ഓൺലൈൻ ഡെസ്ക് Published: May 10, 2026 02:09 PM IST 1 minute Read Link Copied നരേന്ദ്ര മോദി (ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ) Mail This Article × Follow Us ചെന്നൈ∙ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ സംസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് അദ്ദേഹം ഉറപ്പു നൽകി. വിജയിന്റെ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സഖ്യകക്ഷിയായ കോൺഗ്രസിനെ പ്രധാനമന്ത്രി വിമർശിച്ചു. ദീർഘകാല സുഹൃത്തായ ഡിഎംകെയെ കോൺഗ്രസ് പിന്നിൽ നിന്നു കുത്തിയെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘തമിഴ്നാട്ടിലെ ഇപ്പോഴത്തെ സാഹചര്യം നോക്കൂ. 25-30 വർഷത്തോളം കോൺഗ്രസ് ഡിഎംകെയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഡിഎംകെയുമായുള്ള സഖ്യമാണ് പലതവണ കോൺഗ്രസിനെ പ്രതിസന്ധികളിൽനിന്ന് കരകയറ്റിയത്. 2014ന് മുൻപ് 10 വർഷം അവർ നയിച്ച സർക്കാർ നിലനിന്നത് പ്രധാനമായും ഡിഎംകെയുടെ പിന്തുണ കൊണ്ടാണ്. എന്നിട്ടും ഡിഎംകെയെ കോൺഗ്രസ് വഞ്ചിച്ചു’– പ്രധാനമന്ത്രി പറഞ്ഞു. What you should read next അധികാരക്കൊതി മൂത്ത കോൺഗ്രസ് കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഡിഎംകെയെ പിന്നിൽ നിന്നു കുത്തിയെന്നും, രാഷ്ട്രീയമായി നിലനിൽക്കാൻ മറ്റൊരു പാർട്ടിയെ അവർക്ക് ഇപ്പോൾ വേണമെന്നും മോദി പരിഹസിച്ചു. കോൺഗ്രസിൽനിന്ന് ആരും വിജയിന്റെ മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ വിമർശനം ഡിഎംകെയും ഉന്നയിച്ചു. ‘ബിജെപി പല സംസ്ഥാനങ്ങളിലും ചെയ്യുന്നത് തന്നെയാണ് തമിഴ്നാട്ടിൽ കോൺഗ്രസ് ഞങ്ങളോട് ചെയ്തത്’– മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സാന്നിധ്യത്തിൽ പാസാക്കിയ ഡിഎംകെ പ്രമേയത്തിൽ പറയുന്നു. വിജയത്തിന് നന്ദി പറയാൻ പോലും നേരിട്ട് വരാതെ പിന്നിൽനിന്ന് കുത്തി കോൺഗ്രസ് വലിയ ചതിയാണ് ചെയ്തതെന്നും പ്രമേയം കുറ്റപ്പെടുത്തി. സഖ്യത്തിന്റെ ഭാഗമായി ഒരു രാജ്യസഭാ സീറ്റും 28 നിയമസഭാ സീറ്റുകളും കോൺഗ്രസിന് നൽകിയിരുന്നു. English Summary: Tamil Nadu CM Oath saw Prime Minister Narendra Modi congratulating the newly sworn-in Chief Minister. He assured continued cooperation from the central government to improve the lives of the state's citizens. ×