ഓൺലൈൻ ഡെസ്ക് Published: June 09, 2026 12:30 PM IST 1 minute Read Link Copied ശതാബ്ദി റോയ് (Photo: J Suresh/Manorama) Mail This Article × Follow Us കൊൽക്കത്ത ∙ അഴിമതിയും പാർട്ടി നേതൃത്വത്തിന്റെ അവഗണനയും കാരണം വർഷങ്ങളായി തൃണമൂൽ കോൺഗ്രസിൽ പുകയുന്ന രോഷമാണ് ഇപ്പോഴത്തെ പിളർപ്പിനു കാരണമെന്ന് വ്യക്തമാക്കി മുതിർന്ന നേതാവും നടിയും എംപിയുമായ ശതാബ്ദി റോയ്. 2009 മുതൽ മമത ബാനർജിയുടെ വിശ്വസ്തയായി കൂടെയുണ്ടായിരുന്ന നാല് തവണ എംപിയായ ശതാബ്ദി റോയ്, മമതയ്ക്ക് സമീപകാലത്തുണ്ടായ മാറ്റങ്ങൾ തനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ലെന്ന് തുറന്നടിച്ചു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ പാർട്ടി വിടാനുള്ള കാരണങ്ങൾ വ്യക്തമാക്കിയത്. What you should read next ‘‘ദീദി ഒരുപാട് മാറിപ്പോയി. മമതയോട് എനിക്ക് വൈകാരികമായ ബന്ധമുണ്ടെങ്കിലും ജനങ്ങൾക്ക് വേണ്ടി ജോലി ചെയ്യുക എന്നതിനാണ് ഞാൻ മുൻഗണന നൽകുന്നത്. അതുകൊണ്ടാണ് പാർട്ടി വിടാൻ തീരുമാനിച്ചത്’’ – ശതാബ്ദി റോയ് പറഞ്ഞു. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച വിമത എംപിമാരുടെ ഡപ്യൂട്ടി ലീഡറായി കഴിഞ്ഞ ദിവസമാണ് ശതാബ്ദിയെ തിരഞ്ഞെടുത്തത്. പാർട്ടിയിൽ തങ്ങളുടെ ശബ്ദം ആരും കേൾക്കാൻ തയ്യാറായിരുന്നില്ലെന്ന് ശതാബ്ദി ആരോപിച്ചു. മമത ബാനർജിയെ നേരിട്ട് കാണാൻ ചുരുക്കം ചില നേതാക്കൾക്ക് മാത്രമാണ് അനുവാദമുണ്ടായിരുന്നത്. പ്രധാന തീരുമാനങ്ങളിലൊന്നും മറ്റാരെയും പങ്കാളികളാക്കിയിരുന്നില്ല. മമത സർക്കാരിലെ മന്ത്രിമാർ പോലും എംപിമാരെ കാണാനോ അവരുടെ ആവശ്യങ്ങൾ കേൾക്കാനോ തയ്യാറായില്ലെന്നും, എന്തെങ്കിലും സംസാരിക്കാൻ ശ്രമിച്ചാൽ മിണ്ടാതിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു പതിവെന്നും ശതാബ്ദി റോയ് ആരോപിച്ചു. തൃണമൂൽ കോൺഗ്രസിൽ താഴെത്തട്ട് മുതൽ മുകൾത്തട്ട് വരെ വലിയ തോതിലുള്ള അഴിമതിയാണ് നടക്കുന്നത്. ഈ അഴിമതികൾ തന്നെ ഏറെ നിരാശപ്പെടുത്തി. കറപുരണ്ട പ്രതിച്ഛായ വെളുപ്പിച്ചെടുക്കാൻ പാർട്ടിയുടെ പിന്തുണ ആവശ്യമുള്ള നേതാവല്ല താനെന്നും തന്റെ ഇമേജ് പൂർണമായും ശുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടി ശക്തമായിരുന്നപ്പോൾ എന്തുകൊണ്ട് മിണ്ടിയില്ല എന്ന ചോദ്യത്തിന്, കാര്യങ്ങൾ ഇപ്പോൾ മാത്രമാണ് പൂർണമായും വ്യക്തമാകുന്നതെന്നും തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഈ സമയത്തെങ്കിലും തീരുമാനമെടുത്തതെന്നും അവർ മറുപടി നൽകി. English Summary: Satabdi Roy: Satabdi Roy, a four-time MP who has been by Mamata Banerjee's side since 2009, claimed that the former chief minister popularly known as 'Didi' had "changed" of late, a transition that did not go down well with her. "Didi badal gayi thi," she remarked during an interview. "She changed a lot in the past few years. I have an emotional connection with her, but what matters to me is the work, and hence I have taken this decision," she added.
