
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
വ്യാഴാഴ്ച ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ ജില്ലകളിലും ശനിയാഴ്ച തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് ബാധകമായിരിക്കും. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നിലവിൽ ശക്തിപ്രാപിച്ചിട്ടുണ്ട്. ഇതോടൊപ്പം മേയ് 16-ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷം എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം. മലയോര മേഖലകളിൽ താമസിക്കുന്നവർ ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് തുടങ്ങിയ ഭീഷണികൾ നിലനിൽക്കുന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. വരും ദിവസങ്ങളിൽ മഴയുടെ ശക്തി വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
