

മുംബൈ: ഉത്തേജക മരുന്ന് പരിശോധനയുമായി സഹകരിക്കാത്ത ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരങ്ങളായ യശസ്വി ജയ്സ്വാളിനും ഷഫാലി വര്‍മയ്ക്കും ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) നോട്ടീസ് അയച്ചു. നിശ്ചയിച്ച പരിശോധനയ്ക്ക് താരങ്ങള്‍ ഹാജരാകാതിരുന്നതും തുടര്‍ന്ന് നാഡ ആവശ്യപ്പെട്ട വിശദീകരണം നല്കാതിരുന്നതുമാണ് നടപടിക്ക് കാരണമായത്. നാഡയുടെ രജിസ്റ്റേര്‍ഡ് ടെസ്റ്റിങ് പൂളിന്റെ (ആര്‍ടിപി) ഭാഗമായ ഇരു താരങ്ങളും തങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ഏജന്‍സിക്ക് നല്കുന്നതില് വീഴ്ച വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ചട്ടപ്രകാരം ആര്‍ടിപിയുടെ ഭാഗമായ കായികതാരങ്ങള്‍ ഓരോ ദിവസവും പരിശോധനയ്ക്ക് ലഭ്യമാകുന്ന സമയവും സ്ഥലവും നാഡയെ മുന്‍കൂട്ടി അറിയിക്കണം. ഇതനുസരിച്ച് ഡോപിങ് കണ്ട്രോള് ഓഫീസര്‍മാര്‍ സാമ്പിള്‍ ശേഖരിക്കാനായി എത്തുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിന് ഷഫാലി വര്‍മ നല്കിയ ലൊക്കേഷനില്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും താരത്തെ അവിടെ കണ്ടെത്താനായില്ല. സമാനമായ രീതിയില്‍ ഡിസംബര്‍ 17-ന് ജയ്സ്വാളിന്റെ ലൊക്കേഷനില്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴും താരം അവിടെ ഉണ്ടായിരുന്നില്ല. ഈ രണ്ട് സംഭവങ്ങളിലും താരങ്ങള്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതായാണ് നാഡ രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഈ വര്‍ഷം ഫെബ്രുവരിയില്‍ നാഡ താരങ്ങളെ സമീപിച്ചിരുന്നെങ്കിലും ജയ്സ്വാളും ഷഫാലിയും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് നാഡ അടുത്ത ഘട്ട നടപടികളിലേക്ക് നീങ്ങിയതും ഇക്കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും (ബിസിസിഐ) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെയും (ഐസിസി) ഔദ്യോഗികമായി അറിയിച്ചതും. നോട്ടീസ് ലഭിച്ച കാര്യത്തില്‍ ബിസിസിഐ വൃത്തങ്ങള്‍ സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. ഏഴു ദിവസത്തിനകം കൃത്യമായ വിശദീകരണം നല്കാന് താരങ്ങള്‍ക്ക് ഏജന്‍സി സമയം അനുവദിച്ചിട്ടുണ്ട്.
ഉത്തേജക വിരുദ്ധ നിയമങ്ങള്‍ അനുസരിച്ച് 12 മാസത്തിനിടയില്‍ മൂന്ന് തവണ പരിശോധനയ്ക്ക് ഹാജരാകാതിരിക്കുന്നത് ഗുരുതരമായ ചട്ടലംഘനമായാണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ വീഴ്ച സംഭവിക്കുകയും താരങ്ങള്‍ക്ക് നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ രണ്ട് വര്‍ഷം വരെ വിലക്ക് നേരിടേണ്ടി വരും. ജയ്സ്വാളിനെയും ഷഫാലിയെയും സംബന്ധിച്ച് ഇതാദ്യത്തെ വീഴ്ചയായതിനാല്‍ നിലവില്‍ വിലക്ക് ഭീഷണിയില്ല. എങ്കിലും ഭാവിയില്‍ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന നിലപാടിലാണ് ബിസിസിഐ.
ക്രിക്കറ്റ് ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഉത്തേജക വിരുദ്ധ പ്രോട്ടോക്കോളുകള്‍ കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കേണ്ടതുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് 2019-ല്‍ പൃഥ്വി ഷാ ഉപയോഗിച്ച കഫ് സിറപ്പില്‍ നിരോധിത പദാര്‍ത്ഥം കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തിന് എട്ടു മാസത്തെ വിലക്ക് നേരിടേണ്ടി വന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഉദിച്ചുയരുന്ന താരങ്ങളായ ജയ്സ്വാളും ഷഫാലിയും ഇത്തരം നിയമപരമായ നടപടികളില്‍ ഉള്‍പ്പെട്ടത് ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.