
സാന്‍ ഡിയാഗോ: തോക്കുസംസ്കാരം അമേരിക്കയെ വീണ്ടും ചോരക്കളമാക്കുന്നു. സതേണ്‍ കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലുള്ള ഇസ്ലാമിക് സെന്ററിന് നേരെ തിങ്കളാഴ്ചയുണ്ടായ അതിക്രൂരമായ വെടിവെപ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. ഒരു മസ്ജിദും ഇസ്ലാമിക് സ്കൂളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു സമുച്ചയത്തിലാണ് നാടിനെ നടുക്കിയ ആക്രമണം അരങ്ങേറിയത്. കടുത്ത വംശീയ അധിക്ഷേപവും വിദ്വേഷവുമാണ് ഈ ചോരക്കളിക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മസ്ജിദിനുള്ളില്‍ പരമാവധി ആളുകളെ വധിക്കുക എന്ന ലക്ഷ്യത്തോടെയെത്തിയ രണ്ട് അക്രമികളെയും പിന്നീട് സംഭവസ്ഥലത്ത് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതായി സാന്‍ ഡിയാഗോ പോലീസ് ചീഫ് സ്കോട്ട് വാല് അറിയിച്ചു. ഇവര്‍ പരസ്പരം വെടിവെച്ചതോ അല്ലെങ്കില്‍ സ്വയം വെടിവെച്ച് ജീവനൊടുക്കിയതോ ആകാമെന്നാണ് നിഗമനം.
ആരാധനാലയം ലക്ഷ്യമിട്ടാണ് അക്രമികള്‍ എത്തിയതെന്നതിനാല്‍ ഇതൊരു വംശീയ വിദ്വേഷ കുറ്റകൃത്യമായി (ഒമലേ ഇൃശാല) കണക്കാക്കിയാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൃത്യം നടത്തിയ അക്രമികള്‍ക്ക് യഥാക്രമം 17, 19 വയസ്സ് മാത്രമാണ് പ്രായമെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. മസ്ജിദിന്റെ പ്രവേശന കവാടത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. തോക്കുമായി അകത്തേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച അക്രമികളെ അദ്ദേഹം സമയോചിതമായി തടയാന്‍ ശ്രമിച്ചതുകൊണ്ടാണ് മസ്ജിദിനുള്ളിലും സ്കൂളിലും ഉണ്ടായിരുന്ന നൂറുകണക്കിന് ആളുകളുടെ ജീവന് രക്ഷിക്കാനായതും വന്‍ ദുരന്തം ഒഴിവായതും. കൊല്ലപ്പെട്ട മൂന്ന് പേരും മുതിര്‍ന്നവരാണ്. സംഭവസമയം ഇസ്ലാമിക് സ്കൂളില്‍ നിരവധി കുട്ടികളുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസകരമായി.
തങ്ങളുടെ ഇസ്ലാമിക് സെന്റര്‍ മുസ്ലിംങ്ങള്‍ അല്ലാത്തവര്‍ക്ക് വരെ ഒന്നിച്ചിരിക്കാനും പ്രാര്‍ത്ഥിക്കാനും പഠിക്കാനുമുള്ള ഒരു പൊതു ഇടമാണെന്നും സമാധാനം പുലരേണ്ട ആരാധനാലയങ്ങള്‍ക്ക് നേരെ ഇത്തരം വിദ്വേഷ ആക്രമണങ്ങള്‍ നടത്തുന്നത് അങ്ങേയറ്റം ഭയാനകവും ദൗര്‍ഭാഗ്യകരവുമാണെന്ന് മസ്ജിദിലെ ഇമാം താഹ ഹസ്സന് പ്രതികരിച്ചു. സാന്‍ ഡിയാഗോയില്‍ വംശീയ വിദ്വേഷത്തിന് ഒട്ടും സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ മേയര്‍ ടോഡ് ഗ്ലോറിയ, നഗരത്തിലെ മുസ്ലിം സമൂഹത്തിന് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുമെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.
സാന്‍ ഡിയാഗോയിലെ വെടിവെപ്പിനെക്കുറിച്ച് തനിക്ക് പ്രാഥമിക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് അങ്ങേയറ്റം നടുക്കുന്നതും ക്രൂരവുമായ ഒന്നാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവനയിലൂടെ പ്രതികരിച്ചു. യുഎസ് കോണ്‍ഗ്രസ് അംഗം സാറാ ജേക്കബ്സ്, കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന് ന്യൂസത്തിന്റെ ഓഫീസ് എന്നിവരും ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. കേസിന്റെ അന്താരാഷ്ട്ര പശ്ചാത്തലവും വിദ്വേഷ സാധ്യതയും കണക്കിലെടുത്ത് പ്രാദേശിക പോലീസിനൊപ്പം എഫ്.ബി.ഐയും സംയുക്തമായി അന്വേഷണത്തില്‍ പങ്കാളികളാകുമെന്ന് എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ അറിയിച്ചു.
സാന്‍ ഡിയാഗോയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലെന്നോണം ന്യൂയോര്‍ക്ക് പോലീസ് നഗരത്തിലെ പ്രമുഖ മസ്ജിദുകള്‍ക്കും ഇസ്ലാമിക് സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
