
ന്യൂഡൽഹി: വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ ബാറ്റിങ് പരിശീലകനായി യുവരാജ് ചുമതലയേറ്റേക്കുമെന്ന് റിപ്പോർട്ടുകൾ. 2007 ടി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും പ്ലെയർ ഓഫ് ദി ടൂർണമെന്റായ യുവരാജ്, നിലവിൽ ശുഭ്മൻ ഗിൽ, അഭിഷേക് ശർമ തുടങ്ങിയ യുവതാരങ്ങളുടെ മെന്ററായി പ്രവർത്തിക്കുകയാണ്. ഐപിഎൽ ടീമിന്റെ ഔദ്യോഗിക പരിശീലക സ്ഥാനത്ത് യുവരാജ് എത്തുന്നതും ഇതാദ്യമാകും.
2019ൽ മുംബൈ ഇന്ത്യൻസിനുവേണ്ടിയാണ് യുവരാജ് അവസാനമായി ഐപിഎൽ കളിച്ചത്. 132 മത്സരങ്ങൾ അദ്ദേഹം ലീഗിൽ പൂർത്തിയാക്കിയിട്ടുണ്ട്. ഉടമ്പടി പ്രകാരം 2027, 2028 സീസണുകളിൽ ജെഎസ്ഡബ്ല്യു ഗ്രൂപ്പായിരിക്കും ഡൽഹി ക്യാപിറ്റൽസിന്റെ മാനേജ്മെന്റ് കൈകാര്യം ചെയ്യുക. ഇതോടെ പരിശീലക നിരയിൽ വലിയ അഴിച്ചുപണികൾ ഉണ്ടാകും. ജിഎംആർ ഗ്രൂപ്പ് നിയമിച്ച നിലവിലെ പരിശീലകരായ വേണുഗോപാൽ റാവു, ഹേമംഗ് ബദാനി, മുനാഫ് പട്ടേൽ എന്നിവർക്ക് പകരം പുതിയ സപ്പോർട്ട് സ്റ്റാഫ് എത്തും.
ജിഎംആറും ജെഎസ്ഡബ്ല്യുവും രണ്ട് വർഷം വീതം മാറിമാറിയാണ് ഡൽഹി ക്യാപിറ്റൽസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും പ്ലേ-ഓഫിൽ കടക്കാൻ ടീമിന് സാധിച്ചിരുന്നില്ല. താരലേലത്തിലെ പിഴവുകളും തന്ത്രങ്ങളും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൗരവ് ഗാംഗുലിയുടെ താൽപര്യപ്രകാരം യുവരാജിനെ ടീമിലെത്തിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചതെന്നാണ് സൂചന. ഗാംഗുലിയുമായി മുൻപ് മികച്ച ബന്ധം പുലർത്തിയിരുന്ന താരമാണ് യുവരാജ്.
നിലവിൽ ഡയറക്ടർ ഓഫ് ക്രിക്കറ്റ് എന്ന നിലയിൽ ജെഎസ്ഡബ്ല്യുവിന്റെ മറ്റ് ഫ്രാഞ്ചൈസികളുടെ ചുമതല കൂടി വഹിക്കുന്ന ഗാംഗുലിക്ക് കീഴിൽ, യുവരാജ് പുരുഷ ടീമിന്റെ ബാറ്റിങ് പരിശീലനത്തിൽ മാത്രമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിനിടെ, ലഖ്നൗ സൂപ്പർ ജയന്റ്സ് വിടാനൊരുങ്ങുന്ന റിഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസിലേക്ക് തിരികെ എത്തിക്കാനുള്ള ചർച്ചകളും ടീം മാനേജ്മെന്റ് നടത്തുന്നതായാണ് വിവരം. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത വരും.
