
ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ ക്യാപ്റ്റനായി വി.ഡി. സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദിവസങ്ങള്‍ നീണ്ടുനിന്ന നാടകീയമായ ചര്‍ച്ചകള്‍ക്കും അധികാര വടംവലികള്‍ക്കും വിരാമമിട്ട് എഐസിസി ആസ്ഥാനത്ത് വെച്ച് ദീപ ദാസ് മുന്‍ഷിയാണ് സതീശന്റെ പേര് പ്രഖ്യാപിച്ചത് പല വിധ സാധ്യതകള്‍ പരിശോധിച്ച ശേഷം. പത്തുവര്‍ഷത്തെ പിണറായി സര്‍ക്കാരിന് അന്ത്യം കുറിച്ച് 102 സീറ്റുമായി അധികാരത്തിലേറിയ യുഡിഎഫിനെ ഇനി സതീശന് നയിക്കും. എംഎല്‍എമാരില്‍ ഭൂരിഭാഗം പേരുടെയും പിന്തുണ കെ.സി. വേണുഗോപാലിന് ആയിരുന്നിട്ടും, സംസ്ഥാനത്തെ പൊതുവികാരവും ഘടകക്ഷികളുടെ ഉറച്ച നിലപാടും സതീശനെ ഭരണസിംഹാസനത്തിലേക്ക് എത്തിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ഒരുപോലെ അവകാശവാദം ഉന്നയിച്ചതോടെ പാര്‍ട്ടിക്കുള്ളിലെ മത്സരം തെരുവിലേക്കെത്തുന്ന കാഴ്ചയാണ് കണ്ടത്. നേതാക്കളെ പിന്തുണച്ച് ഫ്ളെക്സ് ബോര്‍ഡുകളും പോസ്റ്ററുകളും കേരളത്തിലുടനീളം സ്ഥാപിക്കപ്പെട്ടു. പ്രകടനങ്ങളും പ്രതിഷേധങ്ങളും അണികളുടെ ഭാഗത്തുനിന്നും ഉണ്ടായതോടെ തീരുമാനം എടുക്കുക എന്നത് ഹൈക്കമാന്‍ഡിന് വലിയ വെല്ലുവിളിയായി. സാമൂഹിക മാധ്യമങ്ങളില്‍ സതീശനായി ഉയര്‍ന്ന വലിയ പിന്തുണയും ഈ തീരുമാനത്തെ സ്വാധീനിച്ച പ്രധാന ഘടകമാണ്.
എം.എല്‍.എമാരുടെ അംഗബലത്തില്‍ മുന്നിലായിട്ടും ജനവികാരവും ഉജ്ജ്വല വിജയം സമ്മാനിച്ച നായകന് എന്ന പരിവേഷവും കെ.സി. വേണുഗോപാലിനെ തള്ളി സതീശന് എന്ന പേരിലേക്ക് ഹൈക്കമാന്‍ഡിനെ എത്തിച്ചു. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ സതീശനായി ശക്തമായി നിലകൊണ്ടത് ഹൈക്കമാന്‍ഡിന് അവഗണിക്കാനായില്ല. പ്രത്യേകിച്ച് വയനാട് ലോക്സഭാ മണ്ഡലത്തില്‍ ലീഗിന്റെ പിന്തുണ കോണ്‍ഗ്രസിന് എത്രത്തോളം അനിവാര്യമാണെന്ന യാഥാര്‍ത്ഥ്യം പ്രിയങ്ക ഗാന്ധിയെ ഗൗരവമായി ചിന്തിപ്പിച്ചു. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ വിശ്വസ്ത പങ്കാളികളെ പിണക്കരുതെന്ന പ്രിയങ്കയുടെ നിലപാട് സതീശന് തുണയായി.
നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും എം.എല്‍.എമാരുമായും ഘടകകക്ഷി നേതാക്കളുമായും നടത്തിയ ചര്‍ച്ചകളുടെ റിപ്പോര്‍ട്ട് ഇന്ന് രാവിലെ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വിലയിരുത്തിയിരുന്നു. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം സതീശനെ മാറ്റുന്നത് മുന്നണിയുടെ ഐക്യത്തെ ബാധിക്കുമെന്ന ഭയം ഹൈക്കമാന്ഡിനുണ്ടായിരുന്നു. സമുദായ സമവാക്യങ്ങള്‍ കൊണ്ട് രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍ നോക്കിയ എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ളവരുടെ അവസാനവട്ട നീക്കങ്ങള്‍ പാളിയതും സതീശന്റെ പദവിക്ക് ഔദ്യോഗിക സ്ഥിരീകരണമേകി.
അധികാരത്തിന്റെ കടിഞ്ഞാണ്‍ കയ്യിലെത്തുമ്പോള്‍ സതീശന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി പാര്‍ട്ടിക്കുള്ളിലെയും മുന്നണിക്കുള്ളിലെയും വ്യത്യസ്ത ധ്രുവങ്ങളെ ഒരുമിപ്പിക്കുക എന്നതാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ ഭരണപരമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തന്നെ, തന്നെ പിന്തുണച്ച ഘടകകക്ഷികളെയും പാര്‍ട്ടിക്കുള്ളിലെ അതൃപ്തരായ നേതാക്കളെയും കൂടെനിര്‍ത്തേണ്ട വലിയ ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. ഡാറ്റാ രാഷ്ട്രീയത്തിന്റെയും ക്രിയാത്മക ഭരണശൈലിയുടെയും വക്താവായ സതീശന്, ഭരണകൂടത്തിന്റെ സുതാര്യത ഉറപ്പാക്കുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.
വിവാദങ്ങളെ വസ്തുതകള്‍ കൊണ്ട് നേരിടുന്ന സതീശന് ശൈലി കേരളത്തിന്റെ വികസന കാര്യങ്ങളിലും പ്രതിഫലിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സ്പ്രിങ്ക്ളര്‍ മുതല്‍ ലൈഫ് മിഷന് വരെ നീളുന്ന അഴിമതികള്‍ക്കെതിരെ പോരാടിയ വ്യക്തി എന്ന നിലയില്‍, അഴിമതിരഹിതമായ ഒരു സിസ്റ്റം കെട്ടിപ്പടുക്കുകയാകും അദ്ദേഹത്തിന്റെ പ്രഥമ പരിഗണന. പക്വതയാര്‍ന്ന പെരുമാറ്റവും കുറിക്കു കൊള്ളുന്ന വാക്കുകളുമായി സതീശന് കേരളത്തെ നയിക്കുമ്പോള്‍, അത് യുഡിഎഫിന് പുതിയൊരു ജീവന് നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. നിലപാടുകളുടെ കരുത്തില്‍ ഹൈക്കമാന്‍ഡിനെ പോലും ബോധ്യപ്പെടുത്തി മുഖ്യമന്ത്രി സ്ഥാനത്തെത്തിയ സതീശന്, വരുംകാല കേരള രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു.
