ഓൺലൈൻ ഡെസ്ക് Published: May 14, 2026 11:38 AM IST 1 minute Read Link Copied മാർക്കോ റൂബിയോ (Photo by Brendan SMIALOWSKI / AFP) Mail This Article × Follow Us വാഷിങ്ടൻ∙ അമേരിക്ക നേരിടുന്ന ഏറ്റവും വലിയ ഭൗമരാഷ്ട്രീയ വെല്ലുവിളി ചൈനയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് റൂബിയോയുടെ പരാമർശം. ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ചൈന കൂടുതൽ സജീവമായ പങ്ക് വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. What you should read next ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകൾ തമ്മിലുള്ള താൽപര്യങ്ങളുടെ സംഘർഷം സമാധാനപരമായി കൈകാര്യം ചെയ്യേണ്ടത് ആഗോള സ്ഥിരതയ്ക്ക് ആവശ്യമാണെന്ന് ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ മാർക്കോ റൂബിയോ വ്യക്തമാക്കി. പരസ്പര സഹകരണത്തിന്റെ സാധ്യതകൾ പൂർണമായി തള്ളിക്കളയില്ല. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ മേൽ സമ്മർദ്ദം ചെലുത്താൻ ചൈന തയ്യാറാകണം. രാജ്യാന്തര കപ്പൽപ്പാതകളിൽ ആക്രമണം നടത്തുന്ന ഇറാൻ ആഗോളതലത്തിൽ ഒറ്റപ്പെടുകയാണെന്ന് ചൈന അവരെ ബോധ്യപ്പെടുത്തണമെന്നും മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. What you should read next ട്രംപ് ഭരണകൂടത്തിന്റെ ഉപരോധങ്ങൾ മറികടന്ന് ഇറാന്റെ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്നത് ചൈനയാണ്. എന്നാൽ ഈ പ്രതിസന്ധി പരിഹരിക്കേണ്ടത് ചൈനയുടെ കൂടി ആവശ്യമാണെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ ഊർജ ആവശ്യങ്ങൾക്കായി ഈ പാതയെ ആശ്രയിക്കുന്ന ഏഷ്യൻ രാജ്യങ്ങളെയും ചൈനയുടെ കയറ്റുമതി മേഖലയെയും ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ട്രംപ്-ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ തായ്വാൻ വിഷയം ചർച്ചയാകുമെന്ന് റൂബിയോ സ്ഥിരീകരിച്ചു. ഇൻഡോ-പസഫിക് മേഖലയിലോ തായ്വാനിലോ സ്ഥിരത തകർക്കുന്ന യാതൊരു നീക്കവും ഉണ്ടാകരുതെന്നത് ഇരുരാജ്യങ്ങളുടെയും ആവശ്യമാണ്. തായ്വാനു ചുറ്റും ചൈന സൈനിക സാന്നിധ്യം ശക്തമാക്കുമ്പോഴും, ഇറാൻ യുദ്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നതിനാൽ ഏഷ്യൻ മേഖലയിൽ യുഎസ് സൈന്യത്തിനു പൂർണമായി ഇടപെടാൻ പരിമിതികളുണ്ട്. ട്രംപ് ഭരണകൂടം പ്രധാനമായും വ്യാപാര താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെങ്കിലും, ചൈനയുമായുള്ള കൂടിക്കാഴ്ചയിൽ ഉചിതമായ വേദിയിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ യുഎസ് ഉന്നയിക്കുമെന്നും മാർക്കോ റൂബിയോ പറഞ്ഞു. English Summary: US China relations are facing significant geopolitical challenges, with US Secretary of State Marco Rubio emphasizing the need for careful handling of ties between the two nations. Rubio called for China to play a more active role in ending the Iran conflict and ensuring global stability. ×
