
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷം പത്തു ദിവസം പിന്നിടുമ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് നിശ്ചയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ മെല്ലെപ്പോക്കിനെതിരെ യുഡിഎഫ് ക്യാമ്പുകളില്‍ അമര്‍ഷം പുകയുന്നു. വോട്ടെണ്ണല്‍ ദിവസം പ്രവര്‍ത്തകരാല്‍ നിറഞ്ഞൊഴുകിയ തിരുവനന്തപുരം ഇന്ദിരാ ഭവന് ഇന്ന് ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്. ആഘോഷങ്ങള്‍ക്കായി ഒരുക്കിയിരുന്ന കൂറ്റന്‍ സ്ക്രീനുകളും പന്തലുകളും ഒഴിഞ്ഞുകിടക്കുന്നത് വിജയത്തിന് ശേഷമുണ്ടായ മരവിപ്പിന്റെ അടയാളമായി മാറിക്കഴിഞ്ഞു. മുന്‍പ് പ്രവര്‍ത്തകരുടെ വലിയ ഒഴുക്ക് ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ ചില ജനറല്‍ സെക്രട്ടറിമാര്‍ മാത്രമാണ് എത്തുന്നത്. ഓരോ ദിവസവും ചാനല്‍ വാര്‍ത്തകള്‍ നോക്കി തീരുമാനം വരുമെന്ന് കരുതി കാത്തിരിക്കുന്ന പ്രവര്‍ത്തകര്‍ നിരാശരാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്, രമേശ് ചെന്നിത്തല എന്നീ മൂന്ന് നേതാക്കളുടെ പേരുകളാണ് സജീവമായി പരിഗണിക്കപ്പെടുന്നത്. നിയമസഭാകക്ഷിയില്‍ ഭൂരിപക്ഷം കെ.സി. വേണുഗോപാലിനാണെങ്കിലും, വി.ഡി. സതീശന് അനുകൂലമായ പൊതുജനാഭിപ്രായവും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളുടെ നിലപാടും ഹൈക്കമാന്‍ഡിനെ കുഴപ്പിക്കുന്നു. രമേശ് ചെന്നിത്തലയുടെ സീനിയോറിറ്റിയും അവഗണിക്കാന്‍ കഴിയാത്ത ഘടകമാണ്. ഇന്ന് വൈകീട്ട് 5:30-ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ രാഹുല്‍ ഗാന്ധിയുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പൂര്‍ത്തിയായിട്ടുണ്ട്.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച അന്തിമ ആശയവിനിമയം രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മിലായിരിക്കും നടക്കുക. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ അഭിപ്രായങ്ങളും എ.ഐ.സി.സി നിരീക്ഷകര്‍ നല്കിയ റിപ്പോര്‍ട്ടും പരിഗണിച്ചായിരിക്കും പതിനാറാം നിയമസഭയിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത്. മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗിന്റെ നിലപാടും ഹൈക്കമാന്‍ഡ് ഗൗരവമായി കണക്കിലെടുക്കുന്നുണ്ട്. ഇന്ന് രാത്രിയോടുകൂടി പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിയമസഭാകക്ഷിയില്‍ ഭൂരിപക്ഷം കെ.സി. വേണുഗോപാലിനാണെങ്കിലും വി.ഡി. സതീശന് അനുകൂലമായി മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ രംഗത്തുവന്നതും പൊതുജനാഭിപ്രായം രൂപപ്പെട്ടതുമാണ് പ്രഖ്യാപനം വൈകാന്‍ കാരണം. ചെന്നിത്തലയുടെ സീനിയോറിറ്റിയും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ നേതൃത്വത്തിന്റെ പരിഗണനാവിഷയമാണ്.
കേരളാ മുഖ്യമന്ത്രി ആരെന്നതില്‍ ഹൈക്കമാന്‍ഡ് ഒറ്റപ്പേരിലേക്ക് എത്തിയെന്ന് സൂചന. ഇന്നു വൈകിട്ട് 5:30നു നടക്കുന്ന രാഹുല്‍ ഗാന്ധിമല്ലികാര്‍ജുന്‍ ഖര്‍ഗെ കൂടിക്കാഴ്ചക്ക് ശേഷമാകും അന്തിമ പ്രഖ്യാപനം. കേരളത്തില്‍ ഉരുത്തിരിഞ്ഞ പ്രതിഷേധങ്ങള്‍ അടക്കം തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം നീളുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നു നേതാക്കളെയും ഉള്‍ക്കൊണ്ടുള്ള ഫോര്‍മുലയാകും ഹൈക്കമാന്‍ഡ് അവതരിപ്പിക്കുക എന്നാണ് വിവരം. അതിനിടെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം തിരുവനന്തപുരത്ത് വച്ച് നടന്നേക്കുമെന്നും അഭ്യൂഹം പരന്നു. ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായെന്നും മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഏതാനും പ്രവര്‍ത്തകരും നേതാക്കളും ഇന്ദിരാഭവനില്‍ എത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വീട്ടിലും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും സുഹൃത്തുക്കളും പ്രഖ്യാപനം കാത്തിരിക്കുകയാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നിലവില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. എപ്പോഴും കൃത്യമായ നിലപാട് വ്യക്തമാക്കാറുള്ള കെ. മുരളീധരന് പോലും മൗനം പാലിക്കുന്നത് സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നു. ഒന്നാം നമ്പര്‍ കാറില്‍ ആരെത്തുമെന്ന് കാത്തിരിക്കുന്ന ഭരണസിരാകേന്ദ്രത്തിനും ജനങ്ങള്‍ക്കും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്ന് ഒരു തീരുമാനം ഇന്നതുന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒമ്പത് ദിവസമായിട്ടും ഭരണത്തലവനെ നിശ്ചയിക്കാത്തത് ഘടകക്ഷികളെയും അണികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു. മുസ്ലിം ലീഗിന് പിന്നാലെ ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന് എംപിയും പരസ്യമായി അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തി. കാലതാമസം വോട്ടര്‍മാര്‍ക്കിടയില്‍ വലിയ നിരാശയുണ്ടാക്കുന്നുവെന്നും മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഡല്‍ഹിയില്‍നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൂര്‍ണപ്രതീക്ഷയിലാണ് മൂന്ന് നേതാക്കളുടെയും ക്യാംപുകള്‍. തങ്ങള്‍ക്ക് അനുകൂല തീരുമാനമുണ്ടാകുമെന്ന് കെ.സി.വേണുഗോപാലിന്റെയും വി.ഡി.സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനിടെ ഡല്‍ഹിയില്‍ തുടരുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ വസതിക്ക് മുന്നില്‍ രണ്ട് പോസ്റ്ററുകള്‍ ഉയര്‍ന്നിട്ടുണ്ട്. 'ലോബി 51' എന്ന അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ വച്ച പോസ്റ്ററില്‍ കേരളത്തിലെ വിജയത്തെ പറ്റിയാണ് പരാമര്‍ശിക്കുന്നത്. പോസ്റ്ററില്‍ കെ.സി.വേണുഗോപാലിന്റെ ചിത്രവുമുണ്ട്. കേരളത്തില്‍ നിന്നുള്ള മറ്റു നേതാക്കളുടെ ചിത്രങ്ങളൊന്നും പോസ്റ്ററിലില്ല. നിലവില്‍ ഡല്‍ഹിയിലെ കെസിയുടെ വസതിയില്‍ നേതാക്കളാരുമില്ല. മാധ്യമപ്രവര്‍ത്തകരുടെ വലിയ നിര തന്നെ അദ്ദേഹത്തിന്റെ വീടിന് മുന്നിലുണ്ട്.
