആകെ 13,851 തീർഥാടകരാണ് കേരളത്തിലെ എംബാർക്കേഷൻ പോയിന്റുകൾ വഴി യാത്രയാകുന്നത്. സംസ്ഥാനത്തു നിന്നുള്ള 28 പേർ കേരളത്തിന് പുറത്തുള്ള എംബാർക്കേഷൻ വഴിയും യാത്രയാകുന്നുണ്ട്. കരിപ്പൂരിൽ നിന്നുളള അവസാന ഹജ് വിമാനം ഞായറാഴ്ച പുലർച്ചെ 2.20 നാണ്. ∙ ഹജ് ഷിഫ കിറ്റ് വിതരണം ആരംഭിച്ചു കരിപ്പൂരിൽ ഹജ് ക്യാംപിന്റെ ഭാഗമായി നടക്കുന്ന സൗജന്യ ഹോമിയോപ്പതിക് മെഡിക്കൽ ക്യാംപും ഷിഫ കിറ്റ് വിതരണവും ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. ക്യാംപിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ക്യാംപിൽ പനി, ജലദോഷം, ചുമ, ശരീര വേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള മരുന്നുകൾ അടങ്ങിയ ഹജ് ഷിഫ കിറ്റ് ഇത്തവണ എല്ലാ ഹാജിമാർക്കും നൽകും. നാഷനൽ ആയുഷ് മിഷനുമായി സഹകരിച്ചാണ് മലപ്പുറം ജില്ലാ ഹോമിയോപ്പതി വകുപ്പ് ക്യാംപ് നടത്തുന്നത്. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. പി. സുമേഷ്, ജില്ലാ കൺവീനർ ഡോ. സാദിഖ് എന്നിവരാണ് മെഡിക്കൽ ക്യാംപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. English Summary: Hajj 2026 Kozhikode marks the inauguration of the Hajj camp at the Kozhikode embarkation point under the Kerala Hajj Committee, with Panakkad Sadiqali Shihab Thangal performing the opening. This year, 969 pilgrims will travel from Karipur, including 686 women and 283 men, with flights operated by Akasa Air from May 14th to 17th.
