
എഡ്ജ്ബാസ്റ്റൺ: വനിതാ ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ മികച്ച സ്കോർ ഉയർത്തി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. തകർച്ചയോടെ തുടങ്ങിയ ഇന്ത്യയെ അർധസെഞ്ചുറി നേടിയ ഓപ്പണർ സ്മൃതി മന്ദാനയും (68) ക്യാപ്റ്റൻ ഹർമൻപ്രീതും (36) ചേർന്ന് കരകയറ്റുകയായിരുന്നു. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത വിക്കറ്റ് കീപ്പർ റിച്ച ഘോഷ് (34) ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് പവർപ്ലേയിൽ കടുത്ത തിരിച്ചടിയാണ് നേരിട്ടത്. ആദ്യ 4 ഓവർ പൂർത്തിയാകുമ്പോൾ 20 റൺസിന് 2 വിക്കറ്റ് എന്ന നിലയിലായിരുന്നു ടീം. ഒരു സിക്സറടിച്ച് തകർപ്പൻ തുടക്കമിട്ട ഓപ്പണർ ഷഫാലി വർമയെ ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. സാദിയ ഇഖ്ബാലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ മുനീബ അലിക്ക് ക്യാച്ച് നൽകി 6 റൺസോടെയാണ് ഷഫാലി മടങ്ങിയത്. തുടർന്ന് ക്രീസിലെത്തിയ ജെമീമ റോഡ്രിഗസിനും (1) അധികനേരം പിടിച്ചുനിൽക്കാനായില്ല. തസ്മിയ റുബാബിന്റെ പന്തിൽ നതാലിയ പർവേസിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. 18 റൺസെടുക്കുന്നതിനിടെ രണ്ട് മുൻനിര വിക്കറ്റുകൾ നഷ്ടമായി പതറിയ ഇന്ത്യയെ പിന്നീട് ഒത്തുചേർന്ന സ്മൃതി മന്ഥനയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ചേർന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 63 പന്തിൽ 91 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. 44 പന്തിൽ 9 ഫോറും 2 സിക്സും ഉൾപ്പെടെ 68 റൺസെടുത്ത സ്മൃതിയെ രാമീൻ ഷമീമാണ് പുറത്താക്കിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് 36 റൺസെടുത്ത് പുറത്തായി. ഭാരതി ഫുൽമാലി (1) നിരാശപ്പെടുത്തിയെങ്കിലും അവസാന ഓവറുകളിൽ തകർത്തടിച്ച റിച്ച ഘോഷ് ഇന്ത്യയെ 150 കടത്തുകയായിരുന്നു. 17 പന്തിൽ 5 ഫോറും ഒരു സിക്സറുമടക്കം 34 റൺസായിരുന്നു താരത്തിണ്റ്റെ സമ്പാദ്യം. ദീപ്തി ശർമ 12 റൺസോടെ പുറത്താകാതെ നിന്നു. പാക്കിസ്ഥാനായി സാദിയ ഇഖ്ബാലും ക്യാപ്റ്റൻ ഫാത്തിമ സനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തിൽ ടോസ് സമയത്ത് പാക് ക്യാപ്റ്റൻ ഫാത്തിമ സനയും ഹർമൻപ്രീതും പരസ്പരം ഹസ്തദാനം നൽകാതിരുന്നത് മൈതാനത്ത് വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം മുൻപും തുടർന്നുവരുന്ന ഈ രീതി ഇത്തവണയും ക്യാപ്റ്റൻമാർ ആവർത്തിക്കുകയായിരുന്നു.
ടീം ലൈനപ്പ്:
ഇന്ത്യ: സ്മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ഭാരതി ഫുൽമാലി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ, ശ്രീ ചരണി, ക്രാന്തി ഗൗഡ്.
പാക്കിസ്ഥാൻ: ഗുൽ ഫിറോസ, മുനീബ അലി (വിക്കറ്റ് കീപ്പർ), ആയിഷ സഫർ, സൈറ ജബീൻ, ആലിയ റിയാസ്, നതാലിയ പർവേസ്, ഫാത്തിമ സന (ക്യാപ്റ്റൻ), രാമീൻ ഷമീം, നഷ്റ സന്ധു, തസ്മിയ റുബാബ്, സാദിയ ഇഖ്ബാൽ.
