
കാഠ്മണ്ഡു: നേപ്പാൾ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് നേപ്പാൾ ടൂറിസം ബോർഡ്. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് കുറയ്ക്കാൻ നേപ്പാൾ നീക്കം നടത്തുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി. മാധ്യമങ്ങളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്ന തെറ്റായ വിവരങ്ങളിൽ ടൂറിസം ബോർഡ് ഗൗരവമായ ആശങ്ക രേഖപ്പെടുത്തി.
നേപ്പാൾ-ഇന്ത്യ അതിർത്തി കടക്കുന്ന ഇന്ത്യക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയെന്നും, താമസസൗകര്യം 30 ദിവസമായി പരിമിതപ്പെടുത്തിയെന്നും, കാലാവധി കഴിഞ്ഞാൽ വാഹനങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിട്ടെന്നുമുള്ള റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ വിനോദസഞ്ചാരികളുടെ താമസ കാലയളവ് നിയന്ത്രിക്കാൻ നേപ്പാൾ സർക്കാർ പുതിയ നയങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള തുറന്ന അതിർത്തി സംവിധാനത്തിലോ ഉഭയകക്ഷി ധാരണകളിലോ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ജനകീയ ബന്ധവും സാംസ്കാരിക വിനിമയവും ടൂറിസം സഹകരണവും പഴയതുപോലെ തന്നെ ശക്തമായി തുടരുമെന്നും നേപ്പാൾ വ്യക്തമാക്കി. കരമാർഗ്ഗം സ്വന്തം വാഹനങ്ങളിൽ നേപ്പാളിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കായി പുതിയ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ധനമന്ത്രാലയത്തിന് കീഴിലുള്ള കസ്റ്റംസ് വകുപ്പ് വികസിപ്പിച്ച ഈ ഡിജിറ്റൽ സംവിധാനം വഴി വിദേശ വാഹനങ്ങൾക്ക് താത്കാലിക എൻട്രി പെർമിറ്റുകളും നികുതി അടയ്ക്കലും പൂർണ്ണമായും ഓൺലൈനായി പൂർത്തിയാക്കാം.
അതിർത്തിയിലെ നടപടിക്രമങ്ങൾ ലഘൂകരിക്കാനും യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കാനുമാണ് ഈ പരിഷ്കാരം നടപ്പിലാക്കിയത്. ഇന്ത്യൻ സഞ്ചാരികൾക്ക് എന്നും സുരക്ഷിതവും സൗഹൃദപരവുമായ ഇടമായിരിക്കും നേപ്പാളെന്ന് ടൂറിസം ബോർഡ് ഉറപ്പുനൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും കാത്തുസൂക്ഷിച്ചുകൊണ്ട് തടസ്സങ്ങളില്ലാത്ത അതിർത്തി കടന്നുള്ള യാത്രയും സുസ്ഥിരമായ ടൂറിസവുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
