

കൊച്ചി: മലയാള സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3'യുടെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ തരംഗമായതിന് പിന്നാലെയാണ് തിയറ്ററുകളിൽ ബുക്കിങ് തുടങ്ങിയത്. ആകാംക്ഷയും ത്രില്ലും നിറച്ച ട്രെയിലർ, ജോർജുകുട്ടിയുടെ മൂന്നാം വരവ് ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുമെന്ന സൂചനയാണ് നൽകുന്നത്. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് ചിത്രം തിയറ്ററുകളിലെത്തും.
തന്റെ കുടുംബത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ പറയുന്ന ദൃശ്യം പരമ്പരയിലെ മൂന്നാം ഭാഗം ഏറെ വൈകാരികമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നാലാം ക്ലാസുകാരന്റെ ബുദ്ധിശക്തിയുമായി നിയമത്തിന് മുന്നിൽ സധൈര്യം നിൽക്കുന്ന ജോർജുകുട്ടിക്ക് ഇത്തവണ ചെറിയൊരു പേടിയുണ്ടെന്ന സൂചന ട്രെയിലർ നൽകുന്നുണ്ട്. യു/എ 13+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഏപ്രിൽ രണ്ടിലെ റിലീസ് മെയ് 21ലേക്ക് മാറ്റുകയായിരുന്നു. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന് വൻ ബിസിനസാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. മലയാളം പതിപ്പിന്റെ ആഗോള തിയട്രിക്കൽ, ഡിജിറ്റൽ അവകാശങ്ങൾ ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി.
ബോളിവുഡിലെ പ്രമുഖരായ പെൻ സ്റ്റുഡിയോസ് പനോരമയിലൂടെ ആശിർവാദ് സിനിമാസിൽ 100 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യും. മീന, അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവർക്കൊപ്പം ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, ഇർഷാദ്, ഗണേഷ് കുമാർ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. മെയ് 21ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ജോർജുകുട്ടിയുടെ വിധി അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.